ഒളിമ്പ്യൻ അച്ഛന്റെ ഇതിഹാസ ജീവിതകഥയുമായി മകൾ
text_fieldsദോഹ: സുമ മഹേഷ് ഗൗഡ എന്ന പേര് ഖത്തറിലെ ഇന്ത്യൻ സമൂഹത്തിനിടയിൽ അപരിചിതമല്ല. സാമൂഹിക പ്രവർത്തകയായും ഇന്ത്യൻ എംബസി അനുബന്ധ സംഘടനകളിലുമെല്ലാമായി കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി സജീവമാണ് ഈ ബംഗളൂരുകാരി.
എന്നാൽ, ഇന്ത്യൻ ഫുട്ബാളിലെ എക്കാലത്തെയും മികച്ച മധ്യനിര താരമായ ഒളിമ്പ്യൻ മാരിയപ്പ കെംപയ്യ എന്ന അച്ഛന്റെ മകളായി അറിയപ്പെടാനാണ് 15 വർഷത്തിലേറെയായി ഖത്തർ പ്രവാസിയായ സുമ മഹേഷ് ഗൗഡക്ക് ഇഷ്ടം. ഇന്ത്യൻ ഫുട്ബാളിലെ പുതുതലമുറ വിസ്മരിച്ചു തുടങ്ങിയ ഇതിഹാസ താരത്തിന്റെ ജീവിതവും ഫുട്ബാളുമെല്ലാം ഒരു പുസ്തകത്തിൽ അടുക്കിവെച്ച് അദ്ദേഹത്തിന്റെ മരണത്തിന് 15 വർഷത്തിനുശേഷം വായനക്കാരിലെത്തിക്കുകയാണ് മകൾ.
എം.കെംപയ്യ എന്ന പേരിൽ അറിയപ്പെടുന്ന ഇന്ത്യൻ ഫുട്ബാളിലെ ഉരുക്കുമനുഷ്യന്റെ മൂന്നു മക്കളിൽ രണ്ടാമത്തെയാളാണ് സുമ മഹേഷ് ഗൗഡ. കഴിഞ്ഞ ഏഴു മാസത്തിലേറെയായി ഇന്ത്യയിൽ വിവിധ ഇടങ്ങളിൽ സഞ്ചരിച്ചും പഴയകാല ഫുട്ബാൾ ലേഖകരെയും ആരാധകരെയും കണ്ടും അച്ഛന്റെ കൂട്ടുകാരുമായി സംസാരിച്ചുമെല്ലാം എഴുതിയ ജീവിതകഥ വ്യാഴാഴ്ച ദോഹയിൽ പ്രൗഢഗംഭീരമായ ചടങ്ങിൽ പ്രകാശനം ചെയ്യും. ഇന്ത്യൻ ഫുട്ബാളിന്റെ വർത്തമാനവും ഭാവിയും ഏറെ ചർച്ച ചെയ്യപ്പെടുന്ന നാളിൽതന്നെയാണ് ഒളിമ്പിക്സ് സെമി ഫൈനലിലെത്തിയും അന്താരാഷ്ട്ര വേദികളിൽ തിളങ്ങുകയും ചെയ്ത ഇന്ത്യയുടെ സുവർണകാലത്തെ സൂപ്പർ താരത്തിന്റെ കഥയുമായി മകളെത്തുന്നതും. ‘ഒളിമ്പ്യൻ എം. കെംപയ്യ; ലെജൻഡറി മിഡ്ഫീൽഡർ ഓഫ് ഇന്ത്യൻ ഫുട്ബാൾ’ എന്ന പേരിൽ സുമ മഹേഷ് ഗൗഡ എഴുതിയ പുസ്തകം റാഡിസൻ ബ്ലൂ ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ പ്രകാശനം നിർവഹിക്കും.
എഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ ജനറൽ സെക്രട്ടറി ഡാറ്റക് വിൻഡ്സർ ജോൺ ആണ് ഇന്ത്യൻ ഫുട്ബാൾ സമ്മാനിച്ച സൂപ്പർ മിഡ്ഫീൽഡറുടെ ജീവിതകഥ പ്രകാശനം നിർവഹിക്കുന്നത്. ചടങ്ങിൽ മുതിർന്ന സ്പോർട്സ് ജേണലിസ്റ്റും ഇൻസൈഡ് ഖത്തർ മാനേജിങ് എഡിറ്ററുമായ രവികുമാർ, ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡന്റ് ഇ.പി അബ്ദുൽറഹ്മാൻ, ഒളിമ്പ്യൻ കെംപയ്യയുടെ മറ്റുമക്കളായ മഞ്ജുള ചന്ദ്രശേഖർ, ശ്രീനിവാസ് കെംപയ്യ എന്നിവരും പങ്കെടുക്കും. സാമൂഹിക സേവന മേഖലയിലെ മികവിന് ഗൾഫ് മാധ്യമം ‘ഷി ക്യൂ’ എക്സലൻസ് പുരസ്കാര ജേതാവ് കൂടിയാണ് സുമ മഹേഷ് ഗൗഡ.
എം. കെംപയ്യ; ഇന്ത്യൻ ഫുട്ബാളിലെ ഉരുക്കു മനുഷ്യൻ
കളത്തിൽ ഓടിത്തളരുന്ന ഇന്ത്യൻ ഫുട്ബാൾ താരങ്ങളുടെ കായികശേഷിയെക്കുറിച്ച് ആവലാതിപ്പെടുന്ന ഇക്കാലത്ത് ഒളിമ്പ്യൻ കെംപയ്യയുടെ ജീവിതം വലിയ സന്ദേശമാണ്. ഇന്ത്യൻ ഫുട്ബാളിലെ എക്കാലത്തെയും കരുത്തനായ മധ്യനിര താരമെന്നാണ് എം. കെംപയ്യയെ വിശേഷിപ്പിക്കുന്നത്.
1963ൽ എസ്.എ. റഹീമിന്റെ മരണത്തിനു പിന്നാലെ ഇന്ത്യൻ ടീമിന്റെ പരിശീലകനായെത്തിയ ഇംഗ്ലീഷുകാരനായ ഹാരി റൈറ്റ് കടുത്ത വ്യായാമംകൊണ്ട് ഏറെ പ്രശസ്തനായിരുന്നു. ഓരോ പ്രാക്ടീസ് സെഷനും മുമ്പേ ടീം അംഗങ്ങളെ അദ്ദേഹം നിരവധി തവണ മൈതാനത്തിന് ചുറ്റും ഓടിക്കും.
എല്ലാവരും തളരുമ്പോഴും ക്ഷീണിക്കാതെ ഓടുന്ന കെംപയ്യ കോച്ചിനെയും ഞെട്ടിച്ചു. അക്കാലത്ത് ഇംഗ്ലണ്ടിൽ കളിക്കുന്ന ഏത് താരത്തെക്കാളും മികച്ച ശാരീരിക ക്ഷമതയുള്ള താരമെന്നായിരുന്നു ഹാരി റൈറ്റ് കെംപയ്യയെ വിശേഷിപ്പിച്ചത്. ഇന്ത്യൻ ഫുട്ബാളിലെ സുവർണകാലത്ത് മധ്യനിര ചലിപ്പിച്ച താരമായാണ് കെംപയ്യയെ ഫുട്ബാൾ ചരിത്രകാരന്മാർ പരിചയപ്പെടുത്തുന്നത്. ചുനി ഗോസ്വാമി, പി.കെ. ബാനർജി, ജർണയ്ൽ സിങ്, ടി ബാലറാം, യൂസുഫ് ഖാൻ, പീറ്റർ തങ്കാരാജ് എന്നിവർക്കും മുമ്പേ പ്ലെയിങ് ഇലവനിൽ കോച്ച് എസ്.എ റഹീം ആദ്യമെഴുതുന്ന പേര് എം. കെംപയ്യ എന്നായിരുന്നു. ഫിറ്റ്നസിലും കളിമികവിലും കോച്ചിന് നൂറുശതമാനം വിശ്വാസമുള്ള താരം. 1932 മാർച്ച് നാലിന് ബാംഗ്ലൂരിൽ ജനിച്ച മാരിയപ്പ കെംപയ്യ 1950ൽ ബാംഗ്ലൂർ മുസ്ലിംസ് ക്ലബിലൂടെയാണ് പ്രഫഷണൽ ഫുട്ബാളിലെത്തുന്നത്.
ആറു വർഷത്തിനുശേഷം ഇന്ത്യൻ ഫുട്ബാളിന്റെ പറുദീസയായ കൊൽക്കത്തയിലേക്ക് കൂടുമാറിയ താരം അവരുടെ പ്രിയപ്പെട്ട താരമായി മാറി. ഒരുവർഷം ഈസ്റ്റ് ബംഗാളിലും പിന്നീട് 1957 മുതൽ 1965 വരെ നീണ്ടകാലം മോഹൻ ബഗാനിലുമായി പന്തുതട്ടി. ഡ്യൂറന്റ് കപ്പ്, ഐ.എഫ്.എ ഷീൽഡ്, കൽക്കത്ത ഫുട്ബാൾ ലീഗ് തുടങ്ങി ക്ലബ് കിരീടങ്ങളിലേക്ക് ബഗാനെ നയിച്ചു. 1953 മുതൽ 1965 വരെയായിരുന്നു ഇന്ത്യൻ ദേശീയ ടീമിന്റെ ജഴ്സിയണിഞ്ഞത്. ഇന്ത്യൻ ഫുട്ബാൾ ഇന്നും ആവേശത്തോടെ ഓർക്കുന്ന 1956 മെൽബൺ ഒളിമ്പിക്സിൽ സെമി ഫൈനൽ വരെയെത്തിയ ടീമിന്റെ പ്രകടനത്തിൽ മധ്യനിരയിൽ നായകനായത് അന്ന് 24കാരനായ കെംപയ്യയായിരുന്നു.
നെവിൽ ഡിസൂസ നേടിയ ഗോളുകൾക്ക് പിന്നിൽ നീക്കങ്ങളുമായി അദ്ദേഹം തിളങ്ങി. കരിയർ അവസാനിപ്പിക്കും വരെ, ടീമിലെ യുവതാരങ്ങളെക്കാൾ കായികക്ഷമതയും കരുത്തും നിലനിർത്തുന്ന താരമെന്ന പ്രത്യേകതയും അദ്ദേഹത്തിനുണ്ടായിരുന്നു.1965ൽ കരിയർ അവസാനിപ്പിച്ചശേഷം കുടുംബ ജീവിതത്തിലേക്ക് പ്രവേശിച്ച കെംപയ്യക്ക് നെഞ്ചമ്മ ഭാര്യയായെത്തി. 2008ലായിരുന്നു അന്ത്യം. 2022ൽ ഭാര്യയും മരണപ്പെട്ടു. അതിനുശേഷമാണ് അച്ഛന്റെ കളിയും ജീവിതവുമെല്ലാം ഉൾക്കൊള്ളുന്ന ജീവിതകഥയെഴുതാൻ ദോഹയിൽ ഇന്റീരിയർ ഡിസൈനറായി ജോലി ചെയ്യുന്ന സുമ മഹേഷ് ഗൗഡ തീരുമാനിക്കുന്നത്.
ഏഴുമാസം കൊണ്ട് രാജ്യത്തിന്റെ പലയിടങ്ങളിൽ സന്ദർശിച്ചു. കൊൽക്കത്ത മോഹൻ ബഗാനിലെത്തി കെംപയ്യയുടെ മകളാണെന്ന് പറഞ്ഞപ്പോൾ ലഭിച്ച ഹൃദ്യമായ സ്വീകരണം അരനൂറ്റാണ്ടിലേറെ കഴിഞ്ഞിട്ടും പഴയ ഫുട്ബാളറോടുള്ള ആ മണ്ണിന്റെ സ്നേഹം പ്രകടിപ്പിക്കുന്നതായിരുന്നെന്ന് സുമ മഹേഷ് ഗൗഡ ഓർക്കുന്നു. പ്രശസ്ത സ്പോർട്സ് ജേണലിസ്റ്റ് ശ്യാം സുന്ദർ ഘോഷ്, കൊൽക്കത്തയിലെ ആരാധകർ എന്നിവരുമായെല്ലാം സംസാരിച്ചും, പഴയ കാല ചിത്രങ്ങൾ ശേഖരിച്ചുമാണ് സുമ അച്ഛനെക്കുറിച്ചുള്ള പുസ്തകം തയാറാക്കിയത്.
ഇംഗ്ലീഷിലുള്ള ജീവിതകഥ ദോഹയിലെ പ്രകാശനത്തിനുശേഷം അച്ഛന്റെ പിറന്നാൾ ദിനമായ മാർച്ച് നാലിന് കൊൽക്കത്തയിലും ബംഗളൂരുവിലും പ്രകാശനം ചെയ്യും. കന്നഡ, ബംഗാളി ഭാഷയിലും പുസ്തകം പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് കുടുംബം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.