സ്വാതന്ത്ര്യദിനം വർണാഭമായി ആഘോഷിച്ച് എം.ഇ.എസ് ഇന്ത്യൻ സ്കൂൾ
text_fieldsഎം.ഇ.എസ് ഇന്ത്യൻ സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പതാക
ഉയർത്തിയപ്പോൾ
ദോഹ: എം.ഇ.എസ് ഇന്ത്യൻ സ്കൂളിൽ അധ്യാപകരും, വിദ്യാർഥികളും രക്ഷിതാക്കളും ചേർന്ന് ഇന്ത്യയുടെ 78ാമത് സ്വാതന്ത്ര്യദിനം വർണാഭമായി ആഘോഷിച്ചു. സ്കൂൾ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ഗവേണിങ് ബോർഡ് പ്രസിഡന്റ് കാഷിഫ് ജലീൽ ദേശീയ പതാക ഉയർത്തി. സ്കൂൾ പ്രിൻസിപ്പൽ ഡോ. ഹമീദ കാദർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.
രാഷ്ട്രത്തെ കെട്ടിപ്പടുക്കാനായി ത്യാഗം ചെയ്ത ധീരദേശാഭിമാനികളോടും, മാതൃകപരമായ ഭരണഘടന സൃഷ്ടിച്ച രാജ്യത്തിന്റെ ശിൽപികളോടും, രാജ്യത്തെ വികസന പാതയിലേക്ക് നയിക്കുന്ന നായകരോടും പൗരന്മാർ എന്ന നിലയിൽ ഓരോ ഭാരതീയനും കടപ്പെട്ടവരായിരിക്കണമെന്ന് അവർ ഓർമിപ്പിച്ചു.
ദേശഭക്തിഗാനങ്ങളോടെയാണ് സ്വാതന്ത്ര്യദിനം ആഘോഷമാക്കിയത്. വിദ്യാർഥികളായ ഷെസ ഫാത്തിമ, അഹമ്മദ് ഫൈസൽ എന്നിവർ സ്വാഗതവും നന്ദിയും പറഞ്ഞു. അധ്യാപിക ഹജീറ കൗസർ നിയന്ത്രിച്ചു. കൾച്ചറൽ കോഓഡിനേറ്റർ ഷബ്രീന ഹൈദർ ഏകോപനം നിർവഹിച്ചു.
ഗവേണിങ് ബോർഡ് ജനറൽ സെക്രട്ടറി ഹസ്മൽ ഇസ്മായിൽ, പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ, അധ്യാപകർ, ജീവനക്കാർ, രക്ഷിതാക്കൾ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു. എം.ഇ.എസ് സ്കൂൾ അബു ഹമൂർ ബ്രാഞ്ചിലും സ്വാതന്ത്ര്യദിനാഘോഷം നടന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.