ചരിത്രകഥ പറയുന്ന വെബ്സീരീസുമായി ‘മിയ’
text_fieldsഇസ്ലാമിക് ആർട്ട് മ്യൂസിയം പുറത്തിറക്കിയ വെബ് സീരീസുകൾ
ദോഹ: നൂറ്റാണ്ടുകൾ പഴക്കമുള്ള രേഖകളും ശേഖരങ്ങളും അപൂർവ വസ്തുക്കളുമായി ഇസ്ലാമിക ലോകത്തിന്റെ ചരിത്രം കാഴ്ചക്കാരന് പരിചയപ്പെടുത്തുന്ന പ്രശസ്തമായ ഇസ്ലാമിക് ആർട്ട് മ്യൂസിയം (മിയ) ഒരു ദൃശ്യവിസ്മയം പോലെ കാഴ്ചക്കാരനിലേക്ക്.
അത്യപൂർവ ശേഖരങ്ങളിലൂടെ അറബ്, ഇസ്ലാമിക ലോകത്തിന്റെ വളർച്ചയും നേട്ടങ്ങളുമെല്ലാം പരിചയപ്പെടുത്തുന്ന ‘മിയ’യുടെ സമ്പന്നമായ ശേഖരം ഇനി ലോകത്തിന്റെ ഏത് കോണിലിരുന്നും കാഴ്ചക്കാരന് കാണാം. നാല് ഭാഗങ്ങളായി തയാറാക്കിയ ‘ട്രഷേഴ്സ് ഓഫ് ഇസ്ലാമിക് ആർട്ട്’ എന്നപേരിൽ പുറത്തിറക്കിയ വെബ് സീരീസ് വഴിയാണ് ‘മിയ’യെ അഭ്രപാളിയിലേക്ക് അടയാളപ്പെടുത്തുന്നത്.
ഇസ്ലാമിക ലോകത്തിന്റെ എല്ലാ കോണുകളിൽ നിന്നുമുള്ള സമ്പന്നമായ സാംസ്കാരിക പൈതൃകത്തെ പ്രതിനിധാനംചെയ്യുന്ന, ലോകത്തിലെ ഏറ്റവും സമഗ്രവും വൈവിധ്യപൂർണവുമായ ഇസ്ലാമിക കലകളുടെ ശേഖരങ്ങളിലൊന്നാണ് ദോഹയിലെ ഇസ്ലാമിക് ആർട്ട് മ്യൂസിയത്തിനുള്ളത്.
‘ട്രഷേഴ്സ് ഓഫ് ഇസ്ലാമിക് ആർട്ട്’ എന്ന വെബ് സീരീസിലൂടെ തങ്ങളുടെ അമൂല്യവും അതുല്യവുമായ ശേഖരങ്ങളെ ആഗോള പ്രേക്ഷകരിലേക്കെത്തിക്കുകയാണ് മ്യൂസിയം ലക്ഷ്യമിടുന്നത്. ലോകത്തിന്റെ ഏത് കോണിൽ നിന്നുള്ള കലാ പ്രേമികൾക്കും ചരിത്ര കുതുകികൾക്കും വെബ് സീരീസ് കാണാനും മ്യൂസിയത്തിന്റെ അപൂർവ ശേഖരങ്ങളെ അടുത്തറിയാനും സാധിക്കും.
ഖത്തർ മ്യൂസിയം വെബ്സൈറ്റിലും ഖത്തർ മ്യൂസിയം യൂട്യൂബ് ചാനലിലും വെബ് സീരീസിന്റെ ഭാഗങ്ങൾ കാണാൻ സാധിക്കും. നാല് മുതൽ ആറ് മിനിറ്റ് വരെയാണ് ഓരോ ഭാഗവും. ഇസ്ലാമിക കലയുടെ യുഗങ്ങളിലൂടെയുള്ള ആകർഷകമായ യാത്രയാണ് വെബ് സീരീസ് വാഗ്ദാനം ചെയ്യുന്നത്.
ഒരു തീർഥാടകന്റെ യാത്ര, ആയുധങ്ങളും കവചങ്ങളും, നഴ്സിന്റെ ഖുർആൻ (മുസ്ഹഫ് അൽ ഹദീന), ഡമസ്കസ് റൂം എന്നീ പേരുകളിലാണ് ഓരോ ഭാഗവും തയാറാക്കിയിരിക്കുന്നത്.
മിയയുടെ സ്ഥിരം ശേഖരത്തിൽ നിന്നുള്ള ഹജ്ജ് സർട്ടിഫിക്കറ്റ് എന്നറിയപ്പെടുന്ന ഒരു മീറ്റർ നീളമുള്ള സിയാറത്നാമത്തിന്റെ ഗംഭീരവും സങ്കീർണവുമായ ലോകത്തിലേക്കാണ് ഒന്നാമത്തെ എപ്പിസോഡ് കാഴ്ചക്കാരെ കൊണ്ടുപോകുക. കഅ്ബ, മഖാമു ഇബ്റാഹിം തുടങ്ങി ഹജ്ജ് യാത്രയുടെ ഘട്ടങ്ങളും പ്രധാന അടയാളങ്ങളും ഈ എപ്പിസോഡിൽ അടയാളപ്പെടുത്തുന്നു.
രേഖകളും, മ്യൂസിയം ശേഖരങ്ങളിലെ വിവിധ വസ്തുക്കൾ പ്രദർശിപ്പിച്ച്, ചരിത്രം വിവരിക്കുന്ന രീതിയിലാണ് നാല് വെബ്സീരീസ് ഡോക്യൂമെന്ററി തയാറാക്കിയത്. ഇംഗ്ലീഷ് വിവരണവും ഒപ്പം അറബിക് സബ്ടൈറ്റിലുമായി അഞ്ച് മുതൽ ഏഴ് മിനിറ്റ് വരെയാണ് ഓരോ ഡോക്യുമെന്ററിയും തയാറാക്കിയത്.
മധ്യകാല ഓട്ടോമൻ കാലഘട്ടത്തിൽ നിന്നുള്ള മ്യൂസിയത്തിലെ കുതിരപ്പടയെ കേന്ദ്രീകരിച്ചാണ് ആയുധങ്ങളും കവചങ്ങളും എന്ന ഭാഗം തയാറാക്കിയിരിക്കുന്നത്. 1550കളിലെ ഓട്ടോമൻ കുതിരകവചം മധ്യകാലഘട്ടത്തിലെ ആദ്യ സാങ്കേതിക കണ്ടുപിടിത്തങ്ങളുടെ ശ്രേദ്ധയമായ ഉദാഹരണമായാണ് കണക്കാക്കുന്നത്.
മുസ്ഹഫ് അൽ ഹദീനയുടെ മറഞ്ഞിരിക്കുന്ന ഗുണങ്ങൾ അനാവരണം ചെയ്യുന്നതാണ് നഴ്സിന്റെ ഖുർആൻ എന്ന ഭാഗം.
ഇഫ്രിഖിയയിലെ സിരിദ് രാജവംശത്തിലെ ഭരണാധികാരി അൽ മുഇസ് ബിൻ ബാദിസിന്റെ രക്ഷാധികാരി ഫാതിമ അൽ ഹദീനയുടെ പേരിലുള്ള രേഖ ചരിത്രത്തിലെ സ്ത്രീകളുടെ പങ്കാളിത്തത്തിന്റെ ആകർഷകമായ തെളിവാണ്. ആയിരം വർഷങ്ങൾക്കു മുമ്പ് ഇന്നത്തെ തുനീഷ്യയിൽ നിർമിച്ച ഈ അമൂല്യമായ കൈയെഴുത്ത് പ്രതിക്ക് ചരിത്രപരവും സാംസ്കാരിക പ്രാധാന്യവുമാണുള്ളത്.
ഓട്ടോമൻ കാലഘട്ടത്തിലെ അവസാനകാലത്തെ ഒരു റെസിഡൻഷ്യൽ റിസപ്ഷൻ റൂമിന്റെ ആഴത്തിലുള്ള ചിത്രീകരണമാണ് ഡമസ്കസ് റൂമിൽ അവതരിപ്പിച്ചിരിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിലെ സിറിയൻ വീടുകളുടെ സമ്പന്നവും സാംസ്കാരികവുമായ ഇന്റീരിയറുകളിലേക്ക് പ്രേക്ഷകനെ ഇത് ആനയിക്കുന്നു. സങ്കീർണമായ തടി പാനലുകൾ, നിച്ചുകൾ, പെയിന്റിങ്ങുകൾ എന്നിവയെക്കുറിച്ചുള്ള പൂർണ വിവരണമാണ് അവസാന ഭാഗം നൽകുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.