മന്ത്രി പി. പ്രസാദിന് സ്വീകരണം നൽകി
text_fieldsദോഹ: ഖത്തർ സന്ദർശനത്തിനെത്തിയ സംസ്ഥാന കൃഷിമന്ത്രി പി. പ്രസാദിന് ദോഹയിലെ കർഷകരുടെ കൂട്ടായ്മയായ ‘നമ്മുടെ അടുക്കളത്തോട്ടം’ നേതൃത്വത്തിൽ സ്വീകരണം നൽകി. ദോഹയിലെ സൽവ റോഡിലുള്ള സെയ്തൂൺ റസ്റ്റാറന്റിൽ നടന്ന സ്വീകരണ യോഗത്തിൽ ‘നമ്മുടെ അടുക്കളത്തോട്ടം’ പ്രസിഡന്റ് ജിജി അരവിന്ദ് സ്വാഗതം പറഞ്ഞു. അംബര പവിത്രൻ കൃഷിമന്ത്രിക്ക് ആദര സൂചകമായി മെമന്റോ കൈമാറി. മരുഭൂമിയിലും വിഷരഹിത പച്ചക്കറികൾ അനായാസം വിളയിച്ചെടുക്കുന്ന അടുക്കളത്തോട്ടത്തിന്റെ പ്രയത്നത്തെ മന്ത്രി അനുമോദിച്ചു. ‘യങ് ഫാർമർ’ മത്സരത്തിന്റെ പോസ്റ്റർ പ്രകാശനം മന്ത്രി നിർവഹിച്ചു.
ഇന്ത്യൻ എംബസി അപെക്സ് സംഘടനയായ ഇന്ത്യൻ കൾചറൽ സെന്റർ ഐ.സി.സി അശോക ഹാളിൽ മന്ത്രിക്ക് സ്വീകരണം നൽകി. വിവിധ വിഷയങ്ങളിൽ ഔന്നത്യം നേടുന്നതിനോടൊപ്പം ചരിത്രാവബോധംകൂടി പഠനത്തിന്റെ ഭാഗമാക്കണമെന്നും എങ്കിലേ നാം നിൽക്കുന്ന സാഹചര്യങ്ങളെ ഉൾക്കൊണ്ട് സാമൂഹിക പ്രതിബദ്ധതയുള്ള പൗരന്മാരെ രൂപപ്പെടുത്തിയെടുക്കാൻ കഴിയൂവെന്നും സ്വീകരണ പരിപാടിയിൽ മന്ത്രി അഭിപ്രായപ്പെട്ടു.
ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എബ്രഹാം ജോസഫ് സ്വാഗതം പറഞ്ഞു. സജീവ് സത്യശീലൻ നന്ദി അറിയിച്ചു. മറ്റ് അപ്പെക്സ് ബോഡി പ്രതിനിധികൾ, കമ്യൂണിറ്റി നേതാക്കൾ, ഇന്ത്യൻ കമ്യൂണിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.