നീറ്റിനൊരുങ്ങി എം.ഇ.എസ് സ്കൂൾ
text_fieldsദോഹ: ഞായറാഴ്ച നടക്കുന്ന നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ (എൻ.ടി.എ) ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ 'നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിന് (നീറ്റ്) ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി ഖത്തറിലെ ഏക പരീക്ഷ കേന്ദ്രമായ എം.ഇ.എസ് ഇന്ത്യൻ സ്കൂൾ. ആദ്യമായി ഖത്തർ വേദിയാവുന്ന ദേശീയ പ്രവേശന പരീക്ഷക്ക് ഇന്ത്യൻ എംബസിയുടെ കൂടി മേൽനോട്ടത്തിലാണ് തയാറെടുപ്പ്. വിവിധ ഇന്ത്യൻ സ്കൂളുകളിൽനിന്നായി 340ഓളം വിദ്യാർഥികൾ പരീക്ഷയെഴുതും.
ഞായറാഴ്ച ഖത്തർ സമയം രാവിലെ 11.30 മുതൽ ഉച്ച 2.50 വരെയാണ് പരീക്ഷ. എന്നാൽ, രാവിലെ 8.30 മുതൽ സെന്ററിലേക്ക് കുട്ടികൾക്ക് പ്രവേശനം അനുവദിക്കും. പരിശോധന നടപടികൾ പൂർത്തിയാക്കി ഒമ്പത് മണി മുതൽതന്നെ വിദ്യാർഥികൾക്ക് പരീക്ഷ ഹാളിൽ പ്രവേശിക്കാം. എൻ.ടി.എ നിർദേശിച്ച മാനദണ്ഡങ്ങൾ പാലിച്ച്, കർശന മുന്നൊരുക്കങ്ങളോടെയാണ് ഖത്തറിലെ ആദ്യ നീറ്റ് പരീക്ഷക്കായി എം.ഇ.എസ് സ്കൂളും ഒരുങ്ങുന്നത്.
ജൂലൈ 12 മുതൽ നാഷനൽ ടെസ്റ്റിങ് ഏജൻസി വെബ്സൈറ്റ് വഴി അഡ്മിറ്റ് കാർഡുകൾ ലഭ്യമാക്കിത്തുടങ്ങിയിരുന്നു. ഡൗൺലോഡ് ചെയ്ത അഡ്മിറ്റ് കാർഡിൽ രക്ഷിതാവിന്റെ ഒപ്പ് പതിപ്പിച്ചാണ് വിദ്യാർഥികൾ പരീക്ഷക്ക് എത്തേണ്ടത്. പരീക്ഷയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളും നിർദേശങ്ങളും അഡ്മിറ്റ് കാർഡിൽ വിശദീകരിച്ചിട്ടുണ്ട്. പത്തുദിവസം നീണ്ട ഈദ് അവധി കഴിഞ്ഞ് ഓഫിസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഞായറാഴ്ച മുതൽ വീണ്ടും പ്രവർത്തനം ആരംഭിക്കുന്നതിനാൽ നഗരത്തിൽ ഗതാഗതത്തിരക്ക് പരിഗണിച്ച് നേരേത്തതന്നെ വിദ്യാർഥികളെ പരീക്ഷ കേന്ദ്രത്തിൽ എത്താൻ ശ്രദ്ധിക്കണം. എൻ.ടി.എയുടെ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാണ് പരീക്ഷ നടക്കുന്നത് എന്നതിനാൽ, സമയം വൈകുന്നതിനും മറ്റു തയാറെടുപ്പുകളിലും ഒരു വിട്ടുവീഴ്ചയുമുണ്ടാവില്ല.
രക്ഷിതാക്കളെയും കൂടെവന്നവരെയും പ്രവേശിപ്പിക്കില്ല. അഡ്മിറ്റ് കാർഡിലെ മാർഗനിർദേശപ്രകാരം അനുവദിച്ച വസ്തുക്കൾ മാത്രമേ പരീക്ഷ കേന്ദ്രത്തിൽ കൊണ്ടുവരാവൂ.
കഴിഞ്ഞ വർഷം കുവൈത്തിലും ദുബൈയിലും കേന്ദ്രം അനുവദിച്ചിരുന്നു. തുടർന്ന്, രക്ഷിതാക്കളുടെയും നയതന്ത്ര പ്രതിനിധികളുടെയും വിവിധ സാമൂഹിക സംഘടനകളുടെയും ഇടപെടലിനെ തുടർന്നാണ് ഇത്തവണ ഖത്തർ, ഒമാൻ, സൗദി, ബഹ്റൈൻ ഉൾപ്പെടെ ആറ് ജി.സി.സി രാജ്യങ്ങളിലായി എട്ട് കേന്ദ്രങ്ങൾ അനുവദിക്കാൻ തീരുമാനമായത്
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- പരീക്ഷ സമയം രാവിലെ 11.30 മുതൽ ഉച്ച 2.50 വരെ
- 8.30ഓടെ പരീക്ഷ കേന്ദ്രത്തിലേക്ക് പ്രവേശനം അനുവദിക്കും, 11.30ന് എത്തുന്നവരെ ഒരു കാരണവശാലും കേന്ദ്രത്തിൽ പ്രവേശിപ്പിക്കില്ല.
- സെന്റർ നമ്പർ: 990601, സെന്റർ കോഡ്: NTA-EC-O-18750.
- ഫോട്ടോ പതിച്ച അഡ്മിറ്റ് കാർഡ്, അപേക്ഷിക്കുമ്പോൾ ഉപയോഗിച്ച പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ കൈയിൽ കരുതണം. പാസ്പോർട്ടോ അല്ലെങ്കിൽ ആധാർ കാർഡ് ഉൾപ്പെടെയുള്ള സർക്കാർ അംഗീകൃത തിരിച്ചറിയൽ രേഖയോ കൈയിൽ കരുതണം.
- അഡ്മിറ്റ് കാർഡിൽ രക്ഷിതാവിന്റെ ഒപ്പ് പതിച്ചിരിക്കണം
- പരീക്ഷ എഴുതാനുള്ള പേന കേന്ദ്രത്തിൽ വെച്ച് നൽകും. ഇത് ഉപയോഗിച്ചാണ് പരീക്ഷ എഴുതേണ്ടത്.
- രജിസ്ട്രേഷൻ കൗണ്ടറിലെ പരിശോധനക്ക് ശേഷം, പരീക്ഷ ഹാളിൽ പ്രവേശിക്കുമ്പോഴും പരിശോധനയും തെർമൽ ചെക്കിങ്ങും ഉണ്ടായിരിക്കും.
- നാഷനൽ ടെസ്റ്റിങ് ഏജൻസി നിശ്ചയിച്ച ഡ്രസ് കോഡ് ബാധകം. ആഭരണങ്ങൾ, വാച്ച്, വാലറ്റ്, ബെൽറ്റ്, തൊപ്പി ഉൾപ്പെടെ വസ്തുക്കളൊന്നും അണിയാനോ കൈയിൽ കരുതാനോ പാടില്ല. മൊബൈൽ ഫോൺ, ഇയർഫോൺ ഉൾപ്പെടെയുള്ള ഉപകരണങ്ങളും കരുതാൻ പാടില്ല. സെന്ററിൽ ഇവ സൂക്ഷിക്കാനുള്ള സൗകര്യവും ഉണ്ടാവില്ല.
- പേന, പെൻസിൽ, റൈറ്റിങ് പാഡ്, കാൽകുലേറ്റർ, ലോഗ് ടേബ്ൾ, പ്ലാസ്റ്റിക് പൗച് ഉൾപ്പെടെ സ്റ്റേഷനി വസ്തുക്കളും പരീക്ഷ കേന്ദ്രത്തിൽ അനുവദിക്കില്ല.
- പരീക്ഷ കഴിഞ്ഞശേഷം അഡ്മിറ്റ് കാർഡും ഒ.എം.ആർ ഷീറ്റും ഇൻവിജിലേറ്റർക്ക് നൽകിയശേഷം മാത്രമേ ഹാളിൽ നിന്നും പുറത്തിറങ്ങാൻ പാടുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.