തിരുപ്പിറവിയുടെ സന്ദേശം
text_fields'കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും. അവന്
'ദൈവം നമ്മോട്കൂടെ' എന്നർഥമുള്ള ഇമ്മാനുവേൽ എന്ന്
പേർ വിളിക്കും' (മത്താ 1:22).
'ആശങ്ക വേണ്ട സർക്കാർ ഒപ്പമുണ്ട്' -ഈ മഹാമാരികാലത്ത് കേരളത്തിൽ അലയടിച്ച ഒരു വാചകമാണിത്. കോവിഡിനെ പ്രതിരോധിക്കുവാൻ സർക്കാർ സംവിധാനങ്ങൾ ജനങ്ങൾക്കൊപ്പം ഉണ്ട് എന്ന വാഗ്ദാനം. എന്നാൽ, ഈ വാഗ്ദാനത്തിനും പരിമിതികളുണ്ടായിരുന്നു.
ഒറ്റപ്പെടുത്തി, തിരിഞ്ഞു നോക്കിയില്ല, കൂടെ ഉണ്ടായില്ല എന്നീ പരിഭവങ്ങൾ മനുഷ്യരിൽ നിന്ന് സർവസാധാരണമായി കേൾക്കാറുണ്ട്. കോവിഡ് ഉയർത്തിയ വെല്ലുവിളികൾക്കിടെ പലരും അറിയാതെ സമാനമായ പരിഭവങ്ങൾ ഉയർത്തിയിട്ടുണ്ടാവും. ദൈവമേ നീ കൂടെയില്ലേ?. നീ എന്തേ പ്രാർഥന കേൾക്കാത്തത്?. ഇത്തരത്തിലുള്ള ചോദ്യങ്ങൾ പലപ്പോഴും മനുഷ്യരെ തളർത്താറുണ്ട്. ഇതേ ചോദ്യങ്ങൾ ഉയർത്തിയ ഒരു ജനതക്കുള്ള മറുപടിയും വാഗ്ദാനവുമാണ് ഇമ്മാനുവേലിെൻറ പിറവി. അത് ദൈവം നമ്മോട് കൂടെയുണ്ട് എന്ന ഉറപ്പാണ്.
2021 വർഷങ്ങൾക്കപ്പുറം ദൈവം തെൻറ ജനതയുടെ കൂടെയുണ്ട് എന്ന വാഗ്ദാനം സാക്ഷാത്കാരമായി തീർന്ന ചരിത്ര സംഭവമായിട്ടാണ് മത്തായി സുവിശേഷകൻ തിരുപ്പിറവിയെ രേഖപ്പെടുത്തിയത്. മാനവചരിത്രത്തിലെ ഏറ്റവും വലിയ വാഗ്ദാനത്തിെൻറ പൂർത്തീകരണം.
യേശുവിെൻറ വംശാവലി പറഞ്ഞുകൊണ്ടാണ് ഇമ്മാനുവേലായി യേശുവിനെ മത്തായി സുവിശേഷകൻ അവതരിപ്പിക്കുന്നത്. ഈ വംശാവലി പരിശോധിക്കുമ്പോൾ വേദപുസ്തകത്തിലെ പഴയനിയമ ചരിത്രത്തിലെ ശക്തരും ശ്രേണീമഹിമയുള്ള പുരുഷന്മാരുടെ പേരുകൾക്കൊപ്പം ബലഹീനരും ശ്രേണീമഹിമകൾ ഒന്നും അവകാശപ്പെടാനുമില്ലാത്ത സ്ത്രീകൾ ഉൾപ്പെയെുള്ളവരുടെ പേരുകളും രേഖപ്പെടുത്തുന്നതിലൂടെ ദൈവം എല്ലാവർക്കുമൊപ്പമുണ്ട് എന്ന സന്ദേശമാണ് നൽകുന്നത്.
അരികുകളിൽ കഴിയുന്നവരെ ചേർത്തുപിടിക്കുവാനും, അതിരുകൾക്ക് പുറത്ത് കഴിയുന്നവരെയും, അസ്പൃശ്യരെയും സ്പർശിക്കുന്ന സാന്നിധ്യമായി അവനുണ്ട്. രോഗികൾക്ക് സൗഖ്യദായകനായി അവൻ ഒപ്പമുണ്ട്. സങ്കടപ്പെടുന്നവരിൽ ആശ്വാസമായുണ്ട്.
അകറ്റിനിർത്തപ്പെട്ടവരുടെ കൂടെയുണ്ട്. പ്രമാണങ്ങൾ പാപിയായി പ്രഖ്യാപിച്ചവരുടെയും ശിക്ഷാവിധി കൽപിക്കപ്പെട്ടവരുടെയും കൂടെ രക്ഷകനായി മാനസാന്തരത്തിലേക്ക് നയിക്കുന്ന സാന്നിധ്യമായി അവനുണ്ട്.
ജീവിതയാത്രയിൽ നമുക്കെതിരെ ഉയരുന്ന പ്രതിസന്ധിയിൽ, പ്രതികൂല സാഹചര്യങ്ങളിൽ രോഗങ്ങളിൽ, ദുഃഖങ്ങളിൽ നാം തനിച്ചല്ല.
ഭയപ്പെടേണ്ടതില്ല 'ദൈവം കൂടെയുണ്ട്' എന്ന വാഗ്ദാനമാണ് എപ്പോഴും കരുത്ത്. ഈ വാഗ്ദാനത്തെ ഒന്നുകൂടി മുറുകെ പിടിക്കുന്നതും ഓർമിക്കുന്നതുമാകട്ടെ ഈ ആഗമനകാലം.
ലേഖകൻ: (വികാരി- സെന്റ് തോമസ് സി.എസ്.ഐ ചർച്ച്, ദോഹ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.