ജയിക്കാൻ മൈൻഡ് ഗെയിമും പ്രധാനം -പ്രകാശ് പദുക്കോൺ
text_fieldsദോഹ: ഒളിമ്പിക്സ് ഉൾപ്പെടെ അന്താരാഷ്ട്ര കായിക വേദികളിൽ ഫിസിക്കൽ ഗെയിമിനൊപ്പം മൈൻഡ് ഗെയിമും ഏറെ പ്രധാനമാണെന്ന് ഇന്ത്യയുടെ ബാഡ്മിന്റൺ ഇതിഹാസം പ്രകാശ് പദുക്കോൺ പറഞ്ഞു. ഏഷ്യൻ ഗെയിംസിലും ലോകചാമ്പ്യൻഷിപ്പുകളിലും മെഡലുകൾ നേടുന്ന പല താരങ്ങളും ഒളിമ്പിക്സിന്റെ ഏറ്റവും സുപ്രധാനമായ വേദിയിലെ നിർണായക മത്സരത്തിൽ തോൽവി വഴങ്ങുന്നത് മാനസിക ഗെയിമിലെ അഭാവംകൊണ്ടാണ്.
ഒളിമ്പിക്സ് പോലുള്ള വലിയ മത്സരങ്ങള്‍ ജയിക്കാന്‍ സമ്മര്‍ദത്തെ കൂടി അതിജീവിക്കാന്‍ പഠിക്കണം. അവിടെ മൈന്‍ഡ് ഗെയിം ഏറെ പ്രധാനമാണ്. കളിക്കാരന് ശാരീരിക ക്ഷമതക്ക് നൽകുന്ന പ്രധാന്യം പോലെത്തന്നെ മാനസിക കരുത്ത് വർധിപ്പിക്കാനുള്ള പരിശീലനത്തിനും മുൻതൂക്കം നൽകണം. സ്പോർട്സ് സൈക്കോളജിസ്റ്റുകൾ, മെന്റലിസ്റ്റ്, കൗൺസലിങ്, യോഗ ഉൾപ്പെടെ വിവിധ പദ്ധതികളും ഇതിനായി താരങ്ങൾക്ക് ഉറപ്പാക്കണം -അദ്ദേഹം പറഞ്ഞു.
സൈന നഹ്വാളിനെയും പി.വി. സിന്ധുവിനെയും പോലുള്ള പ്രതിഭകള്‍ ഇനിയും ഉയര്‍ന്നുവരുമെന്നും ദോഹയിൽ നടന്ന ‘പദുക്കോണ്‍ സ്കൂള്‍ ഓഫ് ബാഡ്മിന്റണ്‍’ പ്രഖ്യാപനത്തിനിടെ അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
‘‘സൈനക്കും സിന്ധുവിനും ശേഷം ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ ഇന്ത്യന്‍ കുതിപ്പിന് വേഗം കുറഞ്ഞിട്ടുണ്ട് എന്നത് ശരിയാണ്. എന്നാൽ, വിവിധ പ്രായ വിഭാഗങ്ങളിൽ ഇന്ത്യക്ക് ഒരുപിടി താരങ്ങളുണ്ട്. അവർക്കായി മികച്ച അടിസ്ഥാന സൗകര്യങ്ങളും വിവിധ ടൂർണമെന്റുകളുമുണ്ട്. അവരിൽ വലിയ പ്രതീക്ഷയുമുണ്ട്. 2030ൽ ഖത്തറിൽ നടക്കുന്നത് ഉൾപ്പെടെ വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസുകളിൽ ഇന്ത്യക്ക് മികച്ച സംഘമുണ്ട്.
പദുക്കോൺ അക്കാദമി ഉൾപ്പെടെ ഇന്ത്യയിലെ ബാഡ്മിന്റൺ പരിശീലന കേന്ദ്രങ്ങളിൽ ഓരോ വർഷവും ആയിരത്തോളം താരങ്ങൾക്ക് മികച്ച പരിശീലനം നൽകുന്നുണ്ട്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ള താരങ്ങളുടെ വരവ് ശ്രദ്ധേയമാണ്’’ -പ്രകാശ് പദുക്കോൺ പറഞ്ഞു.
ദോഹയില്‍ അത്ലന്‍ സ്പോര്‍ട്സുമായി ചേര്‍ന്നാണ് പദുക്കോണ്‍ സ്കൂള്‍ ഓഫ് ബാഡ്മിന്റണ്‍ പ്രവർത്തനമാരംഭിക്കുന്നത്. അഞ്ച് വയസ്സ് മുതലുള്ള കുട്ടികൾക്കും മുതിർന്നവർക്കും പ്രവേശനം നൽകും വിധമാണ് അക്കാദമിയുടെ പ്രവർത്തനമെന്ന് ഭാരവാഹികൾ പറഞ്ഞു. ദോഹയിലെ അക്കാദമിയിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നവർക്ക് ബംഗളൂരുവിലെ പദുക്കോൺ സ്കൂളിൽ പരിശീലനത്തിന് അവസരം നൽകും.
മെഷാഫിലെ ബീറ്റാ കേംബ്രിജ് സ്കൂളില്‍ ആദ്യ അക്കാദമിക്ക് നവംബറില്‍ തുടക്കമാകും. പദുക്കോൺ അക്കാദമിയുടെ ഇന്ത്യക്ക് പുറത്തെ ആദ്യ സംരംഭത്തിനാണ് ദോഹയിൽ തുടക്കമാവുന്നത്.
അത്ലൺ പദുക്കോണ്‍ അക്കാദമിയുടെ ജഴ്സി പ്രകാശനവും, ധാരണപത്ര കൈമാറ്റവും ദോഹയിൽ നടന്നു. വാര്‍ത്തസമ്മേളനത്തില്‍ ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡന്റ് ഇ.പി. അബ്ദുറഹ്മാന്, അത്ലന്‍ സ്പോര്‍ട്സ് ഡയറക്ടര്‍ റബീഹ സഫീര്‍ എന്നിവരും പങ്കെടുത്തു. ജഴ്സി പ്രകാശനത്തിൽ ഐ.എ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, നിഹാദ് അലി, സഫീർ റഹ്മാൻ, പി.എൻ. ബാബുരാജൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.