ഖത്തറിന്റെ ആകാശത്തും കാണാം ഉൽക്കാമഴ
text_fieldsദോഹ: ആകാശത്തെ അദ്ഭുതകാഴ്ചകൾ ഇഷ്ടമാണോ നിങ്ങൾക്ക്. എങ്കിൽ, ഈയാഴ്ചയിലെ ശനി, ഞായർ രാത്രികൾ നഷ്ടപ്പെടുത്തരുത്. അനന്തമായി പരന്നു കിടക്കുന്ന ആകാശത്തേക്ക് മലർന്നു കിടന്ന് നോക്കിയാൽ നിങ്ങളെ കാത്തിരിക്കുന്നത് അദ്ഭുതകാഴ്ചകളാകും.
ആകാശ വിസ്മയങ്ങളിൽ ഒന്നായ ഉൽക്കാവർഷം ഈ ദിവസങ്ങളിൽ ഖത്തറിൻെറ ആകാശത്തും തെളിമയോടെ ദൃശ്യമാവുമെന്ന് ജ്യോതിശാസ്ത്ര നിരീക്ഷകർ പറയുന്നു. കഴിഞ്ഞയാഴ്ചയായി സൂപ്പർ മൂൺ കൺനിറയെ കണ്ട് ചന്ദ്ര അടുത്തറിഞ്ഞതിൻെറ ആവേശത്തിനു പിന്നാലെയാണ് ആകാശനിരീക്ഷകർക്ക് മറ്റൊരു സന്തോഷമായി ഉൽക്കാ വർഷമെത്തുന്നത്. മുൻകാലങ്ങളേക്കാൾ തെളിമയോടെ പ്രകൃതി പ്രതിഭാസം അരികെ നിന്നു കാണാമെന്നാണ് ഇത്തവണത്തെ പ്രത്യേകത. ആകാശം കൂടുതൽ ഇരുണ്ടതായി മാറുന്ന അന്തരീക്ഷത്തിലാവും കണ്ണിന് മുന്നിൽ തീപന്തംപോലെ ഉൽക്കകൾ പോയ് മറയുന്നത്. ഓരോ മണിക്കൂറിലും 100 മുതൽ 120 വരെ ഉൽക്കകൾ തീജ്വാലയായി ആകാശത്തിലൂടെ കടന്നു പോകുമെന്നാണ് ജ്യോതി ശാസ്ത്രജ്ഞർ നിരീക്ഷിക്കുന്നത്.
നഗ്നനേത്രങ്ങൾകൊണ്ടു തന്നെ കാണാൻ കഴിയുന്നതിനാൽ, ആകാശ കാഴ്ചകൾ ഇഷ്ടപ്പെടുന്നവർക്കടുള്ള അപൂർവ വിരുന്ന് കൂടിയാകുമിത്.
പ്രഭാതത്തോട് അടുക്കുംതോറും ഉൽക്കാവർഷത്തിന്റെ നിരക്ക് കൂടും. അറബ് ലോകത്ത് ദൃശ്യമാകുന്ന ഉൽക്കാമഴകളിൽ പ്രധാനപ്പെട്ട പെർസീഡ്സ് ആണ് വരും ദിനങ്ങളിൽ വിരുന്നെത്തുന്നത്. ഈ വർഷത്തെ ഏറ്റവും വിസ്മയിപ്പിക്കുന്ന ഉൽക്കാവർഷം പ്രതീക്ഷിക്കുന്ന ആഗസ്റ്റ് 12ന് വിവിധ അറബ് രാജ്യങ്ങളിൽ ആകാശ നിരീക്ഷകർ വിവിധ പരിപാടികൾ ഒരുക്കിയിട്ടുണ്ട്.
എങ്ങനെകാണാം
- കസേരയിൽ ഇരുന്ന് ആകാശ നിരീക്ഷണം നടത്തരുത്. വീടിന്റെ മേൽക്കുരയിലോ, കാഴ്ച തടസ്സമില്ലാത്ത സ്ഥലങ്ങളിലോ മലർന്നു കിടന്ന് തന്നെ ആകാശ നിരീക്ഷണം നടത്താവുന്നതാണ്.
- ഖത്തറിലെ പ്രമുഖ ആസ്ട്രോണോ ഫോട്ടോഗ്രാഫർ അജിത് എവറസ്റ്ററുടെ നേതൃത്വത്തിൽ കറാറയിൽ നിരീക്ഷണത്തിന് സൗകര്യം ഒരുക്കുന്നുണ്ട്. നഗ്ന നേത്രങ്ങൾകൊണ്ട് കാണാൻ കഴിയുമെങ്കിലും രണ്ട് ടെലസ്കോപ്പുകളും സജ്ജമാക്കുന്നതായി അജിത് അറിയിച്ചു. ഗ്രഹങ്ങൾ കാണുന്നതിനു വേണ്ടിയാണ് ടെലസ്കോപ്പുകൾ ഒരുക്കുന്നത്.
- ഇരുണ്ട ആകാശത്താണ് കൂടുതൽ കാഴ്ചയുണ്ടാവുക. കസേര ഒഴിവാക്കി, കിടന്നു കാണുന്നത് ആകാശത്തിന്റെ 360 ഡിഗ്രി കാഴ്ച നൽകും. മൊബൈൽ വെളിച്ചം ഉൾപ്പെടെ വൈറ്റ് ലൈറ്റുകൾ പൂർണമായും ഒഴിവാക്കിയാണ് നിരീക്ഷണത്തിന് ഒരുങ്ങേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.