ദോഹയിൽ എം.ജി കാമ്പസ്; നടപടികൾ വേഗത്തിൽ
text_fieldsദോഹ: ഖത്തറിലെ ഇന്ത്യൻസമൂഹം ആവേശത്തോടെ കാത്തിരിക്കുന്ന എം.ജി സർവകലാശലയുടെ ദോഹ ഓഫ് ഷോർ കാമ്പസിനുള്ള നപടികൾക്ക് അതിവേഗം. ജനുവരി അവസാന വാരത്തിൽ യു.ജി.സി അംഗീകാരം ലഭിച്ചതിനുപിന്നാലെ, കഴിഞ്ഞദിവസം എം.ജി സർവകലാശാല സിൻഡിക്കേറ്റിന്റെ കൂടി അനുമതി ലഭിച്ച വാർത്ത ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യൻ സമൂഹം എതിരേറ്റത്.
കാമ്പസ് ആരംഭിക്കുന്നത് സംബന്ധിച്ച ചർച്ചകൾക്കായി മാർച്ച് അവസാനവാരത്തിൽ എം.ജി സർവകലാശാലാസംഘം ദോഹ സന്ദർശിക്കുകയും ഖത്തർ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ഉദ്യോഗസ്ഥർ, മുൻ പ്രധാനമന്ത്രി അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ ആൽഥാനി, ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ, വിവിധ ഇന്ത്യൻ കമ്യൂണിറ്റി നേതാക്കൾ, എം.ഇ.എസ് ഇന്ത്യൻ സ്കൂൾ ഭാരവാഹികൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
എം.ജി സർവകലാശാല പ്രോ-വൈസ് ചാൻസലർ ഡോ. സി.ടി. അരവിന്ദകുമാറിന്റെ നേതൃത്വത്തിൽ പ്രഫ. ഇല്യാസ് മുഹമ്മദ്, ഡോ. ഷാജില ബീവി, ഡോ. റോബിൻ ജേക്കബ്, ഡോ. സുധാകരൻ എന്നീ സിൻഡിക്കേറ്റ് അംഗങ്ങളും ഉൾപ്പെടുന്ന സംഘമായിരുന്നു ദോഹ സന്ദർശിച്ചത്. ഖത്തർ ഭരണകൂടുത്തിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് എം.ജി വാഴ്സിറ്റി തങ്ങളുടെ ആദ്യ വിദേശ കാമ്പസ് ദോഹയിൽ ആരംഭിക്കാൻ ഒരുങ്ങുന്നത്. അക്കാദമിക മേഖലയിലെ മികവും ടൈംസ് രാജ്യാന്തര റാങ്കിങ്ങിൽ മികച്ച സ്ഥാനം അലങ്കരിക്കുന്നതും എം.ജിക്ക് അനുഗ്രഹമായി മാറി. ഇന്ത്യൻ അംബാസഡറുടെ കൂടി താൽപര്യത്തിൽ ക്ഷണം സ്വീകരിച്ച എം.ജിയുടെ നീക്കത്തിന് കേരളസർക്കാർ, വിദ്യാഭ്യാസവകുപ്പ്, കേന്ദ്ര വിദേശകാര്യ വകുപ്പ്, ആഭ്യന്തര മന്ത്രാലയം എന്നിവയുടെ അനുമതി നേരത്തെ ലഭിച്ചു.
പിന്നാലെ, യു.ജി.സിയുടെ അംഗീകാരവുമായതോടെയാണ് വിദഗ്ധ സംഘം ഖത്തറിലെത്തിയത്. പുണെ ആസ്ഥാനമായ സാവിത്രി ഭായ് ഫുലെ യൂനിവേഴ്സിറ്റിയാണ് ഖത്തറിൽ ആദ്യമായി ഓഫ് കാമ്പസ് ആരംഭിച്ച ഇന്ത്യൻ സർവകലാശാല. കഴിഞ്ഞ സെപ്റ്റംബറിലാണ് പുണെ സർവകലാശാലയുടെ കാമ്പസ് ഐൻഖാലിദിലെ ബർവ കൊമേഴ്ഷ്യൽ അവന്യൂവിൽ ആരംഭിച്ചത്.
ആദ്യഘട്ടത്തിൽ മാനേജ്മെന്റ്, വിദ്യാഭ്യാസ കോഴ്സുകൾ
ഖത്തർ ഭരണകൂടത്തിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് എം.ജി സർവകലാശാല ദോഹയിൽ ഓഫ് ഷോർ കാമ്പസ് ആരംഭിക്കുന്നത്. ആദ്യഘട്ടത്തിൽ മാനേജ്മെന്റ് കോഴ്സുകൾ, വിദ്യാഭ്യാസ കോഴ്സ്, സ്പെഷൽ എജുക്കേഷൻ, സൈക്കോളജി തുടങ്ങിയ പ്രോഗ്രാമുകളാണ് ആദ്യഘട്ടത്തിൽ ആരംഭിക്കുന്നത്. തുടർന്നുള്ള ഘട്ടങ്ങളിൽ എൻജിനീയറിങ്, പാരാമെഡിക്കൽ കോഴ്സുകളും തുടങ്ങാനാണ് തീരുമാനമെന്ന് ഓഫ്ഷോർ കാമ്പസിന്റെ വിദഗ്ധസമിതി അധ്യക്ഷൻകൂടിയായ ഡോ. സി.ടി. അരവിന്ദ്കുമാർ പറഞ്ഞു. ആദ്യഘട്ടത്തിൽ സ്വകാര്യകെട്ടിടത്തിലും രണ്ടുവർഷം കൊണ്ട് ലുസൈലിൽ സ്വന്തം കാമ്പസും സ്ഥാപിക്കാനാണ് പദ്ധതി.
ഖത്തറിലെ കാമ്പസിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് അടിയന്തര ഘട്ടത്തിൽ നാട്ടിലേക്ക് മടങ്ങേണ്ടിവരുകയാണെങ്കിൽ, കേരളത്തിൽ എം.ജി സർവകലാശാലകൾക്കുകീഴിൽ തുടർപഠനത്തിനുള്ള സൗകര്യം ലഭിക്കുമെന്നും ഡോ. സി.ടി. അരവിന്ദ്കുമാർ പറഞ്ഞു. സിൻഡിക്കേറ്റ് അംഗീകാരം ലഭിച്ചതിനു പിന്നാലെ, സർവകലാശാലയുടെ പ്രവർത്തനം, കോഴ്സുകൾ തുടങ്ങിയ വിശദാംശങ്ങൾ തയാറാക്കുന്നതായും അധികം വൈകാതെ ധാരണപത്രത്തിൽ ഒപ്പുവെക്കുമെന്നും അദ്ദേഹം 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു.
ഏഴ് ലക്ഷത്തോളം ഇന്ത്യക്കാരും അതിൽ നാലു ലക്ഷത്തോളം മലയാളികളും പ്രവാസികളായുള്ള ഖത്തറിൽ കേരളത്തിൽ നിന്നുള്ള മുൻനിര സർവകലാശാലയുടെ വരവ് സ്കൂൾ പഠനം ഇവിടെ പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് ഉന്നതപഠനത്തിന് അനുഗ്രഹമായി മാറും. ഈ വർഷാവസാനത്തോടെ തന്നെ ദോഹ കേന്ദ്രം ആരംഭിക്കാനുള്ള ശ്രമത്തിലാണ് എം.ജി വാഴ്സിറ്റി അധികൃതർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.