കോവിഡ് പ്രതിരോധം ലോകാരോഗ്യ അസംബ്ലിയിൽ പങ്കുവെച്ച് ആരോഗ്യ മന്ത്രി
text_fieldsദോഹ: കോവിഡ് മഹാമാരിക്കെതിരായ ഖത്തറിന്‍റെ വിജയഗാഥ ലോകാരോഗ്യ അസംബ്ലിയിൽ പങ്ക് വെച്ച് പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരി. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ നേതൃത്വത്തിൽ സമൂഹത്തിന്‍റെയും സർക്കാറിന്‍റെയും സമ്പൂർണ പിന്തുണയോടെയാണ് ഖത്തർ കോവിഡിനെ തടഞ്ഞ് നിർത്തിയതെന്നും ജനീവയിൽ നടന്ന 75ാമത് ലോകാരോഗ്യ അസംബ്ലിയിൽ ഡോ. ഹനാൻ അൽ കുവാരി വ്യക്തമാക്കി.
മഹാമാരിയുടെ ആഘാതത്തിൽ നിന്ന് സാമ്പത്തികമേഖലയെയും ജനങ്ങളുടെ ആരോഗ്യവും സംരക്ഷിക്കുന്നതിന് ഖത്തർ പ്രാപ്തമായിരുന്നുവെന്നും സാധാരണ ജീവിതത്തിലേക്ക് സുരക്ഷിതവും ലളിതവുമായ മടക്കം സാധ്യമാക്കുന്നതിനും പൊതുജനാരോഗ്യ നടപടികൾ സ്വീകരിക്കുന്നതിനും സന്തുലിതമായ ശാസ്ത്രീയ ഉപാധികളാണ് ഖത്തർ സ്വീകരിച്ചതെന്നും ഡോ. അൽ കുവാരി ചൂണ്ടിക്കാട്ടി.
ആരോഗ്യ സുരക്ഷ എന്നത് നമ്മുടെ എല്ലാവരുടെയും കൂട്ടായ ഉത്തരവാദിത്തമാണെന്ന് കോവിഡ് നമ്മെ പഠിപ്പിച്ചതായും ആഗോള സഹകരണവും വിവര കൈമാറ്റവും ഐക്യദാർഢ്യവും നമ്മുടെ ആരോഗ്യം സംരക്ഷിക്കുന്നതിൽ പ്രധാന ഘടകങ്ങളാണെന്നും അവർ പറഞ്ഞു. കോവിഡിനെ പ്രതിരോധിക്കുന്നതിനും രോഗവ്യാപനം തടയുന്നതിനുമായി തുടക്കം മുതൽ ലോകാരോഗ്യ സംഘടന നിർവഹിച്ചുവരുന്ന നടപടികളെ ആരോഗ്യ മന്ത്രി പ്രശംസിക്കുകയും പ്രത്യേകം പരാമർശിക്കുകയും ചെയ്തു.
'ഏറ്റവും പ്രയാസകരമായ ഒരു സമയത്തിലൂടെയാണ് നമ്മൾ കടന്ന് പോയിക്കൊണ്ടിരുന്നത്. ആരോഗ്യ സംവിധാനങ്ങളത്രയും ദുർബലമാകാതിരിക്കുന്നതിനും മഹാമാരിയെ പരാജയപ്പെടുത്തുന്നതിനും നമ്മൾ പരസ്പരം പിന്തുണ നൽകേണ്ടതുണ്ട്. ഇനിയൊരു ആരോഗ്യ വെല്ലുവിളിയെ, അത് പകർച്ചവ്യാധിയാകാം, അല്ലെങ്കിൽ മറ്റു രോഗങ്ങളാകാം അതുമല്ലെങ്കിൽ യുദ്ധം, സംഘർഷം തുടങ്ങിയ മനുഷ്യനിർമ്മിത ദുരന്തങ്ങളാകാം. എന്തായിരുന്നാലും നമ്മൾ ഒരുങ്ങിയിരിക്കേണ്ടതുണ്ട്. പരസ്പര സഹകരണവും പിന്തുണയും സമഗ്ര ആരോഗ്യപ്രവർത്തനവും ഏത് ആരോഗ്യ പ്രതിസന്ധിയെയും മറികടക്കുന്നതിന് നമ്മെ പ്രാപ്തമാക്കുമെന്ന് നാം കണ്ടുകഴിഞ്ഞു' -ഹനാൻ മുഹമ്മദ് അൽ കുവാരി പറഞ്ഞു.
സുസജ്ജമായ ആരോഗ്യ സംവിധാനം, ശക്തമായ പ്രാഥമികാരോഗ്യ സംവിധാനം, പരിചയ സമ്പന്നരായ ആരോഗ്യ പ്രവർത്തകർ എന്നിവ ലോകരാജ്യങ്ങളുടെ കൈവശമുണ്ടെന്നും, ആരോഗ്യ മേഖലയിലും വിദ്യാഭ്യാസത്തിലും ഖത്തർ വലിയ നിക്ഷേപമാണ് നടത്തിയിരിക്കുന്നതെന്നും അവർ വിശദീകരിച്ചു. കോവിഡിനെ മറികടക്കാനും കുറഞ്ഞ കോവിഡ് മരണനിരക്കുള്ള രാജ്യങ്ങളിലൊന്നായി മാറാനും ഇത് ഖത്തറിനെ സഹായിച്ചു.
ഖത്തറിന്‍റെ അടുത്ത ലക്ഷ്യം ആരോഗ്യസുരക്ഷ ഉറപ്പുവരുത്തിക്കൊണ്ടുള്ള ഫിഫ ലോകകപ്പ് ടൂർണമെൻറാണ്. ഫിഫ, ലോകാരോഗ്യ സംഘടന എന്നിവരുമായി ചേർന്ന് ഖത്തർ പങ്കാളിത്ത കരാറിൽ ഒപ്പുവെച്ചിട്ടുണ്ട്. ശാരീരിക, മാനസിക ആരോഗ്യത്തെ ഉയർത്തിക്കൊണ്ടുവരികയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത് -ആരോഗ്യ മന്ത്രി ഡോ. ഹനാൻ അൽ കുവാരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.