ചൂടിൽ വെന്തുരുകാതിരിക്കാം
text_fieldsദോഹ: അടിമുടി വേവുന്ന ചൂടാണ് നാടെങ്ങും. തണുപ്പിന്‍റെ കാലം വിട്ടുമാറി, എരിപൊരി കൊള്ളുന്ന ചൂടിൽ വെന്തുരുകുന്നു. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ രാജ്യത്തെ ചൂട് 49 ഡിഗ്രി സെൽഷ്യസിൽ വരെയെത്തിയതായി കാലാവസ്ഥ വിഭാഗം സൂചിപ്പിക്കുന്നു.
തണുപ്പു മാറി വേനലിലേക്ക് നീങ്ങിയപ്പോൾ തുടക്കത്തിൽ തന്നെ ചൂടും കടുത്തു. 40 ഡിഗ്രിക്ക് മുകളിലാണ് ശരാശരി താപനില. ചൂടിനൊപ്പം കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ കാറ്റും വീശിയടിച്ചു. വെള്ളിയാഴ്ച തുടങ്ങിയ കാറ്റ് വരും ദിവസങ്ങളിലും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വിശീയടിക്കാൻ സാധ്യതയുണ്ടെന്ന് ഖത്തർ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. പൊടിക്കാറ്റ് വീശിയടിക്കാനുള്ള സാധ്യതയുള്ളതിനാൽ ദൂരക്കാഴ്ചയും കുറയും.
ചൂട് ആരംഭിച്ചതോടെ ജൂൺ ഒന്നുമുതൽ രാജ്യത്ത് പകൽസമയത്ത് തൊഴിൽ നിയന്ത്രണം ഏർപ്പെടുത്തി. സെപ്റ്റംബർ 15വരെയാണ് രാവിലെ പത്തിനും ഉച്ച 3.30നുമിടയിൽ മധ്യാഹ്ന വിശ്രമം ഒരുക്കി ചൂട് പ്രതിരോധ നടപടി സ്വീകരിച്ചുതുടങ്ങിയത്.
വെള്ളിയാഴ്ച മിസൈഈദിലാണ് കൂടുതൽ ചൂട് രേഖപ്പെടുത്തിയത്. 49 ഡിഗ്രി. ദോഹ വിമാനത്താവളം, ഖത്തർ യൂനിവേഴ്സിറ്റി (48), മുസൈമീർ (47), അൽഖോർ, ഷഹാനിയ, കറാന എന്നിവിടങ്ങളിൽ 46ഉം, ഹമദ് വിമാനത്താവളം, അൽ വക്റ, അൽ ഖോർ (45 ഡിഗ്രി സെൽഷ്യസ്) എന്നിങ്ങനെയാണ് മറ്റിടങ്ങളിൽ രേഖപ്പെടുത്തിയ ഉയർന്ന താപനില. അതേസമയം, അബൂ സംറ, ദുഖാൻ, ഷെഹാനിയ, റുവെസ് മേഖലകളിൽ 26 മുതൽ 36 വരെയായിരുന്നു താപനില.
ശനിയാഴ്ചയിലെ റിപ്പോർട്ട് പ്രകാരം നേരിയ ആശ്വാസമുണ്ട്. അൽഖോറിൽ രേഖപ്പെടുത്തിയ 46 ഡിഗ്രി സെൽഷ്യസായിരുന്നു ഉയർന്ന താപനില. ചൂട് വർധിക്കുന്ന പശ്ചാത്തലത്തിൽ കാലാവസ്ഥ വിഭാഗവും ആരോഗ്യ മന്ത്രാലയവും തൊഴിൽ മന്ത്രാലയവുമെല്ലാം സുരക്ഷ നിർദേശവുമായി രംഗത്തെത്തി.
കരുതിയിരിക്കാം താപത്തെ
ചൂട് കൂടുന്ന സാഹചര്യത്തിൽ തൊഴിലാളികളും പൊതുജനങ്ങളും ഉൾപ്പെടെയുള്ളവർ പാലിക്കേണ്ട കരുതൽ സംബന്ധിച്ച് അധികൃതർ സമൂഹമാധ്യമങ്ങൾ വഴി പ്രചാരണം ആരംഭിച്ചു.
തൊഴിൽമന്ത്രാലയം മലയാളം, ഉർദു, ഹിന്ദി ഉൾപ്പെടെ വിവിധ ഭാഷകളിലായി ബോധവത്കരണ വിഡിയോയും പുറത്തിറക്കി. തുറസ്സായ സ്ഥലങ്ങളിൽ ജോലിചെയ്യുന്നവർ, പകൽസമയങ്ങളിൽ പുറത്തിറങ്ങുന്നവർ കൂടുതൽ ജാഗ്രത പാലിക്കാനും നിർദേശിക്കുന്നു.
ദാഹിക്കുന്നില്ലെങ്കിലും വെള്ളം കുടിക്കുന്നത് ശീലമാക്കുക. 20-30 മിനിറ്റിൽ രണ്ടു കപ്പ് വീതമെങ്കിലും കുടിക്കുക.
കനത്ത ചൂടിലും ഹുമിഡിറ്റിയിലും ബുദ്ധിമുട്ടോ ക്ഷീണമോ അനുഭവപ്പെട്ടാൽ തണലിൽ വിശ്രമിക്കുക.
തലയിൽ തൊപ്പി ധരിക്കുക. നേരിയ വസ്ത്രങ്ങൾ അണിയുക.
ചൂടിൽ പ്രയാസമുണ്ടാവുന്നുണ്ടോ എന്ന് ഇടക്കിടെ പരിശോധിക്കുക. കൂടെ ജോലിചെയ്യുന്നവരുടെ ആരോഗ്യവും കരുതിയിരിക്കുക.
വിദേശങ്ങളിൽനിന്നെത്തുന്ന ജോലിക്കാർ, രാജ്യത്തെത്തി ഉടൻ ജോലിയിൽ പ്രവേശിക്കാതെ കാലാവസ്ഥയുമായി പൊരുത്തപ്പെട്ട ശേഷം ജോലി തുടങ്ങുക.
ആദ്യ ദിവസത്തെ ജോലി ദൈർഘ്യം 20 ശതമാനത്തിൽ കൂടാൻ പാടില്ല. സമയം സാവാധാനം കൂട്ടിയെടുത്ത് ജോലി ചെയ്യുക.
വിശ്രമം ആവശ്യമാണെങ്കിൽ മേലധികാരിയെ ധരിപ്പിച്ച് വിശ്രമിക്കുക.
മൂത്രത്തിന്‍റെ നിറംമാറ്റം ശ്രദ്ധിക്കുക. കടുപ്പമേറിയ നിറമാണെങ്കിൽ വെള്ളംകുടി വർധിപ്പിക്കുക.
വാഹനങ്ങളിലും വേണം ജാഗ്രത
വാഹനങ്ങളിൽ നിലവാരമുള്ള അഗ്നിശമന ഉപകരണങ്ങൾ കരുതണം
വാഹനങ്ങളുടെ സാങ്കേതിക പ്രശ്നങ്ങൾ അപ്പപ്പോൾ പരിഹരിക്കണം
ചെറിയ അശ്രദ്ധപോലും വലിയ അപകടങ്ങൾക്കു കാരണമായേക്കും.
തീപിടിക്കാൻ സാധ്യതയുള്ള സാധനങ്ങൾ വാഹനങ്ങളിൽ സൂക്ഷിക്കരുത്.
ടയറുകളിൽ കൃത്യമായ അളവിൽ കാറ്റു നിറയ്ക്കണം. കാലാവധി കഴിഞ്ഞവ മാറ്റണം.
പരുക്കൻ റോഡുകളിലൂടെ യാത്ര ചെയ്യുമ്പോൾ കൂടുതൽ കരുതൽ ആവശ്യമാണ്.
യാത്രയ്ക്കു മുമ്പ് ടയറുകൾ പരിശോധിക്കുക.
ടയറിന്റെ നിലവാരത്തിനനുസരിച്ചുള്ള വേഗത്തിൽ പോകുക
നാലു ടയറുകളിലും അനുവദനീയ അളവിൽ കാറ്റഎ ഉറപ്പാക്കുക
വാഹനങ്ങളിൽ അമിതഭാരം കയറ്റാതിരിക്കുക
അലൈൻമെൻറ് കൃത്യമാണെന്ന് ഉറപ്പാക്കുക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.