കേരളത്തിലേക്ക് പ്രവാസി നിക്ഷേപകരെ ക്ഷണിച്ച് മന്ത്രി ബാലഗോപാൽ
text_fieldsദോഹ: കേരളത്തിലെ വിവിധ മേഖലകളിലേക്ക് പ്രവാസി നിക്ഷേപകരെ ക്ഷണിച്ച് സംസ്ഥാന ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ. ദോഹയിൽ നടന്ന കെ.എസ്.എഫ്.ഇ പ്രവാസി മീറ്റിൽ സംസാരിക്കവെയാണ് കേരളത്തിലെ വിനോദസഞ്ചാര, ആരോഗ്യ, വിഴിഞ്ഞം തുറമുഖം ഉൾപ്പെടെ വിവിധ നിക്ഷേപ സാധ്യതകൾ മന്ത്രി വിശദീകരിച്ചത്.
വിഴിഞ്ഞം തുറമുഖം പ്രവർത്തന സജ്ജമായതോടെ ലോജിസ്റ്റിക് രംഗത്തെ വമ്പൻ സാധ്യതകളിലേക്കാണ് വഴിതുറന്നതെന്ന് മന്ത്രി ബാലഗോപാൽ പറഞ്ഞു. ലോകത്തെ ഏറ്റവും മികച്ച പ്രകൃതിയോടിണങ്ങിയ തുറമുഖമാണ് വിഴിഞ്ഞം.
ഗൾഫ് മേഖലയിൽ ഉൾപ്പെടെ സാന്നിധ്യമുള്ള ബഹുരാഷ്ട്ര കമ്പനികൾക്കും, വിദേശ രാജ്യങ്ങൾക്കുമെല്ലാം വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട വികസനത്തിൽ നിക്ഷേപ താൽപര്യമുണ്ട്. തുറമുഖത്തോട് ചേർന്ന്, നൂറ് കിലോമീറ്റർ ചുറ്റളവിലെങ്കിലും ഇലക്ട്രോണിക്സ്, ലോജിസ്റ്റിക്സ്, ഭക്ഷ്യ വ്യവസായം തുടങ്ങിയ മേഖലകളിൽ വികസന സാധ്യത ശക്തമാണ്.
ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ മദർഷിപ്പുകൾ നങ്കൂരമിടാൻശേഷിയുള്ളതാണ് വിഴിഞ്ഞമെന്ന് വിദഗ്ധർ തന്നെ സാക്ഷ്യപ്പെടുത്തുന്നു. സിംഗപ്പൂർ, മലേഷ്യ, ചൈന, തായ്ലൻഡ് ഉൾപ്പെടെ പ്രധാന രാജ്യങ്ങളിൽ നിന്നുള്ള കപ്പലുകൾ യൂറോപ്പിലേക്കും യാത്രചെയ്യുന്ന മാർഗമധ്യേയാണ് വിഴിഞ്ഞം തുറമുഖമുള്ളത്.
അന്താരാഷ്ട്ര കപ്പൽചാലിൽനിന്നും പത്ത് കിലോമീറ്റർ ദൂരത്തിലുള്ള തുറമുഖം എന്ന നിലയിൽ വലിയ വികസന സാധ്യതയാണ് ഭാവിയിൽ നൽകുന്നത്.
ലോകത്തെ വലിയ നഗരങ്ങളെല്ലാം വികസിച്ചത് തുറമുഖങ്ങളോട് അനുബന്ധമായാണെന്നതും ശ്രദ്ധേയമാണ്. അതിനാൽ, പ്രവാസികൾ ഉൾപ്പെടെ നിക്ഷേപകർക്കും സംരംഭകർക്കും ഒരുപിടി അവസരങ്ങളാണ് തുറന്നു നൽകുന്നത്’ -മന്ത്രി പറഞ്ഞു.
ആരോഗ്യ, വിനോദസഞ്ചാര മേഖലകളിലെ നിക്ഷേപ സാധ്യതകളും മന്ത്രി വിശദീകരിച്ചു. ‘ലോകത്തെ ഏറ്റവും മികച്ച ആരോഗ്യ മാതൃകയാണ് കേരളത്തിേൻറത്. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും മികച്ച നഴ്സുമാരും ഡോക്ടർമാരുമായി ആരോഗ്യ പ്രവർത്തകരെ സംഭവന ചെയ്യുന്ന കേരളത്തിന് ആരോഗ്യ, ടൂറിസം മേഖലകളിൽ ഇനിയും ഒരുപാട് വളരാൻ കഴിയും.
കടൽ തീരങ്ങളും കായലുകളും ഉൾപ്പെടെ വിനോദ സഞ്ചാരികളെ ആകർഷിക്കാൻ ഒരുപിടി പദ്ധതികളുള്ള കേരളത്തിന് മറ്റേതൊരു വിദേശരാജ്യത്തെക്കാളും വളരാൻ സാധിക്കും.
സംസ്ഥാനത്തെ ദേശീയ പാതയും ലോകോത്തര നിലവാരത്തിലേക്ക് ഉയരുകയാണ്’ -മന്ത്രി വിശദീകരിച്ചു. ഭൂമി ഏറ്റെടുക്കാൻ ആവശ്യമായ 25 ശതമാനം സംസ്ഥാന സർക്കാർ വഹിച്ചതാണെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.