ഓർമച്ചിത്രങ്ങളുമായി എം.ഇ.എസിലെ ‘മെമ്മറി ട്രെയിൻ’
text_fieldsദോഹ: കൂകിപ്പായുന്ന പഴയ കൽക്കരി എൻജിൻ തീവണ്ടിയുടെ മാതൃകയിൽ അരനൂറ്റാണ്ട് പിന്നിടുന്ന ഒരു കലാലയത്തിന്റെ ചരിത്രം പറയുകയാണ് ഖത്തറിലെ ആദ്യ ഇന്ത്യൻ സ്കൂളായ എം.ഇ.എസ് ഇന്ത്യൻ സ്കൂൾ.
സുവർണ ജൂബിലി ആഘോഷിക്കുന്ന വർഷത്തിൽ വിദ്യാർഥികൾക്കും സന്ദർശകർക്കുമായി സ്കൂളിന്റെ ചരിത്ര വിവരണം ചിത്രങ്ങളിലൂടെ തന്നെ ഒരുക്കിയിരിക്കുന്നു. സ്കൂളിൽ ആരംഭിച്ച 2K24 ശാസ്ത്ര, ഗണിത, കലാ, ചരിത്ര പ്രദർശനത്തിന്റെ ഭാഗമായാണ് മൂന്ന് കമ്പാർട്ട്മെൻറുകളിലായി ഓടുന്ന ട്രെയിനിന്റെ മാതൃക തീർത്ത് സ്കൂളിന്റെ ചരിത്രപ്രദർശനം സംഘടിപ്പിച്ചത്. 50 വർഷത്തെ അതുല്യ ചരിത്രത്തെ 500ലേറെ ചിത്രങ്ങളിലൂടെ കാഴ്ചക്കാരിലേക്ക് പകരുന്നതാണ് പ്രദർശനം.
ചരിത്ര നിമിഷങ്ങൾ, സ്കൂൾ സന്ദർശിച്ച പ്രമുഖകരുടെ ദൃശ്യങ്ങൾ, മുൻകാല മാനേജ്മെൻറ് അംഗങ്ങൾ, മുൻ പ്രിൻസിപ്പൽമാർ എന്നിവരുടെ ചിത്രങ്ങളാൽ അലങ്കരിച്ച തീവണ്ടി ബോഗികൾ പുതുതലമുറക്കും ചരിത്രത്തിലേക്കുള്ള യാത്രയാണ്.
സ്കൂൾ സന്ദർശിച്ച മുൻ രാഷ്ട്രപതി ഗ്യാനി സെയിൽസിങ്, സുപ്രീംകോടതിയിലെ ആദ്യ വനിത ജഡ്ജായിരുന്ന ജസ്റ്റിസ് ഫാത്തിമ ബീവി, ഇതിഹാസ ചിത്രകാരൻ എം.എഫ്. ഹുസൈൻ എന്നിവർ സ്കൂളിൽ നടത്തിയ സന്ദർശനവും ചിത്രങ്ങളിലൂടെ കാണാം.
സ്കൂളിലെ വിവിധ കാലങ്ങളിലെ ആഘോഷ ചിത്രങ്ങളും പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രൗഢഗംഭീരമായ ചടങ്ങിൽ ഖത്തറിലെ ഘാന അംബാസഡർ മുഹമ്മദ് നൂറുദ്ദീൻ ഇസ്മായിൽ ‘മെമ്മറി ട്രെയിൻ’ ഫ്ലാഗ് ഓഫ് ചെയ്തു. ലിവർപൂൾ യൂനിവേഴ്സിറ്റി ഡീൻ ഡോ. റഫൽ അൽ മുഫ്തി, സ്കൂൾ പ്രിൻസിപ്പൽ ഡോ. ഹമീദ ഖാദർ, ഗവേണിങ് ബോർഡ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
സ്കൂളിലെ ഫൈൻ ആർട്സ് അധ്യാപകരായ സുധീർ, സുരേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ചരിത്രം പറയുന്ന പഴയ എൻജിൻ തീവണ്ടിയെ യാഥാർഥ്യമാക്കിയത്. കൽക്കരി എൻജിനിൽനിന്നുള്ള പുകയും ‘എം.ഇ.എസ് ഇന്ത്യൻ സ്കൂൾ എന്ന പേരിൽ സ്റ്റേഷൻ ബോർഡും തീവണ്ടിപ്പാളവും പ്ലാറ്റ്ഫോമും എല്ലാം ഒരുക്കി നീല നിറത്തിലെ ട്രെയിനിനെ അതേപടി ദോഹയിലെ സ്കൂൾ മുറ്റത്ത് സ്ഥാപിച്ചിരിക്കുന്നു.
പഴയ ചിത്രങ്ങളും വിഡിയോകളും സമാഹരിക്കാനും പ്രദർശനത്തിന് സജ്ജമാക്കാനുമായി ഐ.സി.ടി വിഭാഗത്തിലെ ഹാറൂൺ, മുഹമ്മദ് വി.പി എന്നിവരും പങ്കുവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.