സേവന ആപ്പിൽ മെട്രാഷ് സൂപ്പറാണ്
text_fieldsദോഹ: ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ വിവിധോദ്ദേശ്യ മൊബൈൽ ആപ്പായ മെട്രാഷ് രണ്ടിന് അറബ് ഗവേൺമെന്റ് എക്സലൻസ് പുരസ്കാരം.
മികച്ച സ്മാർട്ട് ഗവേൺമെന്റ് ആപ്പായാണ് അറബ് ലീഗ് ജനറൽ സെക്രട്ടറിയേറ്റിന് കീഴിൽ നടന്ന അറബ് ഗവൺമെന്റ് എക്സലൻഡ് അവാർഡ് മത്സരത്തിൽ നേടിയത്.
അറബ് രാജ്യങ്ങളിൽ സർക്കാർ സേവനങ്ങൾ ഏറ്റവും ലളിതവും സുരക്ഷിതമുമായി പൊതുജനങ്ങൾക്ക് ലഭ്യമാകുന്ന സ്മാർട് ടെക്നോളജി സംവിധാനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുരസ്കാരം ഏർപ്പെടുത്തിയത്.
കൈറോയിലെ അറബ് ലീഗ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻസ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ അബ്ദുല്ല ഖലീഫ അൽ മുഫ്ത ഉൾപ്പെടെ പങ്കെടുത്തു. കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻസ് സിസ്റ്റം ഡയറക്ടർ ജനറൽ ബ്രി. ജനറൽ ജാസിം അൽ ബുഹാഷിം പുരസ്കാരം ഏറ്റുവാങ്ങി.
വിവിധ അറബ് രാജ്യങ്ങളിൽനിന്നുള്ള മുൻനിര സർക്കാർ ആപ്പുകളുമായുള്ള മത്സരത്തിനൊടുവിലായിരുന്നു ഖത്തറിലെ ഏറ്റവും ജനകീയമായ സർക്കാർ ആപ്പായ മെട്രാഷ് രണ്ട് പുരസ്കാരം സ്വന്തമാക്കിയത്. നൂതന സാങ്കേതിക മികവ്, ഉപയോക്താക്കൾക്ക് എല്ലാ സേവനങ്ങളും വാഗ്ദാനം ചെയ്യുന്ന സംവിധാനം, വിപുലമായ സർക്കാർ സേവനങ്ങൾ, മുഴുസമയവുമുള്ള ലഭ്യത എന്നിവ ‘മെട്രാഷിനെ’ മികവുറ്റതാക്കി. ഏറ്റവും മികച്ച സുരക്ഷയും സ്വകാര്യതയും നിലനിർത്തുന്നതും മെട്രാഷിന്റെ പ്രത്യേകതയാണ്.
കഴിഞ്ഞ ഏതാനും വർഷങ്ങളായി ഖത്തറിലെ പ്രവാസികളും സ്വദേശികളും ഉൾപ്പെടെ ഓരോ വ്യക്തിയുടെയും ജീവിതത്തിലെ നിർണായക സേവന ഉപാധിയായി മാറിയ മെട്രാഷ് ഇതിനകം തന്നെ പ്രാദേശികവും മേഖല, അന്താരാഷ്ട്രതലത്തിലുമായി ഒട്ടനവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ഓരോ തവണയും പുതിയ സേവനങ്ങൾ കൂട്ടിച്ചേർത്തും അതിവേഗത്തിൽ സേവനം ഉറപ്പാക്കിയും മികച്ച പ്രകടനമാണ് മെട്രാഷ് നിലനിർത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.