കോവിഡ് നിയന്ത്രങ്ങളിൽ ഇളവ്; മാളുകളിൽ മാസ്ക് നിർബന്ധമില്ല
text_fieldsദോഹ: കോവിഡ് രോഗവ്യാപനം കുറഞ്ഞതിനു പിന്നാലെ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് ഖത്തർ. ബുധനാഴ്ച അമിരി ദിവാനിൽ പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗത്തിലാണ് മാസ്ക് അണിയുന്നതിൽ ഉൾപ്പെടെ കൂടുതൽ ഇളവുകൾ നൽകാൻ തീരുമാനമായത്.
ഏപ്രിൽ രണ്ട് ശനിയാഴ്ച മുതൽ നിർദേശങ്ങൾ പ്രാബല്യത്തിൽ വരും. ഉപഭോക്താക്കളുമായി ഇടപെടുന്നവർ മാസ്ക് അണിയുക, ഇഹ്തിറാസ് ആപ്ലിക്കേഷൻ എപ്പോഴും ഉപയോഗിക്കുക തുടങ്ങിയ നിർദേശങ്ങൾ കർശനമായി പിന്തുടരണമെന്നും നിർദേശിച്ചു.
പ്രധാന നിർദേശങ്ങൾ:
അടച്ചിട്ട പൊതുയിടങ്ങളിലെ പ്രവേശനം: വാക്സിൻ സ്വീകരിച്ചവർക്കും രോഗമുക്തി നേടിയവർക്കും ആരോഗ്യകരമായ കാരണങ്ങളാൽ വാക്സിൻ സ്വീകരിക്കാൻ കഴിയില്ലെന്ന് അംഗീകൃത സർട്ടിഫിക്കറ്റുള്ളവർക്കും ഇൻഡോറിൽ പ്രവേശനം അനുവദിക്കും. എന്നാൽ, വാക്സിൻ സ്വീകരിക്കാത്തവർക്ക് റാപ്പിഡ് ആന്റിജെൻ പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. 24 മണിക്കൂറിനുള്ളിലെ ആന്റിജെൻ പരിശോധന ഫലമാണ് വേണ്ടത്. ഇത്തരക്കാരുടെ പരമാവധി എണ്ണം വേദിയുടെ ആകെ ശേഷിയുടെ 20 ശതമാനത്തിൽ കൂടുതൽ പാടില്ല. ജിംനേഷ്യങ്ങൾ, കായികപരിപാടികൾ, സമ്മേളനങ്ങൾ, പ്രദർശന വേദി എന്നിവിടങ്ങൾ ഉൾപ്പെടെയാണിത്.
സമ്മേളനങ്ങൾ, പ്രദർശനങ്ങൾ, മറ്റു പരിപാടികൾ എന്നിവ നടത്താൻ പൊതുജനാരോഗ്യ മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള നിബന്ധനകൾ തുടരും.
മാളുകൾ ഒഴികെ അടിച്ചിട്ട പൊതുയിടങ്ങളിൽ മാസ്ക് അണിയൽ നിർബന്ധമായി തുടരും. മാളുകളിൽ ഇളവുണ്ടെങ്കിലും കടകളിൽ മാസ്ക് നിർബന്ധമാണ്. തുറന്ന പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.