തദ്ദേശീയ പച്ചക്കറികൾക്ക് വിപണിയിൽ നേട്ടം
text_fieldsദോഹ: പ്രാദേശിക കർഷകർക്ക് തങ്ങളുടെ ഉൽപന്നങ്ങൾ വിൽപന നടത്തുന്നതിൽ ശ്രദ്ധേയമായ നേട്ടവുമായി മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ വിവിധ വിപണന ഉപാധികൾ. കഴിഞ്ഞ നാലു വർഷത്തിനിടെ പ്രാദേശിക ഉൽപന്നങ്ങളുടെ വിൽപനയിൽ 176 ശതമാനം വളർച്ച നേടാൻ കഴിഞ്ഞുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
പുതിയ ഭക്ഷ്യ ഉൽപാദനത്തിൽ സ്വയം പര്യാപ്തമാകാൻ ലക്ഷ്യമിടുന്ന ദേശീയ ഭക്ഷ്യസുരക്ഷ നയത്തിന്റെ വിജയമാണ് തദ്ദേശീയ ഉൽപന്നങ്ങൾക്ക് സ്വന്തം വിപണി കണ്ടെത്തുന്നതിലെ വളർച്ചനിരക്ക് സൂചിപ്പിക്കുന്നത്.
മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം 2019ൽ 23,198 ടൺ ഉണ്ടായിരുന്ന പച്ചക്കറി വിൽപന 2023ൽ 64,088 ആയി വർധിച്ചു. അഞ്ച് പച്ചക്കറിച്ചന്തകളും പ്രധാന വാണിജ്യ ഔട്ട്ലെറ്റുകളിലെ രണ്ട് പ്രോഗ്രാമുകൾ, മാർക്കറ്റിങ് ആൻഡ് അഗ്രികൾച്ചറൽ സർവിസസ് കമ്പനിയായ മഹാസീൽ എന്നിവ ഉൾപ്പെടുന്നതാണ് കാർഷിക ഉൽപന്നങ്ങളുടെ വിപണന മാർഗങ്ങൾ.
മഹാസീൽ ഔട്ട്ലെറ്റുകൾ വഴി 2019ൽ 1664 ടൺ പച്ചക്കറി വിറ്റഴിച്ചപ്പോൾ കഴിഞ്ഞ വർഷം 24,920 ടൺ പച്ചക്കറി വിറ്റഴിച്ചതായും, പ്രത്യേക മാർക്കറ്റിങ് പരിപാടിയായ ഖത്തർ ഫാംസ് വഴി 2023ൽ 22,392 ടൺ പച്ചക്കറിയും വിറ്റഴിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
അഞ്ച് പച്ചക്കറി ചന്തകൾ വഴി 2023ൽ 13,485 ടൺ പച്ചക്കറിയാണ് വിറ്റഴിച്ചത്. 2019ൽ ഇതു കേവലം 7228 ടൺ മാത്രമായിരുന്നു. മുന്തിയ ഇനം ഉൽപന്നങ്ങളുടെ വിൽപനയിലും ഗണ്യമായ അളവിൽ വർധന രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രാദേശിക കർഷകർക്ക് അവരുടെ നിക്ഷേപത്തിനും കഠിനാധ്വാനത്തിനും ന്യായവില ലഭ്യമാക്കുക, ഇടനിലക്കാരില്ലാതെ ഉപഭോക്താക്കൾക്ക് അവരുടെ ഉൽപന്നങ്ങൾ നേരിട്ടോ വാണിജ്യ ഔട്ട്ലെറ്റുകൾ വഴിയോ നൽകാൻ പ്രാപ്തരാക്കുക തുടങ്ങിയവയാണ് വിപണന സംരംഭങ്ങളിലൂടെ ലക്ഷ്യമിടുന്നത്. നൂതനമായ വിപണന പരിപാടികളിലൂടെ ഭക്ഷ്യസുരക്ഷ വർധിപ്പിക്കുന്നതിൽ മന്ത്രാലയം വലിയ വിജയം കൈവരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.