റമദാനിൽ സന്ദർശകരെ വരവേറ്റ് മിന
text_fieldsദോഹ: വിശുദ്ധ മാസത്തിൽ വ്യത്യസ്തമായ പ്രവർത്തനങ്ങളുമായി മിന ഡിസ്ട്രിക്ട്. ഡിസ്ട്രിക്ടിലെ 80ലധികം പ്രാദേശിക വാണിജ്യ യൂനിറ്റുകളുടെയും മേഖലയിലെ അറിയപ്പെടുന്ന ബ്രാൻഡുകളുടെയും പങ്കാളിത്തത്തിൽ ഇരുപതോളം പരിപാടികളാണ് വിശുദ്ധ മാസത്തിൽ സംഘടിപ്പിക്കുന്നത്.
രാജ്യത്ത് ഏറ്റവും കൂടുതൽ സന്ദർശകരെത്തുന്ന പ്രധാന ഇടങ്ങളിലൊന്നായി മിന ഡിസ്ട്രിക്ട് ഉയർന്നിട്ടുണ്ട്. റമദാനോടനുബന്ധിച്ച് വിളക്കുകളും വർണങ്ങളുമായി ദോഹ തുറമുഖത്തോട് ചേർന്നിരിക്കുന്ന സ്ഥലം അലങ്കരിച്ചിട്ടുമുണ്ട്.
80ലധികം ചെറുകിട സംരംഭകരും ഹോം ബിസിനസും പ്രാദേശിക വാണിജ്യ യൂനിറ്റുകളിലെ റമദാനുമായി ബന്ധപ്പെട്ട ബ്രാൻഡുകളും മിന ഡിസ്ട്രിക്ടിലെ വിവിധ പരിപാടികളിൽ പങ്കെടുക്കുന്നുണ്ട്. മിന മാർക്കറ്റിന്റെ അരികിലായി നടക്കുന്ന ഗബ്ഗെക്ക് പുറമേ, പ്രമുഖരായ പ്രദർശകരും റമദാനും പൈതൃക സ്മരണകളും കഥ പറയുന്ന മിന മജ്ലിസും സംഘടിപ്പിക്കുന്നുണ്ട്. കുട്ടികൾക്കായി മൺപാത്ര നിർമാണം, മറ്റു കലാപരിപാടികളും കലാ ശിൽപശാലകളും ഡിസ്ട്രിക്ടിൽ ഉണ്ടായിരിക്കും. മിനയുടെ തൊട്ടടുത്തായി അൽ മെസ്ഹർ ടൂറുകളും, ജനപ്രിയ ബാൻഡുകളുടെ സാന്നിധ്യത്തിൽ റമദാൻ മധ്യത്തിൽ ഗരങ്കാവോ പരിപാടിയും അവസാന അഞ്ചു ദിവസങ്ങളിലായി റമദാന് യാത്രയയപ്പ് നൽകാൻ 'ഫെയർവെൽ റമദാൻ' പരിപാടിയും സംഘടിപ്പിക്കും.
കടൽ കായിക പ്രേമികൾക്കായി കയാക്കിങ്ങുകൾ, പാഡിൽ ബോർഡുകൾ, ജെറ്റ്സ്കീ എന്നിവ ബോക്സ് പാർക്കിൽ സജ്ജീകരിച്ചിട്ടുണ്ട്. ഉച്ചക്ക് രണ്ടു മുതൽ ഇഫ്താർ വരെയായിരിക്കും ഇത് ലഭ്യമാകുക. തുറമുഖത്തെത്തുന്ന സന്ദർശകർക്ക് മികച്ച അനുഭവമേകാൻ ഇഫ്താർ ഭക്ഷണവും സുഹൂർ (അത്താഴം) ഭക്ഷണവും ഉൾപ്പെടെയുള്ള സൗകര്യവും ഇവിടെയുണ്ടാകും. ക്ലാസിക് കാറുകളുടെ ടൂറുകളും മിന ഡിസ്ട്രിക്ടിൽ സംഘടിപ്പിക്കും. അസർ പ്രാർഥനക്ക് ശേഷം ഇഫ്താർ വരെ ക്ലാസിക് കാറുകളുടെ ദൈനംദിന പര്യടനം സന്ദർശകർക്ക് ആസ്വദിക്കാൻ സാധിക്കും.
റമദാൻ നാളുകളിലുടനീളം ഇഫ്താർ സമയമായെന്നറിയിക്കാൻ പാർക്കിന് എതിർവശത്തുള്ള തോട്ടത്തിൽ റമദാൻ പീരങ്കിയും സജ്ജമായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.