ഓർമകളെ കുളിരണിയിക്കാൻ ‘മെലോഡിയസ് മെമ്മറീസ്’
text_fieldsദോഹ: ഗൃഹാതുരത്വമുണർത്തുന്ന സംഗീതത്തിന്റെ കുളിരോർമകളിലേക്ക് അനുവാചകരെ കൈപിടിച്ചാനയിക്കാൻ ‘ഗൾഫ് മാധ്യമം’ ഒരുക്കുന്ന ‘മെലോഡിയസ് മെമ്മറീസ്’ സംഗീതവിരുന്നിന്റെ ലോഗോ പ്രകാശനം നടന്നു. മാർച്ച് മൂന്നിന് ആസ്പയർ ലേഡീസ് സ്പോർട്സ് ഹാളിൽ നടക്കുന്ന ‘മെലോഡിയസ് മെമ്മറീസി’ന്റെ ടിക്കറ്റ് പ്രകാശനവും ചടങ്ങിൽ നിർവഹിച്ചു. 1990കളിലെയും 2000ത്തിലെയും രാഗാർദ്രമായ മലയാളം, ഹിന്ദി, തമിഴ് മെലഡി ഗാനങ്ങൾ കോർത്തിണക്കുന്ന ‘മെലോഡിയസ് മെമ്മറീസ്’ ഹൃദ്യമായ ഓർമകളിലേക്കുള്ള തിരിഞ്ഞുനടത്തം കൂടിയാകും. താളാത്മകതയിൽ മാന്ത്രികത തീർക്കുന്ന സ്റ്റീഫൻ ദേവസി, പിന്നണിഗായകരായ അഫ്സൽ, കണ്ണൂർ ഷരീഫ്, രചന ചോപ്ര, ചിത്ര അരുൺ, ഷിക പ്രഭാകരൻ, ജാസിം ജമാൽ, അഫ്സൽ മുഹമ്മദ് എന്നിവർക്കൊപ്പം ശബ്ദാനുകരണത്തിൽ വിസ്മയ പ്രകടനമൊരുക്കുന്ന മഹേഷ് കുഞ്ഞുമോനും ചേരുന്നു.
ഗൾഫ് എക്സ്ചേഞ്ച് ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ പ്രദീപ് ബാലകൃഷ്ണൻ, ചീഫ് ഓപറേറ്റിങ് ഓഫിസർ രാജു രാമചന്ദ്രൻ എന്നിവർ ചേർന്ന് ലോഗോ പ്രകാശനം നിർവഹിച്ചു. മൈക്രോ ഹെൽത്ത് ലബോറട്ടറീസ് ചീഫ് സ്ട്രാറ്റജിക് ഓഫിസർ അൽക മീര സണ്ണി, കാൻ ഇന്റർനാഷനൽ ഗ്രൂപ് ഓഫ് കമ്പനീസ് സെയിൽസ് ആൻഡ് മാർക്കറ്റിങ് ഡയറക്ടർ മുഹമ്മദ് ഫഹ്മി മുഹമ്മദ് ഫൈസ് എന്നിവർ ചേർന്ന് ടിക്കറ്റ് പ്രകാശനം ചെയ്തു. മെലോഡിയസ് മെമ്മറീസി’നോടനുബന്ധിച്ച് 17 വയസ്സിൽ താഴെയുള്ളവർക്കായി നടത്തുന്ന ‘സിങ്ങിങ് സ്റ്റാർ’ ഓൺലൈൻ സംഗീത മത്സരത്തിന്റെ പ്രഖ്യാപനം ക്യു.എഫ്.എം റേഡിയോ നെറ്റ്വർക് സി.ഇ.ഒ അൻവർ ഹുസൈൻ നിർവഹിച്ചു. ഈ മത്സരത്തിൽ വിജയിക്കുന്ന കുട്ടിക്ക് മെലോഡിയസ് മെമ്മറീസിന്റെ വേദിയിൽ ഗാനം ആലപിക്കാൻ അവസരമൊരുങ്ങും. ചടങ്ങിൽ മാധ്യമം-മീഡിയവൺ എക്സിക്യൂട്ടിവ് കമ്മിറ്റി ചെയർമാൻ റഹീം ഓമശ്ശേരി സംസാരിച്ചു. ഗൾഫ് മാധ്യമം ഖത്തർ റീജനൽ മാനേജർ ടി.എസ്. സാജിത് നന്ദി പറഞ്ഞു. മെലോഡിയസ് മെമ്മറീസിന്റെ ടിക്കറ്റിനായി 7719 0070 നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.