ഹമദ് വിമാനത്താവളത്തിൽ ഇന്ന് എമർജൻസി എക്സസൈസ്
text_fieldsദോഹ: ഏത് അടിയന്തര സാഹചര്യവും നേരിടുന്നതിനായി മുഴുവൻ സംവിധാനങ്ങളെയും സജ്ജമാക്കുക എന്ന ലക്ഷ്യവുമായി ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിങ്കളാഴ്ച അടിയന്തര അഭ്യാസം. വിമാനത്താവളത്തിന്റെ സാധാരണ പ്രവർത്തനങ്ങളെ ബാധിക്കാതെയാവും വൈകുന്നേരം അഞ്ച് മുതൽ രാത്രി എട്ടു വരെ എമർജൻസി എക്സസൈസ് നടക്കുന്നത്. എല്ലാ വർഷങ്ങളിലും നടക്കുന്ന മുഴുനീള എമർജൻസി എക്സസൈസിന്റെ ആറാമത്തെ പതിപ്പാണിത്. അടിയന്തര സാഹചര്യങ്ങളിൽ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം, അതിനെ നേരിടാനുള്ള ഉയർന്നതലത്തിലെ തയാറെടുപ്പ് ഉറപ്പാക്കുകയാണ് സമ്പൂർണ പരിശീലനപരിപാടി ലക്ഷ്യമിടുന്നത്.
വിമാനത്താവളത്തിലെ യാത്രാ ടെർമിനലിലും വിമാനങ്ങൾ പറന്നുയരുന്നതും ഇറങ്ങുന്നതും, ടാക്സി ഏരിയകളും ഉൾപ്പെടുന്ന മാനുവറിങ് ഏരിയ എന്നിവിടങ്ങളിലാണ് എമർജൻസി എക്സസൈസ് നടക്കുന്നത്. എന്നാൽ, ഹമദിൽനിന്നും പുറപ്പെടുന്ന വിമാനങ്ങളുടെയും, യാത്രക്കാരുടെയും പ്രവർത്തനങ്ങളെ ഇത് ബാധിക്കില്ലെന്ന് അധികൃതർ അറിയിച്ചു. വിമാനങ്ങളുടെ അടിയന്തര ലാൻഡിങ്, അപകടം എന്നിവ ഉൾപ്പെടുത്തിയാണ് അഭ്യാസം. ദുർഘട സാഹചര്യങ്ങളിൽ വിമാനത്താവളത്തിന്റെ അടിയന്തര പ്രതികരണത്തിന്റെയും വിവിധ വിഭാഗങ്ങളുടെയും സർക്കാർ ഏജൻസികളുടെയും സന്നാഹം പരിശോധിക്കും. ഖത്തർ എയർവേസ് ഗ്രൂപ്, എയർലൈൻ ഓപറേറ്റേഴ്സ് കമ്മിറ്റി, എയർപോർട്ട് കസ്റ്റംസ്, പൊതുജനാരോഗ്യ മന്ത്രാലയം, ഹമദ് മെഡിക്കൽ കോർപറേഷൻ ആംബുലൻസ് സർവിസ്, ആഭ്യന്തര മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, നാഷനൽ കമാൻഡ് സെന്റർ എന്നിവ ഉൾപ്പെടെ വിവിധ വിഭാഗങ്ങൾ എമർജൻസി എക്സസൈസിൽ പങ്കുചേരും.
ഗതാഗത വാർത്താവിനിമയ മന്ത്രാലയം, സ്റ്റേറ്റ് സെക്യൂരിറ്റി ബ്യൂറോ, ഖത്തർ അമിരി എയർഫോഴ്സ്, ഖത്തർ എയർ ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ, ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി എമർജൻസി മെഡിക്കൽ സർവിസസ്, ഡിസാസ്റ്റർ വിക്ടിം ഐഡന്റിഫിക്കേഷൻ ടീം, ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി എന്നിവയും പങ്കുചേരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.