പച്ച പിടിപ്പിച്ച് മതാർഖദീം സ്ട്രീറ്റ്
text_fieldsദോഹ: നഗരത്തിലും തെരുവുകളിലും മരങ്ങൾ പിടിപ്പിച്ച് പച്ചപ്പണിയിക്കാനുള്ള പദ്ധതിയുടെ ഭാഗമായി മതാർ ഖദീം സ്ട്രീറ്റിൽ മുനിസിപ്പാലിറ്റി മന്ത്രാലയം നട്ടുപിടിപ്പിച്ചത് 24,000 മരങ്ങൾ. വൃക്ഷങ്ങൾ നട്ടും, ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചും തുടരുന്ന ദേശീയ വൃക്ഷവാരത്തോടനുബന്ധിച്ചാണ് മന്ത്രാലയം നേതൃത്വത്തിൽ കാൽ ലക്ഷത്തിനടുത്ത് മരങ്ങൾ നട്ടത്. ദേശീയ വൃക്ഷവാരത്തോടനുബന്ധിച്ച് ഫ്രണ്ട്സ് ഓഫ് എൻവയൺമെന്റ് സെന്ററുമായി സഹകരിച്ച് 600ലധികം മരങ്ങൾ ഉമ്മുഹവ്തയിൽ പിടിപ്പിച്ചു. ദോഹ, അൽ ദആയിൻ, അൽ ഷഹാനിയ, അൽ റയ്യാൻ, അൽ വക്റ, അൽ ഷമാൽ എന്നിവിടങ്ങളിലായി പബ്ലിക് പാർക്ക് വകുപ്പ്, ഭക്ഷ്യസുരക്ഷാ വകുപ്പ് എന്നിവർ പരിസ്ഥിതി ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചു. വിവിധ സ്ഥലങ്ങളിലായി 150ഓളം വിദ്യാർഥികളും പരിപാടികളിൽ പങ്കെടുത്തു.
പ്രാദേശിക ആവാസവ്യവസ്ഥയെ സംരക്ഷിച്ചുകൊണ്ട് കാലാവസ്ഥ വ്യതിയാനത്തെ നേരിടാൻ മുനിസിപ്പാലിറ്റികൾ പ്രതിനിധീകരിക്കുന്ന മന്ത്രാലയം കഴിഞ്ഞ വർഷം മാത്രം 3,32,000 മരങ്ങളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നട്ടത്. ദോഹ മുനിസിപ്പാലിറ്റിയിൽ മുപ്പതിനായിരത്തിലധികം മരങ്ങൾ നട്ടുപിടിപ്പിച്ചതായും മന്ത്രാലയം കഴിഞ്ഞ വർഷത്തെ നഗരസഭകളുടെ നേട്ടങ്ങളെക്കുറിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി.
കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ അന്തരീക്ഷത്തിൽനിന്ന് കാർബൺ ഡൈ ഓക്സൈഡ് നീക്കുന്നതിനുള്ള ഏറ്റവും വലിയ മാർഗങ്ങളിലൊന്നാണ് മരങ്ങൾ നട്ടുപിടിപ്പിക്കുകയെന്നത്. അതേസമയം, 2024ൽ രാജ്യത്തുടനീളം 15 പുതിയ പൊതു പാർക്കുകൾ നിർമിച്ചതായി മന്ത്രാലയം അറിയിച്ചു. 2019ൽ 113 പൊതു പാർക്കുകൾ മാത്രമാണുണ്ടായിരുന്നതെങ്കിൽ ഈ വർഷം 37 ശതമാനം വളർച്ചയോടെ പാർക്കുകളുടെ എണ്ണം 144 ആയി ഉയർന്നു.
കാർബൺ സംഭരിക്കാൻ ശേഷി കൂടുതലുള്ള സസ്യങ്ങളിലൊന്നായ കണ്ടൽക്കാടുകളും രാജ്യത്തിന്റെ പരിസ്ഥിതിയിൽ പ്രധാന ഘടകമാണ്. അൽ ദഖീറ, അൽ ഖോർ, അൽ ഷമാൽ എന്നിവിടങ്ങളിലായി 13 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് കണ്ടൽക്കാടുകൾ വ്യാപിച്ച് കിടക്കുന്നത്.കണ്ടൽക്കാടുകളുടെ പാരിസ്ഥിതിക പ്രാധാന്യം കണക്കിലെടുത്ത് അതിനെ സംരക്ഷിക്കുന്നതിനും കടന്നുകയറ്റം തടയുന്നതിനുമായി പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയം വലിയ ശ്രമങ്ങളാണ് തുടരുന്നത്. ഖത്തറിലെ പാരിസ്ഥിതിക അത്ഭുതങ്ങളിലൊന്നായാണ് കിഴക്കൻ തീരങ്ങളിൽ പ്രത്യേകിച്ചും അൽ ദഖീറ പോലുള്ള പ്രദേശങ്ങളിൽ വലിയതോതിൽ വ്യാപിച്ച് കിടക്കുന്ന കണ്ടൽക്കാടുകളെ വിലയിരുത്തപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.