ഇന്ത്യക്കാരെ കേട്ടും അറിഞ്ഞും മന്ത്രി സന്ദർശനം
text_fieldsദോഹ: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദർശനം ചൊവ്വാഴ്ച പൂർത്തിയാവും. ഞായറാഴ്ച ദോഹയിലെത്തിയ മന്ത്രി കൂടിക്കാഴ്ചകളിലും വിവിധ പരിപാടികളിലും പങ്കെടുത്താണ് സന്ദർശനം പൂർത്തിയാക്കി മടങ്ങുന്നത്.
തിങ്കളാഴ്ച ദോഹ ജ്വല്ലറി ആൻഡ് വാച്ചസ് എക്സിബിഷനിലെ ഇന്ത്യൻ പവിലിയൻ ഉദ്ഘാടനം ചെയ്ത അദ്ദേഹം, ഖത്തറിലെ അപെക്സ് സംഘടനകളുമായി കൂടിക്കാഴ്ച നടത്തി. തുടർന്ന് വൈകീട്ട് വക്റയിൽ ഖത്തർ തമിഴർ സംഘ നേതൃത്വത്തിൽ ഇന്ത്യക്കാരായ മത്സ്യത്തൊഴിലാളികളെ സന്ദർശിച്ചു. തുടർന്ന് രാത്രിയോടെ ഏഷ്യൻ ടൗൺ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഐ.സി.ബി.എഫ് സംഘടിപ്പിച്ച തൊഴിലാളി ദിന പരിപാടിയിലും മുഖ്യാതിഥിയായി പങ്കെടുത്തു.
ഖത്തറിന്റെ സാംസ്കാരിക സൂക്ഷിപ്പുകേന്ദ്രമായ നാഷനൽ മ്യൂസിയവും മന്ത്രി സന്ദർശിച്ചു. ചൊവ്വാഴ്ച ഖത്തർ ലോകകപ്പിന്റെ വേദികളിലൊന്നായ അഹമ്മദ് ബിൻ അലി സ്റ്റേഡിയം മന്ത്രി സന്ദർശിക്കും. മന്ത്രിയെന്ന നിലയിലെ ഖത്തറിലേക്കുള്ള ഔദ്യോഗിക സന്ദർശനം ഏറെ ഫലപ്രദമായിരുന്നുവെന്ന് വി. മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു. 'ഖത്തറും ഇന്ത്യയും തമ്മിൽ ശക്തമായ സൗഹൃദമാണ് നിലവിലുള്ളത്. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഇന്ത്യയും, പ്രധാനമന്ത്രി നരേന്ദ്ര മോദി ഖത്തറും സന്ദർശിച്ചിരുന്നു. വ്യാപാരി, വാണിജ്യ, നിക്ഷേപ, പ്രതിരോധ സഹകരണം തുടങ്ങിയ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിൽ മികച്ച ബന്ധമാണ് തുടരുന്നത്.
അവ കൂടുതൽ ശക്തമാക്കാൻ സന്ദർശനത്തിലൂടെ കഴിഞ്ഞു. ഔദ്യോഗിക സന്ദർശനഭാഗമായി ഖത്തറിലെ വിവിധ തലങ്ങളിലുള്ള ഇന്ത്യൻ സമൂഹവുമായി സംസാരിക്കാനും അവരുടെ പ്രശ്നങ്ങളും ആവശ്യങ്ങളും അറിയാനും കഴിഞ്ഞു.
ഇവക്ക് പരിഹാരം കാണാൻ ശ്രമിക്കും. ഖത്തർ വിദേശകാര്യ വകുപ്പ് സഹമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി' -മന്ത്രി പറഞ്ഞു.
ഇന്ത്യക്കും ഖത്തറിനുമിടയിൽ നിലവിൽ 207 സർവിസുകളാണുള്ളത്. എയർലൈൻ കമ്പനികളുടെ പരിമിതികൾക്കുള്ളിൽനിന്ന് പ്രവാസികളുടെ യാത്രാപ്രശ്നങ്ങൾ പരിഹരിക്കാൻ സാധ്യമായത് ചെയ്യുമെന്നും മന്ത്രി ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
കമ്യൂണിറ്റി സംഘടനകളുമായി കൂടിക്കാഴ്ച
ദോഹ: മൂന്നുദിന ഔദ്യോഗിക സന്ദർശനത്തിനായി ഖത്തറിലെത്തിയ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഇന്ത്യൻ എംബസി അപെക്സ് സംഘടന ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തി.
സന്ദർശനത്തിന്റെ രണ്ടാം ദിനത്തിൽ ഇന്ത്യൻ കൾചറൽ സെന്റർ (ഐ.സി.സി), ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്), ഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷനൽ കൗൺസിൽ (ഐ.ബി.പി.സി) അംഗങ്ങളുമായാണ് മന്ത്രി കൂടിക്കാഴ്ച നടത്തിയത്.
ഖത്തറിലെ ഇന്ത്യൻ പ്രവാസികളുടെയും തൊഴിലാളികളുടെയും വിവിധ ആവശ്യങ്ങൾ കമ്യൂണിറ്റി നേതാക്കൾ മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി.
അംബാസഡർ ഡോ. ദീപക് മിത്തൽ, വിദേശകാര്യ മന്ത്രാലയം ജോയന്റ് സെക്രട്ടറി വിപുൽ, ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ആഞ്ജലീന പ്രേമലത, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
ഇന്ത്യ-ഖത്തർ സാമ്പത്തിക പങ്കാളിത്തം മെച്ചപ്പെടുത്തുന്നതിനായി ഇന്ത്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ അഭ്യർഥിച്ചതായി
ഐ.ബി.പി.സി അംഗങ്ങളുമായുള്ള കൂടിക്കാഴ്ചക്കുശേഷം മന്ത്രി ട്വിറ്ററിൽ കുറിച്ചു.
ഖത്തറിലെ ഇന്ത്യൻ പ്രവാസികളുടെ പ്രധാന കേന്ദ്രമായ ഐ.സി.സിക്ക് സ്വന്തം കെട്ടിടം നിർമിക്കാനുള്ള ഭൂമി ലഭ്യമാക്കാൻ ഇടപെടണമെന്ന് ഇന്ത്യൻ കൾചറൽ സെന്റർ പ്രതിനിധികൾ മന്ത്രിയോട് ആവശ്യപ്പെട്ടു.
കഴിഞ്ഞ 30 വർഷത്തെ സേവനങ്ങൾ വിലയിരുത്തി സ്വന്തമായി ഭൂമി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതായി പ്രസിഡന്റ് പി.എൻ. ബാബുരാജൻ പറഞ്ഞു.
ഓൺ അറൈവൽ, ഫാമിലി വിസ സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കാനും കുട്ടികളുടെ സ്കോളർഷിപ് അനുവദിക്കൽ എന്നീ കാര്യങ്ങളും വിവിധ സംഘടന പ്രതിനിധികൾ ചൂണ്ടിക്കാട്ടി.
കേന്ദ്രമന്ത്രിക്ക് കുവാഖ് നിവേദനം നല്കി
ദോഹ: ഔദ്യോഗിക സന്ദർശനത്തിന് ദോഹയിൽ എത്തിച്ചേർന്ന കേന്ദ്രമന്ത്രി വി. മുരളീധരന് ഖത്തറിലെ കണ്ണൂർ ജില്ലക്കാരുടെ സൗഹൃദ കൂട്ടായ്മ്മയായ കുവാഖ് കണ്ണൂർ വിമാനത്താവള യാത്രയുമായി ബന്ധപ്പെട്ട വിഷയത്തിൽ നിവേദനം നൽകി.
വിദേശ വിമാനക്കമ്പനികൾക്ക് കണ്ണൂർ എയർപോർട്ടിൽ നിന്ന് പ്രവർത്തിക്കുന്നതിന് അനുമതി നൽകുക, ഖത്തറിൽ നിന്ന് കൂടുതൽ ഫ്ലൈറ്റുകൾ ഷെഡ്യൂൾ ചെയ്യുക, സ്കൂൾ അവധിക്കാലത്ത് യാത്രാനിരക്കിലെ അനിയന്ത്രിത വർധന നിയന്ത്രിക്കുക എന്നീ ആവശ്യങ്ങൾ ഉൾപ്പെടുത്തിയായിരുന്നു നിവേദനം.
കുവാഖ് പ്രസിഡന്റ് മുഹമ്മദ് നൗഷാദ് അബു, ജനറൽ സെക്രട്ടറി വിനോദ് വളളിക്കോൽ എന്നിവർ നിവേദക സംഘത്തിന് നേതൃത്വം നൽകി.
പരാതികൾ പരിഹരിക്കാം; മത്സ്യത്തൊഴിലാളികൾക്ക് മന്ത്രിയുടെ ഉറപ്പ്
അൽ വക്റയിൽ ഇന്ത്യക്കാരായ മത്സ്യത്തൊഴിലാളികളുടെ വിശേഷങ്ങളും പരാതികളും അറിഞ്ഞും അവർക്ക് ആശ്വാസമായും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ സന്ദർശനം.
തിങ്കളാഴ്ച വൈകീട്ടായിരുന്നു ഖത്തർ തമിഴർ സംഘം നേതൃത്വത്തിൽ കേന്ദ്രമന്ത്രിയുമായി മത്സ്യത്തൊഴിലാളികളുടെ കൂടിക്കാഴ്ചയൊരുക്കിയത്. കടലിൽ മത്സ്യങ്ങൾ തേടിയുള്ള ജോലിക്കിടയിൽ തങ്ങൾ നേരിടുന്ന വിഷമങ്ങളും വെല്ലുവിളികളും അവർ മന്ത്രിക്ക് മുമ്പാകെ ബോധിപ്പിച്ചു. അംബാസഡർ ഡോ. ദീപക് മിത്തലിന്റെയും വിദേശകാര്യ ജോ. സെക്രട്ടറി വിപുലിന്റെയും സാന്നിധ്യത്തിൽ പരാതികളെല്ലാം അദ്ദേഹം ശ്രദ്ധയോടെ കേട്ടു.
മത്സ്യബന്ധനത്തിനാവശ്യമായ ഡീസലിന് സബ്സിഡി ലഭ്യമാക്കുക, പിടിക്കുന്ന മത്സ്യങ്ങൾക്ക് കൃത്യമായ വിലനിർണയിക്കുക, തൊഴിലാളികൾക്ക് കടലിൽ എളുപ്പത്തിൽ എത്തിച്ചേരാവുന്നവിധം താമസം ഒരുക്കുക തുടങ്ങിയ വിഷയങ്ങളാണ് തൊഴിലാളികൾ മുഖ്യമായും ഉന്നയിച്ചത്. അംബാസഡർ ഡോ. ദീപക് മിത്തൽ ആവശ്യങ്ങൾ ഖത്തർ സർക്കാറിന്റെ ശ്രദ്ധയിലെത്തിക്കുമെന്നും ഇവക്ക് തീർപ്പ് നൽകാൻ ഇന്ത്യൻ സർക്കാർ ശ്രമിക്കുമെന്നും മന്ത്രി ഉറപ്പുനൽകി.
അടിയന്തര ഇടപെടൽ ആവശ്യമായ പ്രവാസി വിഷയങ്ങൾ
ദോഹ: കേന്ദ്ര വിദേശകാര്യ സഹമന്ത്രിയെന്ന നിലയിൽ ഖത്തറിലെ ആദ്യ ഔദ്യോഗിക സന്ദർശനത്തിനെത്തിയ വി. മുരളീധരൻ മൂന്നുദിവസങ്ങൾകൊണ്ട് ഒട്ടനവധി ഇന്ത്യക്കാരെയാണ് കേട്ടത്.
കോവിഡാനന്തര കാലത്ത് ഇന്ത്യയിൽ നിന്നെത്തി പൊതുജനങ്ങളുമായി സംവദിക്കുന്ന ആദ്യ മന്ത്രിയെന്ന നിലയിൽ തങ്ങളുടെ പരാതികളും ആവശ്യങ്ങളുമായി ഏറെ പേരാണ് മന്ത്രിയെ സന്ദർശിച്ചത്.
തിങ്കളാഴ്ച ഐ.സി.സി ഹാളിൽ നടന്ന പൗരസ്വീകരണ ചടങ്ങിൽ വിവിധ സംഘടനകളും വ്യക്തികളും മന്ത്രിക്ക് നിവേദനം നൽകി. ഇതിനു പുറമെ, അപെക്സ് സംഘടനാ ഭാരവാഹികളുമായുള്ള കൂടിക്കാഴ്ചയിലും മത്സ്യത്തൊഴിലാളികളുടെ പരിപാടിയിലും, തൊഴിലാളി ദിനാഘോഷ പരിപാടികളിലുമായി വിവിധ മേഖലകളിലുള്ളവരുമായാണ് മന്ത്രി സംവദിച്ചത്. കോവിഡാനന്തര സാഹചര്യത്തിൽ കേന്ദ്ര സർക്കാറിന്റെ അടിയന്തര ശ്രദ്ധ ആവശ്യപ്പെടുന്ന വിഷയങ്ങൾ ഇതാണ്:
• വിമാനയാത്ര ദുരിതം അവസാനിപ്പിക്കണം: വിമാന ടിക്കറ്റ് നിരക്ക് വർധന, യാത്രാവിമാനങ്ങളിലെ അനിശ്ചിതാവസ്ഥ എന്നിവക്ക് ശാശ്വത പരിഹാരമാണ് പ്രവാസികൾ അടിയന്തരമായി ആവശ്യപ്പെടുന്നത്. തിരുവനന്തപുരം ഉൾപ്പെടെ ഇന്ത്യൻ വിമാനത്താവളങ്ങളിലേക്ക് കൂടുതൽ ബജറ്റ് എയർലൈനുകൾ അനുവദിച്ച് പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നത് വർഷങ്ങളായ ആവശ്യമാണ്.
വേനലവധി വരുന്നതോടെ അനിയന്ത്രിതമായ വിമാനയാത്രാ നിരക്കിൽ ഇടപെടണമെന്നും പ്രവാസികൾ ആവശ്യമുന്നയിക്കുന്നു. ലോകകപ്പ് നടക്കുന്ന വർഷം എന്ന നിലയിൽ ദോഹ-ഇന്ത്യ സെക്ടറിൽ വൻ ടിക്കറ്റ് നിരക്കാണ് നിലവിൽ തന്നെയുള്ളത്. ഒട്ടേറെ ഇന്ത്യൻ കാണികൾ ഖത്തറിലേക്ക് വരാനിരിക്കെ ഈ പ്രശ്നത്തിന് വിമാന കമ്പനികളുമായി സഹകരിച്ച് കേന്ദ്ര സർക്കാർ ഇടപെടൽ ആവശ്യമാണ്.
• കേന്ദ്ര സർക്കാറിന്റെ പ്രവാസി ക്ഷേമ പദ്ധതികൾ എംബസികളോ മറ്റ് അനുബന്ധ സംവിധാനങ്ങളോ ഉപയോഗിച്ച് പ്രവാസികൾക്ക് ലഭ്യമാക്കാൻ നടപടി സ്വീകരിക്കണം. 10 ലക്ഷം സുരക്ഷാ കവറേജുള്ള പ്രവാസി ഭാരതീയ ഭീമായോജന ഉൾപ്പെടെ സ്കീമുകൾ പലപ്പോഴും ഗൾഫ് നാടുകളിലെ കുറഞ്ഞ വരുമാനക്കാരായ പ്രവാസികളിലേക്ക് എത്തുന്നില്ല.
• കേന്ദ്ര സർക്കാറിന്റെ അടൽ പെൻഷൻ യോജന പദ്ധതിയിൽ പ്രവാസികൾക്കും അംഗത്വം നൽകണം.
ഇതുസംബന്ധിച്ച് ഖത്തറിൽനിന്നുള്ള സാമൂഹിക പ്രവർത്തകർ മന്ത്രിക്ക് നിവേദനം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.