ഇന്നുമുതൽ മാസ്കിൽ ഇളവുണ്ട്; പക്ഷേ...
text_fieldsദോഹ: ഒമിക്രോൺ വ്യാപനം കുറഞ്ഞതിനു പിന്നാലെ കോവിഡ് നിയന്ത്രണങ്ങളിൽ ഏർപ്പെടുത്തിയ ഇളവ് ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ. പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കുന്നതിലാണ് ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗം ഇളവുനൽകിയത്. പൊതു സ്ഥലങ്ങളിൽ നിബന്ധനകളോടെ മാത്രമേ മാസ്ക് ഒഴിവാക്കാൻ അനുവാദമുള്ളൂ. അതേസമയം, അടച്ചിട്ട സ്ഥലങ്ങളിൽ (ഇൻഡോർ) നിർബന്ധമായും മാസ്ക് അണിയണം. പള്ളികൾ, സ്കൂളുകൾ, സർവകലാശാല- ആശുപത്രി പരിസരങ്ങൾ, മാർക്കറ്റ്, എക്സിബിഷൻ സ്ഥലങ്ങൾ എന്നീ പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമായും അണിയണം. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ നിലവിലുള്ള മറ്റ് നിയന്ത്രണങ്ങൾ തുടരും. മാർക്കറ്റുകളിലും വ്യാപാര സ്ഥാപനങ്ങളിലും മറ്റും ഉപഭോക്താക്കളുമായി ഇടപെടുന്ന ജീവനക്കാരും മാസ്ക് അണിയണം.
ഡിസംബർ അവസാനം ഖത്തറിൽ ഒമിക്രോൺ സ്ഥിരീകരിച്ചതിനു പിന്നാലെയാണ് നിയന്ത്രണങ്ങൾ കർക്കശമാക്കിയത്. പൊതു ഇടങ്ങളിൽ ഉൾപ്പെടെ നൽകിയ ഇളവുകൾ റദ്ദാക്കുകയും മാസ്കും മറ്റു നിയന്ത്രണങ്ങളും കർക്കശമാക്കുകയും ചെയ്തു. ഇപ്പോൾ പ്രതിദിന കേസുകൾ കാര്യമായി കുറഞ്ഞതോടെയാണ് ഇളുവളുടെ ആദ്യ ഘട്ടം എന്ന നിലയിൽ മാസ്ക് ധരിക്കുന്നിൽ നിബന്ധനകളോടെ വിട്ടുവീഴ്ച നൽകിയത്. സർക്കാർ-സ്വകാര്യ മേഖലകളിലെ ജീവനക്കാരുടെ പ്രവർത്തനം നിലവിലേത് പോലെ തുടരും. ജീവനക്കാരുടെ യോഗങ്ങളിൽ പരമാവധി 30 പേർക്കാണ് പങ്കെടുക്കാൻ അനുവാദം. വാഹനങ്ങളിൽ നാലുപേരിൽ കൂടരുത് എന്ന നിബന്ധന തുടരും. പൊതുഗതാഗത സംവിധാനങ്ങളിൽ പരമാവധി ശേഷിയുടെ 75 ശതമാനം പേർക്ക് യാത്രചെയ്യാം. കോവിഡ് മുൻകരുതലുകൾ പാലിച്ചായിരിക്കണം യാത്ര.
കോവിഡ്: പുതിയ രോഗികൾ 657
ദോഹ: വെള്ളിയാഴ് ഖത്തറിലെ കോവിഡ് നിരക്ക് 657ലേക്ക് കുറഞ്ഞു. ഒമിക്രോൺ വ്യാപനത്തിനു പിന്നാലെ രാജ്യത്തെ ഏറ്റവും കുറഞ്ഞ പ്രതിദിന കോവിഡ് കണക്കാണിത്. 532 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 125 പേർ വിദേശങ്ങളിൽ നിന്ന് എത്തിയവരാണ്. ഒരു മരണവും സ്ഥിരീകരിച്ചു. 76കാരനാണ് മരണപ്പെട്ടത്. വെള്ളിയാഴ്ച 1289 പേർ രോഗ മുക്തി നേടി. നിലവിലെ രോഗികളുടെ എണ്ണം 9,498ത്തിലെത്തി. ഒരു മാസത്തിനിടെ ആദ്യമായാണ് ആകെ രോഗികളുടെ എണ്ണം പതിനായിരത്തിൽ താഴെയെത്തുന്നത്. 26,469 പേർക്കാണ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്. ആശുപത്രിയിൽ 114 പേർ ചികിത്സയിലുണ്ട്. ഇതിൽ രണ്ടു പേരെ കഴിഞ്ഞ ദിവസം പ്രവേശിപ്പിച്ചതാണ്. 44 പേർ തീവ്രപരിചരണവിഭാഗത്തിൽ കഴിയുന്നുണ്ട്. ഒരാളാണ് കഴിഞ്ഞ ദിവസം പ്രവേശിപ്പിക്കപ്പെട്ടത്. 24 മണിക്കൂറിനിടെ 29,321 ഡോസ് വാക്സിൻ നൽകി. ഇതുവരെ ആകെ 60.67 ലക്ഷം ഡോസ് വാക്സിൻ നൽകിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.