മാര്‍ത്തോമ്മ ഇടവക ജൂബിലി സമാപനം 19ന്
text_fieldsദോഹ: ഇമ്മാനുവല്‍ മാര്‍ത്തോമ്മ ഇടവക സുവര്‍ണ ജൂബിലി സമാപനം 19നു നടക്കും. കുര്‍ബാനയ്ക്കു മര്‍ത്തോമ്മ സഭയുടെ പരമാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത, കൊട്ടാരക്കരപുനലൂര്‍ ഭദ്രാസനാധിപന്‍ ഡോ. യുയാക്കിം മാര്‍ കൂറിലോസ് എന്നിവര്‍ നേതൃത്വം നല്‍കും. 11നു പൊതുയോഗം ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്യും. ഡോ. യുയാക്കിം മാര്‍ കൂറിലോസ് അധ്യക്ഷത വഹിക്കും. രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രഫ. പി. ജെ. കുര്യന് മുഖ്യാതിഥിയാകും. സുവനീര്‍ പ്രകാശനം ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതി പി. കുമരന് നിര്‍വഹിക്കും. ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭ ആര്‍ച്ച് ബിഷപ്പ് മക്കാറിയോസ് മവ്റോജിയാനക്കിസ് പ്രഭാഷണം നടത്തും. 20ന് വൈകിട്ട് ആറിന് ഐഡിസിസി ടെന്റില്‍ എം.ജി. ശ്രീകുമാര്‍, മഞ്ജരി എന്നിവര്‍ നയിക്കുന്ന ക്രിസ്തീയ ഗാനസന്ധ്യയും നടക്കും.
ജോലി ചെയ്യാനും നാടിെൻറ വികസനത്തില്‍ പങ്കാളികളാകാനും അവസരം നല്കിയ ആതിഥേയ ദേശത്തോടു പ്രവാസികള്‍ എന്നും കടപ്പെട്ടവരാണെന്ന് മാര്‍ത്തോമ്മാ സഭയുടെ പരമാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത പറഞ്ഞു. ഗള്‍ഫ് നാടുകളുടെ വികസനത്തില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികളുടെ സേവനം വളരെ വലുതാണ്. സ്വന്തം രാജ്യമെന്ന മട്ടിലാണ് അവര്‍ ഗള്‍ഫ് നാടുകളില്‍ ജീവിക്കുന്നത്. അതിന് അവസരം നല്‍കിയതിലും ഒരു ജനതയും ഒരു രാജ്യവും പോലെ ഗള്‍ഫ് നാടുകള്‍ അവരെ സ്വീകരിച്ചതിലും പ്രവാസികള്‍ നന്ദിയുള്ളവരാകണമെന്നും മെത്രാപ്പൊലീത്ത പറഞ്ഞു.
ആദ്യകാലങ്ങളില്‍ ദോഹയിലെ വിശ്വാസികള്‍ അല്‍ ബിദ്ദ പ്രദേശത്തുള്ള ഭവനത്തില്‍ കൂടിയായിരുന്നു പ്രാര്‍ഥിച്ചിരുന്നത്. 1967 ഏപ്രില്‍ മാസത്തില്‍ കുവൈത്ത് മാര്‍ത്തോമ്മാ വികാരിയായിരുന്ന റവ. എം.ഒ. ഉമ്മന്‍ അച്ചന്റെ നേതൃത്വത്തിലാണ് ദോഹ മാര്‍ത്തോമ്മാ കൂട്ടായ്മക്കു തുടക്കം കുറിച്ചത്. 1972ല്‍ അല്‍ ബിദ്ദയിലെ പുതിയ സ്ഥലത്തേക്കു മാറുകയും എല്ലാ ഞായറാഴ്ചയും വൈകിട്ട് ആരാധന നടത്തിപ്പോന്നു. 1992ലാണ് ഇടവകയിലെ ആദ്യ പൂര്‍ണ സമയ വികാരിയായി റവ. ചാര്‍ളി ജോണിനെ നിയമിച്ചത്. 1996 മേയ് പത്തിന് ഡോ. അലക്സാണ്ടര്‍ മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത ആയിരത്തോളം പേര്‍ക്കു ആരാധിക്കാന്‍ പറ്റുന്ന ഒരു ദേവാലയം കൂദാശ ചെയ്തു. 2003 മേയ് മുതല്‍ 2008 ഓഗസ്റ്റ് വരെ ദോഹ കോളജിലെ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും പിന്നീട് സെൻറ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയില്‍വച്ചും ആരാധന നടന്നു വന്നു.
2005ല്‍ ഖത്തര്‍ സര്‍ക്കാരിന്റെ അനുമതി ലഭിച്ചതിനെ തുടര്‍ന്നു ഡോ. സഖറിയാസ് മാര്‍ തെയോഫിലോസ് ദോഹ ഇമ്മാനുവല്‍ മാര്‍ത്തോമ്മാ പള്ളിയുടെ കൂദാശകര്‍മം നിര്‍വഹിച്ചു. 2009 ജൂണിലാണ് ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത, ഡോ. സഖറിയാസ് മാര്‍ തെയോഫിലോസ് സഫ്രഗന്‍ മെത്രാപ്പൊലീത്ത എന്നിവരുടെ സാന്നിധ്യത്തില്‍ പള്ളി കൂദാശ നടന്നത്. 2016 ജൂണില്‍ തോമസ് മാര്‍ തിമോത്തിയോസ് സുവര്‍ണജൂബിലി ഉദ്ഘാടനം നിര്‍വഹിച്ചു. ജൂബിലി വര്‍ഷത്തില്‍ ഒട്ടേറെ സേവന പ്രവര്‍ത്തനങ്ങള്‍ നടത്താനായെന്ന് വികാരി റവ. ജ്യോതിസ് സാം, സഹ വികാരി റവ. ജോര്‍ജ് ജോണ്‍ എന്നിവര്‍ പറഞ്ഞു.
റവ. സജീവ് വര്‍ഗീസ് തോമസ്, ജനറല്‍ കണ്‍വീനര്‍ എബ്രഹാം കെ. ജോസഫ്, പബ്ളിസിറ്റി കണ്‍വീനര്‍ ജോര്‍ജ് മാത്യു, റോബിന് എബ്രഹാം കോശി, ഇടവകഭാരവാഹികളായ ജോണിക്കുട്ടി, ബെന്‍ ഉമ്മന്‍, മാത്യു തോമസ് തുടങ്ങിയവര്‍ പരിപാടികള്‍ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.