ആദ്യ ആറു മാസത്തിനുള്ളിൽ സന്ദർശകർ ദശലക്ഷങ്ങൾ
text_fieldsദോഹ: ഈ വർഷം ആദ്യ ആറു മാസത്തിനുള്ളിൽ ചരിത്രത്തിലെ റെക്കോഡ് സന്ദർശകരെ വരവേറ്റ് ഖത്തർ. ലോകകപ്പിനു പിന്നാലെ പിറന്ന പുതുവർഷത്തിൽ ജനുവരി മുതൽ ജൂൺ വരെയുള്ള കണക്കുകൾ ഖത്തർ ടൂറിസം പുറത്തുവിട്ടു. ആറു മാസത്തിനുള്ളിൽ 20 ലക്ഷത്തിലധികം പേരാണ് സന്ദർശകരായി ഖത്തറിലെത്തിയത്.
കോവിഡ് പൂർവകാലത്തേക്കാൾ ഇരട്ടിയോളമാണ് ഇപ്പോഴത്തെ സന്ദർശകരുടെ ഒഴുക്കെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ലോകകപ്പിനുശേഷം പ്രഖ്യാപിച്ച ഹയാ സന്ദർശക വിസയും സഞ്ചാരികളെ ആകർഷിക്കാനായി നടപ്പാക്കിയ വിവിധ വിനോദപരിപാടികളുമെല്ലാം ഖത്തറിനെ ലോക ടൂറിസം ഭൂപടത്തിലെ ശ്രദ്ധേയ കേന്ദ്രമാക്കി മാറ്റി. അതിന്റെകൂടി ഫലമാണ് ആറു മാസത്തിലെ ഏറ്റവും മികച്ച സഞ്ചാരികളുടെ വർധനയെന്ന് വ്യക്തമാക്കുന്നു. മേയ്, ജൂൺ മാസത്തിൽ 5.67 ലക്ഷം പേരാണ് സന്ദർശകരായി എത്തിയത്. ഇതാണ് കഴിഞ്ഞ ആറു മാസത്തിനുള്ളിൽ ഏറ്റവും കൂടുതൽ സന്ദർശക പങ്കാളിത്തം രേഖപ്പെടുത്തിയത്. കഴിഞ്ഞ 10 വർഷത്തിൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ വന്നതും ഈ മാസങ്ങളിലാണ്.
ഈവർഷം ജൂൺ അവസാനം വരെയുള്ള കണക്കുകൾ പ്രകാരം 20.54 ലക്ഷം സന്ദർശകരാണ് രാജ്യത്ത് എത്തിയത്. കോവിഡിന് മുമ്പത്തെ വർഷമായ 2019ൽ ഇത് 10.53 ലക്ഷമായിരുന്നു. 2014 മുതലുള്ള 10 വർഷത്തിനിടയിൽ ഏറ്റവും വലിയ സന്ദർശക ഒഴുക്കിനാണ് രാജ്യം സാക്ഷ്യംവഹിച്ചതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
കോവിഡ് മഹാമാരിക്ക് തുടക്കംകുറിച്ച 2020ൽ 5.49 ലക്ഷവും 2021ൽ ഒരു ലക്ഷവും 2022ൽ 7.25 ലക്ഷവുമായിരുന്നു ആദ്യ ആറു മാസത്തിലെ സന്ദർശക പ്രവാഹം. ലോകകപ്പിനു പിന്നാലെ, രാജ്യത്തെ വിനോദസഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാക്കിമാറ്റുന്നതിൽ ഖത്തർ ടൂറിസം പ്രഖ്യാപിച്ച വിവിധ കാമ്പയിനുകൾ ഈ കുതിപ്പിൽ നിർണായകമായി. ഫീൽ മോർ ഇൻ ഖത്തർ കാമ്പയിനുമായി രാജ്യത്തെ മൊത്തം വിപണിയെ ഉണർത്തി. ഹയാ കാർഡ് ഉടമകൾക്കായി പ്രഖ്യാപിച്ച ഹയാ വിസ പ്ലാറ്റ്ഫോമിന് ലോകമെങ്ങുമുള്ള ടൂറിസ്റ്റുകളിൽനിന്ന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
വിദേശകാണികളുടെ ഹയാ നമ്പർ വഴി, വൗച്ചർ കോഡ് ഉപയോഗിച്ച് മൂന്നു പേർക്ക് വരെ ഒരു വർഷം നീണ്ടുനിൽക്കുന്ന പ്രവേശനം വഴി വിദേശ സഞ്ചാരികൾക്കു പുറമെ, പ്രവാസികളുടെ ബന്ധുക്കളും ഖത്തറിലെത്തിയിരുന്നു. ഖത്തർ അന്താരാഷ്ട്ര ഭക്ഷ്യമേള, ഫ്രീസ്റ്റൈൽ കൈറ്റ് വേൾഡ് കപ്പ്, വേൾഡ് ജൂഡോ ചാമ്പ്യൻഷിപ്, ഖത്തർ ടെന്നിസ് ഓപൺ, ദോഹ ഡയമണ്ട് ലീഗ് തുടങ്ങിയ നിരവധി മെഗാ മേളകൾക്കും കഴിഞ്ഞ ആറു മാസത്തിനുള്ളിൽ രാജ്യം വേദിയായി.
ഇതിനു പുറമെ, രണ്ടു പെരുന്നാളുകളുടെ ഭാഗമായി ഒരു പിടി ആഘോഷങ്ങൾ ഒരുക്കിയതും ജി.സി.സിയിലെയും മറ്റും സന്ദർശകരെ ആകർഷിച്ചു. സന്ദർശകരിൽ 51 ശതമാനവും വ്യോമമാർഗമാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 37 ശതമാനം പേർ കരമാർഗ മെത്തിയപ്പോൾ, 12 ശതമാനം കടൽമാർഗമായിരുന്നു. ഏറ്റവും കൂടുതൽ സന്ദർശകർ സൗദി അറേബ്യയിൽ നിന്നായിരുന്നു. ഇന്ത്യ, ജർമനി എന്നിവരാണ് തൊട്ടുപിന്നിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.