മെസ്സിയും സംഘവും അടുത്തയാഴ്ച ഖത്തറിൽ
text_fieldsദോഹ: കാൽപന്തുകളിയുടെ മഹാമേളക്കൊരുങ്ങുന്ന ഖത്തറിന്‍റെ മണ്ണിലേക്ക്, ആവേശം വാനോളമുയർത്താൻ കളിയുടെ ഇതിഹാസങ്ങളെത്തുന്നു. വരാനിരിക്കുന്ന ലോകകപ്പിൽ വിവിധ ടീമുകളുടെ സൂപ്പർ താരങ്ങളായി മാറാൻ ഒരുങ്ങുന്ന പി.എസ്.ജിയുടെ താരരാജാക്കൻമാരാണ് അടുത്തയാഴ്ച ഖത്തറിലെത്തുന്നത്. മേയ് 15, 16 തീയതികളിൽ ലയണൽ മെസ്സി, കിലിയൻഎംബാപ്പെ, നെയ്മർ എന്നിവരടങ്ങിയ ഫ്രഞ്ച് ലീഗ് ചാമ്പ്യൻ ടീം ദോഹയിൽ പര്യടനം നടത്തും. ലീഗിൽ തങ്ങളുടെ അവസാന മത്സരം മേയ് 14 പൂർത്തിയാക്കിയതിനു പിന്നാലെയാവും ടീമിന്‍റെ വരവ്.
കഴിഞ്ഞ ജനുവരിയിൽ സീസൺ മധ്യേ ഖത്തറിലെത്താൻ പദ്ധതിയിട്ട പി.എസ്.ജി ഒമിക്രോൺ വ്യാപനത്തെ തുടർന്ന് പര്യടനത്തിൽ നിന്നും പിൻവാങ്ങുകയായിരുന്നു. രണ്ടു ദിവസം ഖത്തറിൽ വിവിധ പരിപാടികളിലും മറ്റുമായി സംബന്ധിക്കും. സൗഹൃദ മത്സരങ്ങളൊന്നും ഷെഡ്യൂൾ ചെയ്തിട്ടില്ല. ലോകകപ്പിനായൊരുക്കിയ രണ്ട് സ്റ്റേഡിയങ്ങളും ടീം സന്ദർശിക്കുമെന്ന് പി.എസ്.ജി അധികൃതർ അറിയിച്ചു.
ഖത്തറിന്‍റെ ഉടമസ്ഥതയിയുള്ള ടീം, ആസ്പെറ്റാർ, ഉരീദു, ഖത്തർ എയർവേസ്, ഖത്തർ ടൂറിസം, ക്യൂ.എൻ.ബി എ.എൽ.എൽ എന്നിവയുടെ പരിപാടികളിൽ പങ്കാളികളാവും. ടീമിന്‍റെ സന്ദർശനത്തിന്‍റെ ഭാഗമായി വിവിധ പ്രൊമോഷൻ പോസ്റ്ററുകളും സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചു. മൗറിസിയോ പൊച്ചെട്ടിനോയുടെ നേതൃത്വത്തിലുള്ള ടീം നിലവിൽ വെല്ലുവിളികളില്ലാതെ തങ്ങളുടെ 10ാം ലീഗ് വൺ കിരീടവും സ്വന്തമാക്കി. എന്നാൽ, ചാമ്പ്യൻസ് ലീഗിൽ പ്രീക്വാർട്ടറിൽ റയൽ മഡ്രിഡിനോട് തോറ്റു പുറത്തായിരുന്നു.
മെസ്സി, ഡി മരിയ അർജന്‍റീന, നെയ്മറിന്‍റെ ബ്രസീൽ, എംബാപ്പെയുടെ ഫ്രാൻസ്, ജൂലിയൻ ഡ്രാക്സ്ലറിന്റെ ജർമനി എന്നിവർ നിലവിൽ ലോകകപ്പിന് യോഗ്യത നേടിയവരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.