ഖത്തറില്‍ വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ ഫീസിളവ് പ്രാബല്യത്തിൽ
text_fieldsദോഹ: ഖത്തറില്‍ വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ സേവനങ്ങള്‍ക്കുള്ള ഫീസിളവ് വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍. രാജ്യത്ത് നിക്ഷേപകര്‍ക്ക് അനുകൂലമായ സാഹചര്യമൊരുക്കാനാണ് വാണിജ്യ- വ്യവസായ മന്ത്രാലയം രജിസ്ട്രേഷന് അടക്കമുള്ള സേവനങ്ങളില്‍ ഫീസിളവ് പ്രഖ്യാപിച്ചത്. 90 ശതമാനം വരെയാണ് ഫീസില്‍ ഇളവ് വരുത്തിയത്. വിശദമായ പഠനങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ മാസം അവസാനമാണ് തീരുമാനം പ്രഖ്യാപിച്ചത്.
ഇതനുസരിച്ച് വ്യാഴാഴ്ച മുതല്‍ പുതിയ കമ്പനി രജിസ്റ്റര്‍ ചെയ്യാന്‍ 500 റിയാല്‍ മതിയാകും. കോമേഴ്സ്യൽ രജിസ്ട്രേഷൻ, കോമേഴ്സ്യൽ പെർമിറ്റ്, വാണിജ്യ ഏജന്റ്സ് രജിസ്ട്രി, വാണിജ്യ കമ്പനി സേവനങ്ങൾ, കൺസൾട്ടൻസി സേവനങ്ങൾ, ഗുണനിലവാര ലൈസൻസുകൾ, പേറ്റന്റ് സേവനങ്ങൾ, ഡിസൈനുകളുടെയും വ്യാവസായിക മോഡലുകളുടെയും സംരക്ഷണം, വ്യാവസായിക വികസന സേവനങ്ങൾ തുടങ്ങിയവയുടെ ഫീസിലെല്ലാം ഗണ്യമായ കുറവുണ്ട്.
ഒരു പ്രധാന ആക്ടിവിറ്റിയുള്ള പുതിയ കോമേഴ്സ്യൽ രജിസ്ട്രേഷൻ ഫീസ്, കോമേഴ്സ്യൽ രജിസ്ട്രേഷൻ പുതുക്കൽ ഫീസ് എന്നിവക്ക് 500 റിയാൽ മാത്രമാണ്. നിലവിൽ 10,000 റിയാലായിരുന്നു നിരക്ക്. കോമേഴ്സ്യൽ രജിസ്റ്ററിൽ പുതിയ ബ്രാഞ്ച് കൂട്ടിച്ചേർക്കാനും ബ്രാഞ്ച് രജിസ്ട്രേഷൻ പുതുക്കാനും 100 റിയാലാണ് നിരക്ക്.
ഒരു കോമേഴ്സ്യൽ രജിസ്റ്ററിൽ പുതിയ ഓരോ ആക്ടിവിറ്റി ചേർക്കാനും രജിസ്ട്രേഷൻ ഡേറ്റയിൽ മാറ്റം വരുത്താനും 300 റിയാൽ നൽകിയാൽ മതിയാകും. കോമേഴ്സ്യൽ പെർമിറ്റ് ഫീസിലും കുറവുവരുത്തിയിട്ടുണ്ട്.
ശാഖയുടെ ലൈസൻസിങ്ങിനും പുതുക്കാനും 500 റിയാലാണ് പുതുക്കിയ നിരക്ക്. ഹോം ബിസിനസ് പ്രവർത്തനങ്ങളുടെ ലൈസൻസിനും പുതുക്കാനും 300 റിയാലാണ് നിരക്ക്. കോമേഴ്സ്യൽ ഏജന്റ് രജിസ്ട്രിയുടെ രജിസ്ട്രേഷൻ അപേക്ഷ ഫീസ് 3000 ത്തിൽനിന്ന് 1000 റിയാലായി കുറയും.
ഏജന്റ്സ് രജിസ്ട്രേഷൻ റദ്ദാക്കാൻ 1000 റിയാൽ നൽകേണ്ടിയിരുന്നത് ഇനി സൗജന്യമാണ്. കോമേഴ്സ്യൽ ഏജൻസിയെ കുറിച്ചുള്ള അന്വേഷണത്തിനും ഡേറ്റ അസസിങ്ങിനും അപേക്ഷ ഫീസ് 1000 റിയാലുള്ളത് പകുതിയാകും. കമ്പനി രേഖകൾ പരിശോധിച്ച് അറ്റസ്റ്റ് ചെയ്യാൻ 1500 റിയാലുള്ളത് മൂന്നിലൊന്നാകും.
ആർട്ടിക്കിൾസ് ഓഫ് അസോസിയേഷനും ഫൗണ്ടിങ് കോൺട്രാക്ടും പരിശോധിച്ച് അറ്റസ്റ്റ് ചെയ്യാൻ 2000 റിയാലാണ് പുതിയ ഫീസ്. ഇത് 5000 റിയാലായിരുന്നു. പ്രാക്ടിസ് കൺസൽട്ടൻസി സർവിസ് ലൈസൻസിനും പുതുക്കാനും 500 റിയാൽ മതിയാകും.
തരം അനുസരിച്ച് ലൈസൻസിന് 9000 മുതൽ 20,000 വരെയും പുതുക്കാൻ 6000 മുതൽ 15,000 വരെയും വേണ്ടിയിരുന്ന സ്ഥാനത്താണിത്. ഓഡിറ്റർ രജിസ്ട്രേഷനും പുതുക്കാനും 500 മതി. അക്കൗണ്ടിങ് ഓഫിസ്-കമ്പനി രജിസ്ട്രേഷന് 7000 ഉള്ളത് 3000 ആയി കുറച്ചു.
ട്രെയിനി ഓഡിറ്റർ രജിസ്ട്രേഷന് 2000 ഉള്ളത് 300 റിയാലായി കുറയും. അതേസമയം, ഖത്തരി അല്ലാത്ത അക്കൗണ്ടിങ് ഓഫിസുകളുടെ രജിസ്ട്രേഷൻ ഫീസ് നിലവിലെ 20,000 റിയാലായി തുടരും. എന്നാൽ, കാലാവധി ഒരു വർഷം എന്നത് മൂന്നുവർഷമായി ഉയർത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.