ആ ‘ബിഷ്ത്’ ബാഴ്സലോണയിലെ വീട്ടിൽ സൂക്ഷിക്കുമെന്ന് മെസ്സി
text_fieldsദോഹ: അഭിമാനമുദ്രയുടെ മേലങ്കിയായി ചരിത്രത്തിൽ അടയാളപ്പെടുത്തിയ ആ ‘ബിഷ്ത്’ ലയണൽ മെസ്സിയെന്ന ഇതിഹാസതാരം ബാഴ്സലോണയിലുള്ള തന്റെ വീട്ടിൽ സൂക്ഷിക്കും.
കരിയറിൽ അത്രമേൽ ആഗ്രഹിച്ച വിശ്വകിരീടത്തിന്റെ സുവർണശോഭയിലേക്ക് ഡ്രിബ്ൾ ചെയ്തു കയറിയ മണ്ണിൽനിന്ന് ആധുനിക ഫുട്ബാളിലെ അജയ്യതാരത്തിന് ഖത്തർ ആദരസൂചകമായി അണിയിച്ചതായിരുന്നു ആ ഗോൾഡൻ ബിഷ്ത്.
ലോകകപ്പ് ഫൈനലിൽ കിരീടത്തിൽ മുത്തമിട്ട അർജന്റീന നായകന് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയാണ് ഖത്തറിന്റെ മഹത്തായ പാരമ്പര്യം വിളക്കിച്ചേർത്ത ആ സവിശേഷ അങ്കി അണിയിച്ചുനൽകിയത്.
അർജന്റീനിയൻ മാഗസിനായ ‘ഒലേ’ക്ക് നൽകിയ അഭിമുഖത്തിലാണ് ബിഷ്ത് ബാഴ്സലോണയിലെ വീട്ടിൽ സൂക്ഷിക്കുമെന്ന് മെസ്സി വെളിപ്പെടുത്തിയത്. ലോകകപ്പ് ഫൈനലിന്റെ ഓർമക്കായി എന്തൊക്കെയാണ് സൂക്ഷിച്ചുവെക്കുന്നതെന്ന് ചോദിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘എല്ലാം എന്റെ കൈയിലുണ്ട്. ബൂട്ടുകൾ, ജഴ്സികൾ, പിന്നെ ബിഷ്തും’ -മെസ്സി പറഞ്ഞു. ബിഷ്ത് ഉൾപ്പെടെ, ലോകകപ്പിന്റെ ഓർമക്കായി കരുതിവെക്കുന്ന സാധനങ്ങൾ അർജന്റീന ഫുട്ബാൾ അസോസിയേഷന്റെ പക്കൽ സുരക്ഷിതമായി സൂക്ഷിക്കാനേൽപിച്ചിരിക്കുകയാണ്. അവ ഏറ്റുവാങ്ങി അടുത്ത മാസം ബാഴ്സലോണയിലെ വീട്ടിലേക്ക് കൊണ്ടുപോകും. അവിടെ ‘ഒരുപാടു സാധനങ്ങളും ഒരുപാട് ഓർമകളും’ ഉണ്ടെന്നും മെസ്സി പറഞ്ഞു.
ഫൈനലിൽ മെസ്സിയെ അമീർ ബിഷ്ത് അണിയിച്ചതോടെ അറേബ്യൻ പാരമ്പര്യത്തിന്റെ ആ മഹിതമായ അടയാളം ലോകമെങ്ങും ശ്രദ്ധ നേടി. ലോകകപ്പിനെത്തിയ നിരവധി ആരാധകരാണ് പിന്നീട് ബിഷ്ത് വിൽക്കുന്ന ദോഹയിലെ കടകളന്വേഷിച്ചു കണ്ടെത്തി അവ വാങ്ങിക്കൊണ്ടുപോയത്.
സൂഖ് വാഖിഫിലെ ബിഷ്ത് അൽസലേം എന്ന കടയിലാണ് മെസ്സി ധരിച്ച ബിഷ്ത് നിർമിച്ചത്. ഫൈനലിന് മണിക്കൂറുകൾക്കകം അവിടെയുണ്ടായിരുന്ന ബിഷ്തെല്ലാം ചൂടപ്പംപോലെ വിറ്റുപോയതായി സെയിൽസ് മാനേജർ മുഹമ്മദ് മുസമ്മിൽ പറഞ്ഞു.
‘കട തുറക്കാനെത്തിയപ്പോൾ ബിഷ്ത് വാങ്ങാനെത്തിയവരുടെ നീണ്ട നിരയുണ്ടായിരുന്നു. അധികവും അർജന്റീന ആരാധകരായിരുന്നു.
മെസ്സി ധരിച്ച അതേ രീതിയിലുള്ള ബിഷ്താണ് എല്ലാവർക്കും വേണ്ടിയിരുന്നത്. ഒരു ബിഷ്ത് കിട്ടാതെ പോകില്ലെന്ന് വാശിപിടിച്ചുനിന്ന ആരാധകരും അക്കൂട്ടത്തിലുണ്ടായിരുന്നു’ -മുസമ്മിൽ പറഞ്ഞു. ഫൈനലിനു പിന്നാലെ മെസ്സിയുടെ ബിഷ്തിന് ഒമാൻ പാർലമെന്റംഗമായ അഹ്മദ് അൽ ബർവാനി പത്തുലക്ഷം ഡോളർ വില പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.