റമദാനെ ആഘോഷമാക്കാൻ മിന
text_fieldsദോഹ: റമദാനിലെ രാത്രികളെ സജീവമാക്കാൻ വൈവിധ്യമാർന്ന പരിപാടികളുമായി ഓൾഡ് ദോഹ പോർട്ട് തയാർ. മിന ഡിസ്ട്രിക്ട്, ബോക്സ് പാർക്ക്, ക്രൂസ് ടെർമിനൽ ഉൾപ്പെടെ ദോഹ പോർട്ടിന്റെ വിവിധ മേഖലകളെ ഉൾക്കൊള്ളിച്ചാണ് റമദാനിലെ രാവിനെയും പകലിനെയും ഉണർത്തുന്നത്. മാർച്ച് 10ന് അർധരാത്രിയിൽ തുടങ്ങി ഏപ്രിൽ 10 വരെ നീണ്ടുനിൽക്കുന്നതാണ് മിനയിലെ റമദാൻ ആഘോഷങ്ങൾ.
റമദാൻ ഡ്രമ്മേഴ്സ് എന്നറിയപ്പെടുന്ന ‘മുസാഹിർ അൽ മിന’യാണ് ശ്രദ്ധേയമായ ഒരു ഇനം. റമദാനിലെ രാത്രികളിൽ മിന പോർട്ടിലൂടനീളം റോന്തുചുറ്റി പാട്ടും മുട്ടുമായി ഈ സംഘം രാത്രികളെ സജീവമാക്കാനുണ്ടാകും. സമീപപ്രദേശങ്ങളിലുള്ളവരെ അത്താഴം വിളിക്കുകയെന്ന ദൗത്യമാണ് ഇവരുടെ യാത്രക്കു പിന്നിൽ. സൂഖ് അൽ മിനയാണ് മറ്റൊരു റമദാൻ ആകർഷണം. മിന ഡിസ്ട്രിക്ടിൽ ചെറുതും വലുതുമായ കടകളിലൂടെ രാത്രികളിൽ വേറിട്ട ഷോപ്പിങ് സൗകര്യം അധികൃതർ ഒരുക്കുന്നു. രുചികരമായ ഭക്ഷ്യവസ്തുക്കൾ, വീട്ടുപകരണങ്ങൾ, അലങ്കാരവസ്തുക്കൾ എന്നിവയുടെ വിൽപനയാണ് പ്രധാനം. റമദാനിലെ 14ാം രാവിൽ കുട്ടികളുടെ നോമ്പുത്സവമായ ഗരങ്കാവൂ നൈറ്റും സജീവമാകും. വൈകുന്നേരം ആറ് മുതൽ രാത്രി 11വരെ കുട്ടികളുടെ നോമ്പാഘോഷത്തിന് മിന വേദിയാകും.
റമദാനിന് യാത്രയയപ്പായി അവസാന നാലു ദിവസം പ്രാർഥനകൾ, ഒത്തുചേരൽ, സാംസ്കാരിക പരിപാടികൾ എന്നിവയുമായും ‘വിദാഅ റമദാൻ’ സജീവമാകും.
ഖത്തറിലെ പഴയ റെസ്റ്റോറൻറുകളുടെ പങ്കാളിത്തത്തോടെ ഒരു മാസം നീണ്ടു നിൽക്കുന്ന ഫുഡ് ഫെസ്റ്റിവലും മിന പാർക്കിലെ റമദാൻ ആകർഷണമാണ്. മിന പാർക്കിൽ കണ്ടെയ്നർ യാഡിന് എതിർവശത്തായാണ് ഫുഡ് ഫെസ്റ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.