ലിങ്ക് സർവിസ് യാത്രക്ക് ഇനി സ്മാർട്ട് കാർഡ് സ്കാനിങ്
text_fieldsദോഹ: ദോഹ മെട്രോയുടെ ഫീഡർ ബസുകളായ മെട്രോ ലിങ്ക് സർവിസ് ഉപയോഗിക്കുന്ന യാത്രക്കാർക്ക് സ്മാർട്ട് കാർഡ് സ്കാനിങ് നിർബന്ധമാക്കി കർവ. ഒക്ടോബർ ഒന്ന് മുതലാണ് യാത്രക്കാർക്ക് ബസുകളിൽ പ്രവേശിക്കുമ്പോഴും, പുറത്തിറങ്ങുമ്പോഴും സ്മാർട്ട് കാർഡ് സ്കാനിങ്ങ് നിർബന്ധമാവുന്നത്.
കർവ സ്മാർട്ട് കാർഡോ, കർവ ജേണി പ്ലാനർ ആപ്പിലെ ക്യൂ.ആർ കോഡോ സ്കാൻ ചെയ്ത് യാത്രക്കാർക്ക് മെട്രോ ലിങ്ക് ബസുകൾ ഉപയോഗപ്പെടുത്താനാവുന്നതാണ്. ലോകകപ്പ് ഫുട്ബാളിന് മുന്നോടിയായി കഴിഞ്ഞ വർഷം ഏപ്രിൽ മാസത്തിൽതന്നെ കർവ ആപ് വഴി മെട്രോ ലിങ്ക് യാത്രക്കുള്ള സ്മാർട്ട് കാർഡും ഇ-ടിക്കറ്റും പ്രാബല്യത്തിൽ വന്നിരുന്നു. യാത്രക്കാർക്ക്, കർവ ആപ് ഉപയോഗിച്ച് ഇ-ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാനുള്ള സൗകര്യം നൽകിയിരുന്നു.
എന്നാൽ, ഇതുവരെ നിർബന്ധമാക്കിയിട്ടില്ല. ഒക്ടോബർ ഒന്ന് മുതൽ മെട്രോ ഉപയോഗിച്ച് യാത്ര ചെയ്യുന്നവർ ലിങ്ക് ബസിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും സ്മാർട്ട് കാർഡോ, ക്യൂ.ആർ കോഡോ സ്കാൻ ചെയ്യണം. അതേസമയം, യാത്രാ സൗജന്യം തുടരും. കർവ ബസ് ആപ്ലിക്കേഷൻ ഡൗൺ ലോഡ് ചെയ്ത് സൈൻ ഇൻ ചെയ്ത് ലഭിക്കുന്ന ഇ-ടിക്കറ്റ് ഉപയോഗിക്കാവുന്നതാണ്.
ഒരിക്കൽ ഡൗൺലോഡ് ചെയ്യുന്ന ക്യു.ആർ ടിക്കറ്റ് മെട്രോലിങ്കുവഴിയുള്ള പിന്നീടുള്ള യാത്രക്കും ഉപയോഗപ്പെടുത്താവുന്നതാണ്.
ഇ-ടിക്കറ്റ് ഡൗൺലോഡ് ചെയ്യുന്നത് എങ്ങനെ
1- കർവ ബസ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് സൈൻ ഇൻ ചെയ്യുക.
2 - ബസിൽ കയറുന്നതിന് മുമ്പു തന്നെ ആപ്ലിക്കേഷനിൽനിന്നും ‘ഇ-ടിക്കറ്റ് ഡൗൺലോഡ്’ ചെയ്യുക.
3- ശേഷം, ‘മെട്രോ ലിങ്ക് ക്യൂ.ആർ ടിക്കറ്റ്’ ക്ലിക്ക് ചെയ്യുക.
4- അടുത്ത ഘട്ടമായി ഗോൾഡൻ ക്യൂ.ആർ കോഡിൽ നിങ്ങളുടെ ഇ-ടിക്കറ്റ് മൊബൈൽ ഫോണിൽ തെളിയും.
5 -ബസിലെ റീഡറിൽ ടിക്കറ്റ് സ്കാൻ ചെയ്യുന്നതോടെ പ്രവേശിക്കാനും പുറത്തിറങ്ങാനും കഴിയും. ഒരു തവണ ഇ-ടിക്കറ്റ് ഡൗൺ ലോഡ് ചെയ്താൽ എപ്പോഴും ഉപയോഗിക്കാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.