വാണിജ്യ മന്ത്രാലയ ഏകജാലകത്തിൽ കൂടുതൽ സേവനം ഉൾപ്പെടുത്തും
text_fieldsദോഹ: ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്താനും നിക്ഷേപകരെ ആകർഷിക്കാനുമായി ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം ഏകജാലക പോർട്ടലിൽ കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തുമെന്ന് ഏകജാലക വകുപ്പ് ഡയറക്ടർ മുഹമ്മദ് ഹമദ് അൽ നുഐമി പറഞ്ഞു.
വാണിജ്യ രജിസ്ട്രേഷൻ നടപടിക്രമങ്ങൾ എളുപ്പമാക്കാൻ വിവിധ സർക്കാർ വകുപ്പുകളെ ഏകോപിപ്പിക്കും.ഇതോടെ വിവിധ വകുപ്പുകളിൽനിന്ന് ലഭ്യമാകേണ്ട രേഖകൾക്കായി വാണിജ്യ മന്ത്രാലയത്തിന്റെ ഏകജാലക പോർട്ടൽ വഴി അപേക്ഷിക്കാൻ കഴിയും. 2019ലാണ് വാണിജ്യ മന്ത്രാലയം ഏകജാലക പോർട്ടൽ ആരംഭിച്ചത്. വാണിജ്യ രജിസ്ട്രേഷന് അപേക്ഷിക്കുന്നത് മുതൽ ബിസിനസ് അടച്ചുപൂട്ടുന്നതുമായി വരെ ബന്ധപ്പെട്ട സർക്കാർ നടപടികൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ ഇതുവഴി കഴിയും. നിക്ഷേപകർക്ക് പണവും സമയവും അധ്വാനവും ലാഭിക്കാൻ പ്ലാറ്റ്ഫോം സഹായകമാണ്.
ഖത്തർ സാമ്പത്തിക വൈവിധ്യവത്കരണത്തിലേക്ക് നീങ്ങുകയും ആഗോള നിക്ഷേപകേന്ദ്രമായി മാറാൻ ശ്രമിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് നിക്ഷേപകർക്ക് സൗകര്യപ്രദമായ വിവിധ നടപടികൾ സ്വീകരിക്കുന്നത്.
വാണിജ്യ രജിസ്ട്രേഷൻ, ലൈസൻസ് നേടൽ -പുതുക്കൽ ഉൾപ്പെടെ വിവിധ സേവനങ്ങൾക്കുള്ള ഫീസ് മന്ത്രാലയം ഈ മാസം 90 ശതമാനം വരെ കുറച്ചിരുന്നു. വ്യവസായ മേഖലയിലെ ഭൂമി വാടക മുനിസിപ്പാലിറ്റി 90 ശതമാനം കുറച്ചതും നിക്ഷേപകരെ ആകർഷിക്കാൻ ലക്ഷ്യമിട്ടാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.