അമീറും ഫ്രഞ്ച് പ്രസിഡന്റും കൂടിക്കാഴ്ച നടത്തി
text_fieldsദോഹ: അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ബുധനാഴ്ച പാരിസിലെ എലിസി പാലസിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദവും സഹകരണ ബന്ധങ്ങളും വിവിധ മേഖലകളിൽ അവ മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുള്ള മാർഗവും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.
സിറിയയിലെയും തുർക്കിയയിലെയും വിനാശകരമായ ഭൂകമ്പത്തിന്റെ അനന്തരഫലങ്ങൾ പരിഹരിക്കുന്നതിനായി അന്താരാഷ്ട്ര തലത്തിൽ സ്വീകരിക്കേണ്ട ദുരിതാശ്വാസ പ്രവർത്തനങ്ങൾ യോഗത്തിൽ മുഖ്യചർച്ചകളിലൊന്നായിരുന്നു. സമീപകാല പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങൾക്ക് പുറമേ, പൊതു താൽപര്യമുള്ള നിരവധി വിഷയങ്ങളും ഇരുനേതാക്കന്മാരും ചർച്ച ചെയ്തു. അമീറിനൊപ്പം ഔദ്യോഗിക പ്രതിനിധി സംഘവും ഉണ്ടായിരുന്നു.
ഖത്തറും ഫ്രാൻസും തമ്മിലുള്ള തന്ത്രപരമായ ബന്ധത്തിന്റെ ശക്തിയെയാണ് അമീറിന്റെ പാരിസ് സന്ദർശനം പ്രതിഫലിപ്പിക്കുന്നതെന്ന് ഫ്രാൻസിലെ ഖത്തർ അംബാസഡർ ശൈഖ് അലി ബിൻ ജാസിം ആൽഥാനി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ഫ്രാൻസുമായി ബന്ധം വികസിപ്പിക്കുന്നതിന് അമീർ നൽകുന്ന പ്രത്യേക പ്രാധാന്യമാണിത് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നയതന്ത്രപരമായ ബന്ധം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഇരു രാജ്യങ്ങളുടെയും ദൃഢനിശ്ചയം സ്ഥിരീകരിക്കുന്നതാണിത്. എല്ലാ മേഖലകളിലുമുള്ള ഉഭയകക്ഷി ബന്ധങ്ങളിലെ നേട്ടങ്ങളെയും ദ്രുതഗതിയിലുള്ള വികസനത്തെയും ഇത് പ്രതിഫലിപ്പിക്കുന്നു. ഉഭയകക്ഷി ബന്ധത്തിന് പുതിയ അവസരം മുന്നിലുള്ളതിനാൽ, പങ്കാളിത്തം വേറിട്ട തലങ്ങളിലേക്ക് ഉയർത്തുന്നതിനുള്ള സംയുക്ത ശ്രമങ്ങൾക്കായി ഇരുരാജ്യങ്ങളും തയാറാണെന്നും അദ്ദേഹം പറഞ്ഞു.
പരസ്പര ബഹുമാനം, പൊതുതാൽപര്യങ്ങൾ, എല്ലാ മേഖലകളിലും സഹകരണം എന്നിവയിൽ അധിഷ്ഠിതമായ ദൃഢമായ ബന്ധങ്ങൾ രൂപവത്കരിക്കുന്നതിലും കെട്ടിപ്പടുക്കുന്നതിലും ഇരുരാജ്യങ്ങളുടെയും വിജയമാണ് അമീറിന്റെ സന്ദർശനം പ്രതിഫലിപ്പിക്കുന്നതെന്ന് ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
‘ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെയും ബന്ധങ്ങളുടെയും പുതിയ ഘട്ടം സ്ഥാപിക്കാൻ ഈ ചർച്ചകൾ വഴിയൊരുക്കും. അന്താരാഷ്ട്ര തർക്കങ്ങൾ പരിഹരിക്കുന്നതിലും ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള പ്രതിസന്ധികൾ ലഘൂകരിക്കുന്നതിലും ഖത്തർ പ്രധാന പങ്ക് വഹിക്കുന്ന സമയത്ത് ഇരു രാജ്യങ്ങൾക്കുമിടയിൽ ഉയർന്ന തലത്തിലുള്ള ആശയവിനിമയവും കൂടിയാലോചനയും ആവശ്യമാണ്.
രണ്ട് സൗഹൃദ രാജ്യങ്ങളുടെയും അവിടുത്തെ ജനങ്ങളുടെയും താൽപര്യത്തിന് അനുസൃതമായി അവരുടെ വളർച്ചക്കും സമൃദ്ധിക്കും സഹായകമാവുന്ന പുതിയ മേഖലകൾ തുറക്കാൻ അമീറിന്റെ സന്ദർശനവും ചർച്ചകളും സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു. ലോകത്തെയും മേഖലയിലെയും സമാധാനത്തിനും സുരക്ഷക്കും സ്ഥിരതക്കും സഹായകമായ വിധത്തിൽ അതുപകരിക്കുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
ഫ്രാൻസുമായി അടുത്ത ബന്ധം -അമീർ
ദോഹ: ഫ്രാൻസുമായി ഖത്തറിനുള്ളത് തന്ത്രപരമായ അടുത്ത ബന്ധമെന്ന് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി. ‘ഫ്രാൻസുമായി ഞങ്ങൾക്ക് അടുത്ത തന്ത്രപരമായ ബന്ധമുണ്ട്. ഞങ്ങളുടെ ഇരു രാജ്യങ്ങളുടെയും പ്രയോജനത്തിനായി വിവിധ മേഖലകളിൽ അവരെ പിന്തുണക്കാനും ശക്തിപ്പെടുത്താനുമുള്ള ഞങ്ങളുടെ പൊതുവായ ആഗ്രഹത്താൽ അത് നിരന്തരം വളർന്നുകൊണ്ടിരിക്കുകയാണ്. ഇന്നത്തെ ഫ്രാൻസിലേക്കുള്ള ഞങ്ങളുടെ സന്ദർശനം അതിന്റെ ഏറ്റവും നല്ല തെളിവാണ്’-ഫ്രാൻസ് സന്ദർശനവുമായി ബന്ധപ്പെട്ട് അമീർ ട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.