ഫനാർ അറബിക് എ.ഐയിൽ വിവര ദാതാക്കളായി ഔഖാഫ് മന്ത്രാലയം
text_fieldsദോഹ: അറബി ഭാഷാധിഷ്ഠിത നിർമിതബുദ്ധി പദ്ധതിയായ ‘ഫനാർ’ വികസിപ്പിക്കുന്നതിൽ സംഭാവന നൽകുന്ന പങ്കാളികളെ വാർത്താവിനിമയ-ഐ.ടി മന്ത്രാലയം പ്രഖ്യാപിച്ചു. സർക്കാർ, അക്കാദമിക് മേഖലകളിലെ പ്രതിനിധികൾ പങ്കെടുത്ത യോഗത്തിലാണ് രാജ്യത്തെ നാല് പ്രമുഖ സ്ഥാപനങ്ങളുടെ പങ്കാളിത്തം പ്രഖ്യാപിക്കപ്പെട്ടത്.
ഔഖാഫ് ഇസ്ലാമികകാര്യ മന്ത്രാലയം, ഖത്തർ നാഷനൽ ലൈബ്രറി (ക്യു.എൻ.എൽ), അൽ ജസീറ ചാനൽ, അറബ് സെന്റർ ഫോർ പോളിസി സ്റ്റഡീസ് (എ.സി.ആർ.പി.എസ്) എന്നീ സ്ഥാപനങ്ങളായിരിക്കും സ്വപ്ന പദ്ധതിയായ ഫനാറിന്റെ വിവര ദാതാക്കൾ. രണ്ടാഴ്ച മുമ്പ് സമാപിച്ച ഖത്തർ സാമ്പത്തിക ഫോറത്തിൽ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനിയാണ് ഫനാർ പദ്ധതിയുടെ പ്രഖ്യാപനം നടത്തിയത്. ഫനാർ എ.ഐ വികസിപ്പിക്കുന്നതിൽ ആവശ്യമായ വിവരങ്ങൾ നൽകുകയും, നിർമിതബുദ്ധിയുടെ സഹായത്തോടെയുള്ള അറബി പഠന സംവിധാനം വികസിപ്പിക്കുകയുമാണ് ലക്ഷ്യം. 30,000 കോടി അറബി വാക്കുകൾ എന്ന ലക്ഷ്യം പൂർത്തീകരിക്കുന്നതിന്റെ കൂടി ഭാഗമാണ് വിവിധ മേഖലകളിലുള്ള പങ്കാളികളുമായി കൈകോർക്കുന്നത്. ഫനാർ പദ്ധതിയിൽ അറബി ഉള്ളടക്കത്തിന്റെ വിപുലമായ ഡേറ്റാബേസ് നിർമിക്കുന്നതിനുള്ള വിവരങ്ങളായിരിക്കും ദാതാക്കൾ നൽകുക. ഇത് മെഷീൻ വിവർത്തനം, ശബ്ദം തിരിച്ചറിയൽ, സ്വാഭാവിക അറബി ഭാഷാ ഉപയോഗം തുടങ്ങിയവയിൽ പ്രധാന ഉറവിടമായി വർത്തിക്കും. പുതിയ വിവര സ്രോതസ്സുകൾ ഫനാറിന് കൂടുതൽ കൃത്യവും കാര്യക്ഷമവുമായ ഭാഷാമാതൃക വികസിപ്പിക്കുന്നതിനും അതിലൂടെ അറബി ഭാഷയെ മെച്ചപ്പെടുത്താനും സാധിക്കുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളുടെ ഫനാറുമായുള്ള പങ്കാളിത്തം പദ്ധതിയുടെ വികസനത്തിൽ സുപ്രധാന ചുവടുവെപ്പായാണ് വിലയിരുത്തപ്പെടുന്നതെന്നും സ്ഥാപനങ്ങൾക്ക് അറബി ഉള്ളടക്കത്തിന്റെ സമ്പന്നവും വൈവിധ്യവുമാർന്ന ചരിത്രപരവും, ഭാഷാപരവും, സാംസ്കാരികവുമായ വിഭവങ്ങൾ ഏറെയുണ്ടെന്നും ചടങ്ങിൽ വാർത്താവിനിമയ ഐ.ടി മന്ത്രി മുഹമ്മദ് ബിൻ അലി അൽ മന്നാഈ പറഞ്ഞു.
പുതിയ പങ്കാളിത്തം അറബി ലാർജ് ലാംഗ്വേജ് മോഡലുകളിൽ (എൽ.എൽ.എം) വലിയ സ്വാധീനമുണ്ടാക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും, ഫനാർ പദ്ധതിയിൽ പ്രാദേശികവും അന്തർദേശീയവുമായ കൂടുതൽ കക്ഷികൾ ചേരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഹമ്മദ് അലി അൽ മന്നാഈ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.