കുതിച്ചുപായാൻ മെട്രോ
text_fieldsദോഹ: ലോകകപ്പ് വേളയിൽ സന്ദർശകരുടെ പ്രധാന ആശ്രയമായി മാറുന്ന ദോഹ മെട്രോ സർവസജ്ജീകരണങ്ങളോടെ തയാറെടുപ്പിലേക്ക്. യാത്രക്കാരുടെ എണ്ണത്തിലുണ്ടാകുന്ന ഗണ്യമായ വർധന കണക്കിലെടുത്ത് പ്രതിദിനം 110 ട്രെയിനുകൾ വിന്യസിക്കാനും ദിവസേന 21 മണിക്കൂർ വരെ സർവിസ് നടത്താനുമുള്ള പദ്ധതിയുമായി ഖത്തർ റെയിൽ. ലോകകപ്പ് സമയത്ത് ഒരുദിവസം ഏഴുലക്ഷത്തോളം യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്. ഇത് സാധാരണ ദിവസങ്ങളിലെ യാത്രക്കാരുടെ എണ്ണത്തേക്കാൾ ആറിരട്ടിയാകും.
പ്രവർത്തനം സുഗമമാക്കുന്നതിനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി 10,000ലധികം ജീവനക്കാരായിരിക്കും ദോഹ മെട്രോക്ക് വേണ്ടി പ്രവർത്തിക്കുകയെന്ന് മുനിസിപ്പാലിറ്റി മന്ത്രിയും ഖത്തർ റെയിൽ സി.ഇ.ഒയും മാനേജിങ് ഡയറക്ടറുമായ ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ സുബൈഈ പറഞ്ഞു.
റെഡ് ലൈനിൽ സർവിസ് നടത്തുന്ന ട്രെയിൻ ബോഗികൾ മൂന്നിൽനിന്ന് ആറായി വർധിപ്പിച്ചിട്ടുണ്ടെന്നും ഡോ. അബ്ദുല്ല അൽ സുബൈഈ ചൂണ്ടിക്കാട്ടി. മെട്രോ സ്റ്റേഷനുകളിൽ സുരക്ഷിതമായും ഫലപ്രദമായും ജനക്കൂട്ടത്തെ നിയന്ത്രിക്കുക എന്ന തലക്കെട്ടിൽ ഖത്തർ റെയിൽ സംഘടിപ്പിച്ച യോഗത്തോടനുബന്ധിച്ച് മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
മെട്രോ സ്റ്റേഷനുകളിൽ സുരക്ഷിതമായും കാര്യക്ഷമമായും ജനക്കൂട്ടത്തെ നിയന്ത്രിക്കുകയെന്നത് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിലെ പ്രധാന ഘടകമാണെന്നും ലോകകപ്പ് വേളയിൽ ഉപഭോക്താക്കളുടെ യാത്രാനുഭവം മികച്ചതാക്കുന്നതിലും ഇത് നിർണായകമാണെന്നും അദ്ദേഹം വ്യക്തമാക്കി. ലോകകപ്പിനായുള്ള തയാറെടുപ്പിലും ഒരുക്കങ്ങളിലും ഖത്തർ റെയിൽ കൃത്യമായ പാതയിലാണ്. ഖത്തർ ആതിഥ്യം വഹിക്കുന്ന ഈ ആഗോള കായിക മാമാങ്കത്തിനായുള്ള സമഗ്ര പൊതുഗതാഗത പദ്ധതിയിലെ പ്രധാന ഘടകമാണ് ദോഹ മെട്രോ.
2019ലാണ് ദോഹ മെട്രോ പ്രവർത്തനമാരംഭിക്കുന്നത്. ഡ്രൈവർമാരില്ലാത്ത അത്യാധുനിക സംവിധാനമാണ് ദോഹ മെട്രോ. പ്രധാന പരിപാടികളിലടക്കം വലിയ അളവിൽ യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷി ഇതിനുണ്ട്. നേരത്തെ തന്നെ വലിയ ചാമ്പ്യൻഷിപ്പുകളിലും പരിപാടികളിലുമായി ദോഹ മെട്രോ അതിന്റെ ശേഷി പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടുണ്ട് -മന്ത്രി വിശദീകരിച്ചു.
ഫിഫ ലോകകപ്പ് ഖത്തർ 2022 എക്സിക്യൂട്ടിവ് കമ്മിറ്റി ചെയർമാനും എസ്.സി.ഡി.എൽ ഡയറക്ടർ ജനറലുമായ എൻജി. യാസിർ ജമാൽ, ഗതാഗത മന്ത്രാലയം ലാൻഡ് ട്രാൻസ്പോർട്ട് ആക്ടിങ് അസി. അണ്ടർ സെക്രട്ടറി എൻജി. ഹമദ് ഈസ അബ്ദുല്ല, ആഭ്യന്തര മന്ത്രാലയം ട്രാൻസ്പോർട്ട് സെക്യൂരിറ്റി വിഭാഗം മേധാവി ലെഫ്. കേണൽ സാലിം അൽ നഈമി എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.