ലബനാനിലെ സഹായ വിതരണത്തിന് നേതൃത്വവുമായി മന്ത്രി ലുൽവ അൽ ഖാതിർ
text_fieldsദോഹ: അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ പ്രത്യേക നിർദേശപ്രകാരം ലബനാനിലേക്ക് ആരംഭിച്ച എയർ ബ്രിഡ്ജിലൂടെയുള്ള ആദ്യ വിമാനത്തിൽ സഹായ വിതരണത്തിന്റെ മേൽനോട്ടം വഹിക്കാൻ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ലുൽവ ബിൻത് റാഷിദ് അൽ ഖാതിർ ലബനാനിലെത്തി. ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെൻറാണ് (ക്യു.എഫ്.എഫ്.ഡി) ലബനാനിലേക്കുള്ള സഹായ വിതരണം നടത്തുന്നത്.
ലബനാൻ ഇടക്കാല പ്രധാനമന്ത്രി നജീബ് മീഖാതിയെ ഗ്രാൻഡ് സെറയിൽ സന്ദർശിക്കുകയും കൂടിക്കാഴ്ച നടത്തുകയും ചെയ്തു. കൂടിക്കാഴ്ചയിൽ ഖത്തർ അംബാസഡർ ശൈഖ് സഊദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനിയും പങ്കെടുത്തു.
ലബനാന്റെ പരമാധികാരത്തിനും സുരക്ഷക്കും ഖത്തറിന്റെ പിന്തുണ ഉറപ്പ് നൽകിയ അൽ ഖാതിർ, മേഖലയിലെ ഇസ്രായേൽ ആക്രമണങ്ങളിലെ അന്താരാഷ്ട്ര സമൂഹത്തിന്റെ മൗനത്തെ അപലപിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്തു.
ലബനാനിൽനിന്നും ഖത്തറിലേക്ക് മടങ്ങും മുമ്പ് ഖത്തർ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ബെയ്റൂത്ത് ഗവൺമെന്റൽ യൂനിവേഴ്സിറ്റി ആശുപത്രിയിലെത്തി ആക്രമണങ്ങളിൽ പരിക്കേറ്റവരെ സന്ദർശിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു.
2021ൽ ബെയ്റൂത്ത് തുറമുഖത്തുണ്ടായ കൂറ്റൻ സ്ഫോടനത്തെത്തുടർന്ന് തകർന്ന ആശുപത്രി ഖത്തറിന്റെ മേൽനോട്ടത്തിലാണ് പുനഃസ്ഥാപിക്കപ്പെട്ടത്.
ഇസ്രായേൽ ആക്രമണം ലബനാനിലെ സാധാരണക്കാരെയും അടിസ്ഥാന സൗകര്യങ്ങളെയും ആശുപത്രികളെയുമാണ് ലക്ഷ്യംവെച്ചതെന്നും, 13 ആശുപത്രികളിലായി നടത്തിയ ആക്രമണങ്ങളിൽ 125 മെഡിക്കൽ ജീവനക്കാർ രക്തസാക്ഷികളായതായും ആരോഗ്യമന്ത്രിയെ ഉദ്ധരിച്ച് അവർ ചൂണ്ടിക്കാട്ടി.
മേഖലയിലെ ഇസ്രായേലിന്റെ അന്താരാഷ്ട്ര നിയമങ്ങളുടെ പ്രത്യക്ഷമായ ലംഘനങ്ങളിൽ അന്താരാഷ്ട്ര സമൂഹത്തിന്റെ ഇരട്ടത്താപ്പ് ചൂണ്ടിക്കാട്ടിയ അവർ, ലോകത്ത് വേറെ ഏതെങ്കിലും സ്ഥലത്തായിരുന്നു ഇത് സംഭവിച്ചിരുന്നതെങ്കിൽ അന്താരാഷ്ട്ര സമൂഹം രംഗത്ത് വരുമായിരുന്നുവെന്നും, നിർഭാഗ്യവശാൽ ഗസ്സയിൽ മുമ്പ് കണ്ട അതേ നിഷ്ക്രിയത്വവും നിസ്സംഗതയുമാണ് ലബനാന്റെ കാര്യത്തിലും കാണുന്നതെന്നും വിശദീകരിച്ചു.
ആക്രമണങ്ങളിൽ പരിക്കേറ്റവർക്കും പലായനം ചെയ്തവർക്കും ആരോഗ്യ സേവനങ്ങൾ നൽകാൻ പ്രാദേശിക ആരോഗ്യ മേഖലയെ ഖത്തർ സഹായിക്കുമെന്ന് അവർ ഉറപ്പുനൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.