അമീറുമായി ഇറാൻ വിദേശകാര്യ മന്ത്രിയുടെ കൂടിക്കാഴ്ച
text_fieldsദോഹ: ഗസ്സയിലെ ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കാൻ അന്താരാഷ്ട്ര നീക്കങ്ങൾ സജീവമാകുന്നതിനിടെ ഖത്തറിലെത്തിയ ഇറാൻ വിദേശകാര്യ മന്ത്രി ഡോ. ഹുസൈൻ അമീർ അബ്ദുല്ലാഹിയാൻ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ ഗസ്സയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്തതായി ഇറാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
വൈദ്യുതിയും വെള്ളവും ഭക്ഷണവും മരുന്നും മുടക്കി ഗസ്സക്കെതിരായ ഇസ്രായേലിന്റെ ഉപരോധവും നിരപരാധികൾക്കെതിരായ ആക്രമണവും ഉടൻ അവസാനിപ്പിക്കണമെന്ന് വ്യക്തമാക്കി. ഫലസ്തീനികൾക്കുള്ള ഖത്തറിന്റെ പിന്തുണക്ക് അദ്ദേഹം നന്ദി അറിയിച്ചു. ശനിയാഴ്ച രാത്രിയിൽ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസി അമീറിനെ ഫോണിൽ വിളിച്ച് ചർച്ച നടത്തിയിരുന്നു.
ശനിയാഴ്ച രാത്രിയോടെ ദോഹയിലെത്തിയ ഇറാൻ വിദേശകാര്യ മന്ത്രി ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ആൽഥാനിയുമായി ആദ്യം കൂടിക്കാഴ്ച നടത്തിയിരുന്നു. ഗസ്സയിൽ അടിയന്തര വെടിനിർത്തൽ നടപ്പാക്കാൻ യോജിച്ച് പ്രവർത്തിക്കുമെന്ന് കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. യുദ്ധം മറ്റിടങ്ങളിലേക്ക് വ്യാപിക്കുന്നത് മേഖലയെ വൻ പ്രത്യാഘാതമുണ്ടാക്കുമെന്നും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.