എം.ജി സർവകലാശാല ഖത്തറിലേക്ക്
text_fieldsദോഹ: ഇന്ത്യക്കാർക്കും ഖത്തറിലെ മലയാളിസമൂഹത്തിനും അഭിമാനമായി എം.ജി സർവകലാശാലയുടെ ഓഫ്ഷോർ കാമ്പസ് ഖത്തറിലേക്ക് വരുന്നു. വിദേശ സർവകലാശാലകൾക്ക് പഠനകേന്ദ്രങ്ങൾ സ്ഥാപിക്കാൻ അവസരം നൽകുന്ന ഖത്തർ സർക്കാറിന്‍റെ നയത്തിന്‍റെ ഭാഗമായാണ് കോട്ടയം ആസ്ഥാനമായുള്ള മഹാത്മാഗാന്ധി സർവകലാശാല ദോഹയിൽ തങ്ങളുടെ ആദ്യ രാജ്യാന്തര കാമ്പസ് സ്ഥാപിക്കാൻ ഒരുങ്ങുന്നത്. ഖത്തർ ഭരണകൂടത്തിന്‍റെയും ഖത്തറിലെ ഇന്ത്യൻ എംബസിയുടെയും ക്ഷണം സ്വീകരിച്ച് ദോഹയിൽ കാമ്പസ് ആരംഭിക്കാനുള്ള നീക്കത്തിന് കേരള സർക്കാറിന്‍റെയും യു.ജി.സിയുടെയും അനുമതി ലഭിച്ചു. കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച് യു.ജി.സിയുടെ അനുമതി എം.ജി സർവകലാശാലാ അധികൃതർക്ക് ലഭിച്ചത്.
പുണെ ആസ്ഥാനമായ സാവിത്രി ഭായ് ഫുലെ യൂനിവേഴ്സിറ്റിയാണ് ഖത്തറിൽ ആദ്യമായി ഓഫ് കാമ്പസ് ആരംഭിച്ച ഇന്ത്യൻ സർവകലാശാല. അതിന്‍റെ തുടർച്ചയായാണ് കോട്ടയത്തുനിന്നുള്ള എം.ജി സർവകലാശാല ദോഹയിലേക്ക് വരുന്നത്. കഴിഞ്ഞ സെപ്റ്റംബറിലാണ് പുണെ സർവകലാശാലയുടെ കാമ്പസ് ഐൻഖാലിദിലെ ബർവ കമേഴ്സ്യൽ അവന്യൂവിൽ ആരംഭിച്ചത്. കൂടുതൽ ഇന്ത്യൻ സർവകലാശാലകളെ ഖത്തറിലെത്തിക്കുന്നതിന്‍റെ ഭാഗമായി കഴിഞ്ഞ നവംബറിലായിരുന്നു എം.ജി യൂനിവേഴ്സിറ്റിക്ക് അധികൃതരിൽനിന്ന് ക്ഷണം ലഭിക്കുന്നത്.
ഖത്തറിലെ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ മുൻകൈയെടുത്തതോടെ നീക്കങ്ങൾക്ക് വേഗം വർധിച്ചു. പി.വി.സി ഡോ. സി.ടി. അരവിന്ദ്കുമാറിന്റെ അധ്യക്ഷതയിൽ വിദഗ്ധ സമിതി രൂപവത്കരിച്ചാണ് സർവകലാശാല സിൻഡിക്കേറ്റ് ഇതുസംബന്ധിച്ച കൂടുതൽ പഠനങ്ങൾ നടത്തിയത്. തുടർന്ന് കേരള സർക്കാർ, വിദ്യാഭ്യാസ വകുപ്പ്, കേന്ദ്ര വിദേശകാര്യ വകുപ്പ്, ആഭ്യന്തര മന്ത്രാലയം എന്നിവയുടെ അനുമതിയും തേടി. പിന്നാലെ, യു.ജി.സിയുടെ അംഗീകാരം കൂടി ലഭിച്ചതോടെയാണ് ഖത്തറിൽ ഓഫ്ഷോർ കാമ്പസ് ആരംഭിക്കാനുള്ള നടപടികൾ സജീവമായത്. അനുമതി ലഭിച്ചെങ്കിലും നടപടിക്രമങ്ങൾ പ്രാരംഭദശയിലാണെന്ന് പി.വി.സി ഡോ. സി.ടി. അരവിന്ദ്കുമാർ 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. കാമ്പസിന്‍റെ പ്രവർത്തനം, കോഴ്സുകൾ തുടങ്ങിയ പഠനങ്ങൾക്കായി വിദഗ്ധ സംഘം വരും മാസങ്ങളിൽ ദോഹയിലെത്തും.
എൻ.ഒ.സി നൽകിയെങ്കിലും യു.ജി.സിയുടെ ധനസഹായം എം.ജിയുടെ ഓഫ്ഷോർ കാമ്പസ് തുടങ്ങുന്നതിന് ലഭ്യമാവില്ല. എന്നാൽ, ഖത്തറിലെ വിദ്യാഭ്യാസ വിഭാഗത്തിന്‍റെ പിന്തുണയോടെയാവും കാമ്പസ് ആരംഭിക്കുന്നത്. ആർട്സ്, സയൻസ് വിഷയങ്ങൾ ഉൾപ്പെടുത്തിയാവും എം.ജിയുടെ ആദ്യവിദേശ കാമ്പസായി ദോഹയിൽ പ്രവർത്തനം ആരംഭിക്കുന്നത്.
ഇന്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സ്വീകാര്യത
ഇന്ത്യയിലെ മികച്ച 10 സർവകലാശാലകളിൽ ഒന്നായ പുണെ സാവിത്രി ഫുലെ യൂനിവേഴ്സിറ്റി പ്രവർത്തനമാരംഭിച്ച് മാസങ്ങൾക്കുള്ളിൽ തന്നെ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ആകെ 660 വിദ്യാർഥികളുടെ ശേഷിയിലായിരുന്നു തുടക്കം. ആദ്യ വർഷത്തിൽ 200 വിദ്യാർഥികൾക്ക് പ്രവേശനം നൽകാനുള്ള പ്രതീക്ഷയാണ് ഉദ്ഘാടനവേളയിൽ അധികൃതർ പങ്കുവെച്ചത്. ആദ്യ മാസത്തിൽ തന്നെ 72ഓളം വിദ്യാർഥികളുമായി ക്ലാസുകൾ ആരംഭിക്കാനും കഴിഞ്ഞിരുന്നു.
ആർട്സ്, കോമേഴ്സ്, സയൻസ്, ബിസിനസ് അഡ്മിനിസ്ട്രേഷൻ ബിരുദ കോഴ്സുകളിലാണ് നിലവിൽ പ്രവേശനമുള്ളത്. പുണെ യൂനിവേഴ്സിറ്റിയുടെ ചുവടുപിടിച്ച് എം.ജിയും എത്തുന്നതോടെ ഖത്തറിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഇന്ത്യൻ സർവകലാശാലകളുടെ സ്വീകാര്യത വർധിക്കും. ഇന്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഖത്തറിൽ വിദേശികൾ ഉൾപ്പെടെയുള്ള വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വലിയ മതിപ്പാണുള്ളത്. ഇന്ത്യൻ സിലബസിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്കൂളുകൾ സജീവമാണ്. മികച്ച പഠനനിലവാരം ഇന്ത്യൻ സ്കൂളുകളിലേക്ക് മറ്റ് രാജ്യക്കാരെയും ഏറെ ആകർഷിക്കുന്നു. കഴിഞ്ഞ അധ്യയന വർഷത്തിലും പുതിയ ഇന്ത്യൻ സ്കൂളുകൾ ആരംഭിച്ചു. വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസമന്ത്രാലയത്തിൻെറ അഞ്ചുവർഷ പദ്ധതി അവസാനിക്കുന്നതോടെ ഖത്തറിലെ സ്വകാര്യ സ്കൂളുകളെ എണ്ണം അഞ്ഞൂറിലധികമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.