നിരത്തും പരിസ്ഥിതി സൗഹൃദമാവട്ടെ...
text_fieldsദോഹ: പരിസ്ഥിതി സംരക്ഷണം, കാർബൺ പുറന്തള്ളൽ കുറക്കുക, പരിസ്ഥിതി സൗഹൃദമെന്ന നിലയിൽ വൈദ്യുതി-ഹൈബ്രിഡ് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തി പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയം സംഘടിപ്പിക്കുന്ന വൈദ്യുതി, ഹൈബ്രിഡ് വാഹനങ്ങളുടെ പ്രദർശനം ഡിസംബർ ഒമ്പതിന് കതാറ കൾചറൽ വില്ലേജിൽ നടക്കും.
വൈദ്യുതി, ഹൈബ്രിഡ് വാഹനങ്ങളുടെ ഏറ്റവും പുതിയ മോഡലുകളെക്കുറിച്ച് പൊതുജനങ്ങൾക്ക് കൂടുതൽ അറിയാനുള്ള അവസരമാണ് മന്ത്രാലയം സംഘടിപ്പിക്കുന്ന പ്രദർശനം. പ്രദർശനം കാണാനെത്തുന്ന സന്ദർശകർക്ക് വൈദ്യുതി, ഹൈബ്രിഡ് കാറുകളുടെ സവിശേഷതകളും മറ്റും ഉൽപാദകർ വിശദീകരിക്കും.
കൂടുതൽ സുസ്ഥിരവും ശുദ്ധവുമായ ഭാവിയിലേക്കുള്ള സുപ്രധാന ചുവടുവെപ്പായി വൈദ്യുതി, ഹൈബ്രിഡ് കാറുകളുടെ ഉപയോഗത്തിലേക്കുള്ള മാറ്റത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതാണ് പ്രദർശനമെന്ന് മന്ത്രാലയത്തിലെ ഹരിത വികസന, പരിസ്ഥിതി സുസ്ഥിരതാ വകുപ്പ് മേധാവി ശൈഖ് ഡോ. സഊദ് ബിൻ ഖലീഫ ആൽഥാനി പറഞ്ഞു. പരിസ്ഥിതി സൗഹൃദ ഗതാഗത മാർഗങ്ങളിലേക്കുള്ള മാറ്റം കാർബൺ പുറന്തള്ളൽ കുറക്കുന്നതിൽ പ്രധാനമായി മാറും.
വൈദ്യുതി, ഹൈബ്രിഡ് കാർ സാങ്കേതികവിദ്യയുടെ പ്രാധാന്യത്തെക്കുറിച്ചും പരിസ്ഥിതിയെ സംരക്ഷിക്കുന്നതിൽ വാഹന മേഖലയുടെ പങ്കിനെ കുറിച്ചും പ്രദർശനം ബോധവത്കരണം നൽകുമെന്ന് ഇ- കാർ ടെക് വിദഗ്ധനായ ശൈഖ് ഖലീഫ ബിൻ അലി ആൽഥാനി പറന്നു. പ്രദർശനത്തിൽ പൊതുജനങ്ങളുടെ വലിയ പങ്കാളിത്തവും ഇടപെടലും പ്രതീക്ഷിക്കുന്നതായും ശൈഖ് ഖലീഫ ആൽഥാനി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.