ഒലീവ് സ്കൂളിന് വിദ്യാഭ്യാസ മന്ത്രാലയം ക്യൂ.എൻ.എസ് അക്രഡിറ്റേഷൻ
text_fieldsദോഹ: ഖത്തറിലെ പ്രമുഖ ഇന്ത്യൻ സ്കൂളായ ഒലീവ് ഇന്റർനാഷനൽ സ്കൂളിന്റെ ഉം സലാൽ അലി കാമ്പസിന് വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ക്യൂ.എൻ.എസ് അക്രഡിറ്റേഷൻ. സ്വകാര്യമേഖലയിൽ മികച്ച നിലവാരം പുലർത്തുന്ന സ്കൂൾ എന്നനിലയിലാണ് മൂന്നു വർഷത്തെ ഖത്തർ നാഷനൽ സ്കൂൾ അക്രഡിറ്റേഷൻ അംഗീകാരം ലഭിച്ചതെന്ന് മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ ഡേവിസ് എടക്കുളത്തൂർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
വിവിധ ഘട്ടങ്ങളിലായുള്ള അകാദമിക്, അടിസ്ഥാന സൗകര്യങ്ങൾ സംബന്ധിച്ച പരിശോധനയുടെ അടിസ്ഥാനത്തിലാണ് ക്യൂ.എൻ.എസ് അക്രഡിറ്റേഷൻ നൽകിയത്. സ്വകാര്യ മേഖലയിൽപ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അഞ്ചു മേഖലയിലെ പ്രവർത്തനമികവാണ് വിദ്യാഭ്യാസ- മന്ത്രാലയം അക്രഡിറ്റേഷൻ നടപടികളുടെ ഭാഗമായി വിലയിരുത്തിയതെന്ന് സ്കൂൾ പ്രിൻസിപ്പൽ ജേക്കബ് മാത്യൂ പറഞ്ഞു.
കർമ പദ്ധതി (ആക്ഷൻ പ്ലാൻ,) സ്വയം പഠനത്തിലെ ഗുണനിലവാരം, വിദ്യാഭ്യാസ നേതൃത്വവും പ്രകടനവും, സ്വച്ഛമായ പഠനാന്തരീക്ഷം, വിദ്യാർത്ഥികളുടെ വികസനവും- പരിചരണവും, റിസോഴ്സ് മാനേജ്മെൻറ് എന്നീ മേഖലകൾ വിദ്യഭ്യാസ മന്ത്രാലയത്തിന്റെ അക്രഡിറ്റേഷൻ സമിതി വിലയിരുത്തി.
പ്രിൻസിപ്പലിന്റെയും മറ്റ് മുതിർന്ന മേധാവികളുടെയും നേതൃത്വത്തിൽ രൂപവത്കരിച്ച കോർ കമ്മിറ്റികളുടെ ഒന്നര വർഷത്തെ പരിശ്രമത്തിന്റെ ഫലമായാണ് നേട്ടമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. കഴിഞ്ഞവർഷം സെപ്റ്റംബർ അഞ്ചു ദിവസങ്ങൾ നീണ്ടുനിന്ന മൂല്യനിർണയത്തിനൊടുവിൽ ജനുവരി 25നായിരുന്നു മൂന്ന് വർഷത്തേക്കുള്ള അക്രഡിറ്റേഷൻ പ്രഖ്യാപിച്ചത്.
ഉംസലാൽ അലി കാമ്പസിൽ നടന്ന വാർത്താ സമ്മേളനത്തിൽ ചെയർമാൻ ഡേവിസ് എടക്കളത്തൂർ, വിദ്യാഭ്യാസ മന്ത്രാലയം പ്രതിനിധി കരീമ അൽ യൂസഫ്, സ്കൂൾ അക്കാദമിക് ഡയറക്ടർ പ്രതീഷ് ബെൻ, പ്രിൻസിപ്പൽ ജേക്കബ് മാത്യു എന്നിവർ പങ്കെടുത്തു. ഹെഡ്മിസ്ട്രസ് രൂപീന്ദർ കൗർ സ്വാഗതവും ലിക്സി ഫെലിക്സ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.