ആരോഗ്യമാണ് സമ്പത്ത്; ആയിരങ്ങളൊഴുകി ഖത്തർ മെഡിക്കൽ ക്യാമ്പ്
text_fieldsദോഹ: തൊഴിലാളികളും കുറഞ്ഞ വരുമാനക്കാരും ഉൾപ്പെടെ രണ്ടായിരത്തോളം പേരുടെ ആരോഗ്യത്തിന് കരുതലായി ഖത്തർ ചാരിറ്റിയും സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റിയും (സി.ഐ.സി), ഇന്ത്യൻ ഡോക്ടേഴ്സ് ക്ലബും സംയുക്തമായി സംഘടിപ്പിച്ച ഏഷ്യൻ മെഡിക്കൽ ക്യാമ്പ്.
ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം, പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ, ഹമദ് മെഡിക്കൽ കോർപറേഷൻ, വെൽകെയർ ഫാർമസി, ഇന്ത്യൻ ഡോക്ടേഴ്സ് ക്ലബ്, യുനൈറ്റഡ് നഴ്സസ് ഓഫ് ഇന്ത്യ (യുനീക്), ഇന്ത്യൻ ഫിസിയോതെറപ്പി ഫോറം ഖത്തർ (ഐ.പി.എഫ്.ക്യു), ഇന്ത്യന്‍ ഫാര്‍മസിസ്റ്റ്സ് അസോസിയേഷന് ഖത്തര്‍ (ഐഫാഖ്), ഖത്തര്‍ ഡയബറ്റിസ് അസോസിയേഷന് എന്നിവയുടെ സഹകരണത്തോടെ നടന്ന ക്യാമ്പ് ഖത്തറിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ആയിരങ്ങൾക്ക് ആശ്വാസമായി.
ഐൻ ഖാലിദിലെ ഉമ്മുൽ സനീം ഹെൽത്ത് സെന്റർ വേദിയായ ക്യാമ്പ് രാവിലെ ഏഴ് മുതൽ സജീവമായിരുന്നു. ഇന്ത്യക്കാർക്കു പുറമെ നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങി വിവിധ ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ള തൊഴിലാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾ നേരത്തേതന്നെ എത്തി ക്യാമ്പിലെ സേവനങ്ങൾ ഉപയോഗപ്പെടുത്തി.
10 മണിയോടെ ക്യാമ്പിന്റെ ഉദ്ഘാടനം ഉമ്മുൽ സനീം ഹെൽത്ത് സെന്റർ ഡയറക്ടർ ഡോ. അംന അൽ അൻസാരി നിർവഹിച്ചു. ചടങ്ങിൽ ഖത്തറിലെ ശ്രീലങ്കൻ അംബാസഡർ മുഹമ്മദ് മഫാസ് മുഹിദ്ദീൻ, ഹമദ് ഹാർട്ട് ആശുപത്രി മുൻ ചെയർമാൻ ഡോ. അബ്ദുൽ വാഹിദ് അൽ മുല്ല, ബന്ന അല്‍ സായി (ആക്ടിങ് ഡയറക്ടര്‍ പബ്ലിക് റിലേഷന്‍ എച്ച്.എം.സി), ഫരീദ് ഖാലിദ് അൽ സിദ്ദീഖി (ഹെഡ് ഓഫ് പ്രോജക്ട് ഖത്തർ ചാരിറ്റി), ട്രാഫിക് വിഭാഗം ഓഫീസർ അഹമ്മദ് അൽ നഹാബ്, മുഹമ്മദ് ഹാമിദ് (ആക്ടിവിറ്റീസ് ഹെഡ്- ഖത്തർ ചാരിറ്റി), എ.പി. മണികണ്ഠന് (പ്രസി. ഐ.സി.സി), ഷാനവാസ് ബാവ (പ്രസി. ഐ.സി.ബി.എഫ്).
വെൽകെയർ ഗ്രൂപ് മാനേജിങ് ഡയറക്ടർ കെ.പി. അഷ്റഫ്, ടി.കെ. ഖാസിം (സി.ഐ.സി പ്രസി.) ഡോ. ബിജു ഗഫൂര്‍ (പ്രസി. ഇന്ത്യന്‍ ഡോക്ടേഴ്സ് ക്ലബ്), കെ.സി. അബ്ദുറഹ്മാന്, ഹബീബ് റഹ്മാന് (കമ്യൂണിറ്റി ഡെവലപ്മന്റ് സെന്റര്‍ ഖത്തര്‍ ചാരിറ്റി), മുഹമ്മദ് ഹമൂസ് (പബ്ലിക് റിലേഷന്‍സ് ഖത്തര്‍ ചാരിറ്റി), പി.പി. അബ്ദുറഹീം (വൈസ് ചെയര്‍. മെഡിക്കല്‍ ക്യാമ്പ്), ഡോ. മക്തൂം (ജന.സെക്ര. ഐ.ഡി.സി) തുടങ്ങിയ ആരോഗ്യ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിച്ചു. ആരോഗ്യ ബോധവത്കരണ പരിപാടികള്‍ ക്യാമ്പിന്റെ പ്രത്യേകതയായിരുന്നു.
മുന്‍ കൂട്ടി രജിസ്ട്രേഷനില്ലാതെതന്നെ കാഴ്ച, കേള്‍വി സംബന്ധമായ അസുഖങ്ങള്‍ക്കുള്ള ടെസ്റ്റുകളും ചികിത്സയും ഒരുക്കിയത് നിരവധി പേർക്ക് ഉപകാരപ്രദമായി. ‘ഡോക്ടറോട് ചോദിക്കുക’ എന്ന പരിപാടിക്ക് ഡോക്ടര്‍മാരുടെ ടീം നേതൃത്വം നല്കി. രാവിലെ തുടങ്ങി വൈകുന്നേരം 4.30 വരെ നീണ്ടു.
ക്യാമ്പിൽ വിവിധ ലാബ് പരിശോധനകൾ, വിദഗ്ധരായ ഡോക്ടർമാരുടെ പരിശോധന, സൗജന്യ മരുന്നുവിതരണം എന്നിവ ലഭ്യമാക്കിയിരുന്നു. ഇന്ത്യൻ ഡോക്ടേഴ്സ് ക്ലബിൽ നിന്നുള്ള ഡോക്ടർമാർ, പാരാമെഡിക്കൽ ജീവനക്കാർ, ഖത്തർ ചാരിറ്റി-സി.ഐ.സി വളന്റിയർമാർ തുടങ്ങിയവരുടെ മുഴുനീള സേവനവും ലഭ്യമായി.
കാർഡിയോളജി, ഡെർമറ്റോളജി, ഇന്റേണൽ മെഡിസിൻ, ഓർത്തോപീഡിക്സ് , ഫിസിയോതെറപ്പി, നേത്രപരിശോധന, ഇ.എൻ.ടി എന്നിവയിൽ വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കുന്നതോടൊപ്പം ഇ.സി.ജി, അൾട്രാ സൗണ്ട് സ്കാനിങ്, കൊളസ്ട്രോൾ, ബി.പി, ഷുഗർ, യൂറിൻ പരിശോധന, ഓഡിയോമെട്രി, ഓറൽ ചെക്കപ് തുടങ്ങിയ ക്ലിനിക്കൽ ടെസ്റ്റുകൾ ലഭ്യമാക്കി. ആവശ്യക്കാർക്ക് സൗജന്യമരുന്നുകളുമായി വെൽകെയർ ഫാർമസിയുടെ കൗണ്ടറുകൾ സജീവമായി പ്രവർത്തിച്ചു.
ആരോഗ്യ ബോധവത്കരണ ക്ലാസുകളും അവയവദാന രജിസ്ട്രേഷൻ, രക്തദാനം, കൗൺസലിങ് എന്നിവയും ക്യാമ്പിന്റെ ഭാഗമായി നടന്നു.
സാധാരണക്കാർക്ക് സഹായകമാകുന്ന ക്യാമ്പ്
ദോഹ: ‘തൊഴിലാളികളും താഴ്ന്ന വരുമാനക്കാരുമായ പ്രവാസികൾക്ക് ആരോഗ്യ പരിചരണത്തിനും രോഗനിർണയത്തിനും അവസരം നൽകുന്നതാണ് ഇത്തരം മെഡിക്കൽ ക്യാമ്പുകൾ. ആശുപത്രികളിലും ഹെൽത്ത് സെന്ററുകളിലുമെത്തി പരിശോധിക്കാനും മരുന്നുകൾ വാങ്ങാനും കഴിയാത്ത തൊഴിലാളികൾക്ക് ഖത്തർ ചാരിറ്റി ഉൾപ്പെടെയുള്ള മെഡിക്കൽ ക്യാമ്പുകൾ സഹായകമാവും.
പരിശോധനയും മരുന്നുകളും സൗജന്യമായി നൽകുന്നതിലൂടെ എല്ലാ വിഭാഗം ആളുകളുടെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കാനും കഴിയുന്നു. തൊഴിലിടങ്ങളിലെ സമ്മർദം, ജീവിതശൈലി, വ്യായാമക്കുറവ് ഉൾപ്പെടെ വിവിധ കാരണങ്ങളാൽ ശാരീരിക പ്രയാസങ്ങൾ നേരിടുന്നവർക്ക് രോഗങ്ങൾ നേരത്തേ തിരിച്ചറിയാനും മറ്റും ക്യാമ്പുകൾ സഹായിക്കും.
ഒരു ദിവസം രണ്ടായിരത്തോളം പേർക്ക് പരിശോധനയും ചികിത്സയും നൽകാൻ കഴിയുന്ന ക്യാമ്പിന്റെ സംഘാടനം മികച്ചതാണ്. കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ എല്ലാ വിഭാഗം പ്രവാസികളിലേക്കും ക്യാമ്പിന്റെ സന്ദേശം എത്തിച്ച് മികച്ച സംഘാടനമൊരുക്കിയവർക്കെല്ലാം അഭിനന്ദനങ്ങൾ’ - ഡോ. അബ്ദുൽ വാഹിദ് അൽ മുല്ല പറഞ്ഞു.
(ഡോ. അബ്ദുൽ വാഹിദ് അൽ മുല്ല (എച്ച്.എം.സി ഹാർട്ട് ഹോസ്പിറ്റൽ മുൻ ചെയർമാൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.