പഠനാന്തരീക്ഷം ഉറപ്പാക്കി വിദ്യാഭ്യാസ മന്ത്രാലയം
text_fieldsദോഹ: പുതിയ അധ്യയന വർഷത്തിൽ അനുകൂലമായ പഠനാന്തരീക്ഷം ഉറപ്പാക്കി വിദ്യാർഥികളെ സ്വീകരിക്കാനുള്ള തയാറെടുപ്പുകൾ പൂർത്തിയായെന്ന് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രത്യേകിച്ചും കിന്റർ ഗാർട്ടനുകൾ വിദ്യാർഥികളെ അവരുടെ അഭിരുചികൾക്കനുസരിച്ച് വിനോദ, വിദ്യാഭ്യാസ പ്രവർത്തനങ്ങളുമായി സ്വാഗതം ചെയ്യാൻ ആവശ്യമായ തയാറെടുപ്പുകൾ നടത്തിയതായി മന്ത്രാലയത്തിലെ സ്കൂൾ കാര്യ വകുപ്പ് ഉപമേധാവി ഫാത്തിമ യൂസുഫ് അൽ ഒബൈദലി പറഞ്ഞു.
കിന്റർ ഗാർട്ടനുകളിലെ വിദ്യാർഥികൾക്കും ആദ്യമായി സ്കൂളുകളിലെത്തുന്നവർക്കും സൗകര്യങ്ങൾ ആകർഷകമാക്കുന്നതിന് മികച്ച ക്രമീകരണങ്ങളും തയാറെടുപ്പുകളും പൂർത്തിയായതായി ഖത്തർ ടി.വിക്ക് നൽകിയ അഭിമുഖത്തിൽ അൽ ഒബൈദലി കൂട്ടിച്ചേർത്തു.
ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന് അന്താരാഷ്ട്ര നിലവാരത്തിലുള്ള അധ്യാപന സംവിധാനങ്ങൾ ക്ലാസ് മുറികളിൽ സജ്ജമാക്കിയിട്ടുണ്ട്. വിദ്യാർഥികളുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കാനുള്ള നിർദേശങ്ങളും പാലിക്കാൻ പ്രത്യേക നിയന്ത്രണങ്ങളും ഏർപ്പെടുത്തി -അവർ സൂചിപ്പിച്ചു.
വിദ്യാർഥികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി എല്ലാ സ്കൂളുകളിലും വാട്ടർ ടാങ്കുകൾ വൃത്തിയാക്കൽ, കുടിവെള്ള ഡിസ്പെൻസറുകളുടെയും കൂളറുകളുടെയും ഫിൽട്ടറുകൾ മാറ്റൽ തുടങ്ങിയ അറ്റകുറ്റപ്പണികളും പൂർത്തിയാക്കിയതായി വിദ്യാഭ്യാസ മന്ത്രാലയത്തിലെ ആരോഗ്യ-സുരക്ഷ വകുപ്പ് ഡയറക്ടർ മുഹമ്മദ് അബ്ദുല്ല അൽ മറാഗി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.