കടലാമകളെ വരവേൽക്കാനൊരുങ്ങി ഫുവൈരിത്
text_fieldsദോഹ: തണുപ്പ് കാലം മാറി, അന്തരീക്ഷം പതുക്കെ ചൂടുപിടിച്ചു തുടങ്ങവെ കടലാഴങ്ങൾ നീന്തി അവർ ഖത്തറിന്റെ തീരമണയുകയായി. എല്ലാ വർഷങ്ങളിലും ഏപ്രിൽ മാസത്തോടെ തുടങ്ങുന്ന കടലാമകളുടെ പ്രജനന സീസണിന് മുന്നോടിയായി ഫുവൈരിത് ബീച്ചിൽ അവർക്കുള്ള കൂടൊരുക്കത്തിനും തുടക്കമായി. വംശനാശ ഭീഷണി നേരിടുന്ന ഹോക്സ്ബിൽ കടലാമകളുടെ സംരക്ഷണം മുൻനിർത്തിയാണ് ഫുവൈരിത്ത് ബീച്ചിൽ കടലാമകൾക്കായുള്ള കൂടുകൂട്ടലിന് പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം തുടക്കംകുറിച്ചത്. ബീച്ചിൽ ശുചീകരണ പുനരധിവാസ കാമ്പയിനും മന്ത്രാലയം സംഘടിപ്പിച്ചു. പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രി ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ബിൻ തുർക്കി ചടങ്ങിൽ സംബന്ധിച്ചു.
മന്ത്രാലയത്തിന് കീഴിലെ വന്യജീവി വികസന വകുപ്പിന്റെ മേൽനോട്ടത്തിൽ നടക്കുന്ന കാമ്പയിനിൽ പരിസ്ഥിതി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ, പങ്കാളികളായ സ്ഥാപനങ്ങളിൽനിന്നുള്ള പ്രതിനിധികൾ, ബീച്ച് വൃത്തിയാക്കുന്നതിനും പുനരധിവാസ പ്രക്രിയക്കും എത്തിയ മുന്നൂറോളം സന്നദ്ധപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. കടലാമകളുടെ സംരക്ഷണപദ്ധതിക്കായി നിയുക്ത പ്രദേശത്തെ പാരിസ്ഥിതിക സംവിധാനങ്ങൾ പരിശോധിക്കുന്നതിന്റെ ഭാഗമായി മന്ത്രി ഡോ. അൽ സുബൈഈ മേഖല സന്ദർശിച്ചു. കര, സമുദ്ര പരിസ്ഥിതികളുടെ സംരക്ഷണവും സുരക്ഷയുമായി ബന്ധപ്പെട്ട പുരോഗതി അദ്ദേഹം വിലയിരുത്തുകയും ചെയ്തു.
ഖത്തർ പെട്രോളിയം (ഖത്തർ എനർജി), ഖത്തർ സർവകലാശാല എന്നിവയുടെ സഹകരണത്തോടെ 2003ലാണ് വംശനാശഭീഷണി നേരിടുന്ന ഹോക്സ്ബിൽ കടലാമകളുടെ സംരക്ഷണപദ്ധതിക്ക് ഖത്തർ തുടക്കം കുറിച്ചത്. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 50,000ത്തിലധികം കടലാമക്കുഞ്ഞുങ്ങളെ പദ്ധതിയിലൂടെ വിരിയിച്ച് കടലിലെ അവരുടെ ആവാസവ്യവസ്ഥയിലേക്കിറക്കി വിട്ടു. ഖത്തരി സമുദ്രമേഖലയിൽ കടലാമകളുടെ എണ്ണം വർധിപ്പിക്കുന്നതിൽ ഈ ശ്രമം വലിയ പങ്ക് വഹിച്ചതായി മന്ത്രി പറഞ്ഞു. കൂട്ടമായെത്തുന്ന കടലാമകൾ, പ്രകൃതിയോടിണങ്ങി ഇവിടെ ഒരുക്കുന്ന ആവാസ വ്യവസ്ഥകളിൽ താമസിച്ചാണ് മുട്ടയിടുന്നത്. ഈ സമയം ഇവിടെ മനുഷ്യ പെരുമാറ്റവും വാഹനങ്ങളുടെ സാന്നിധ്യവും വിലക്കും. സാധാരണയായി ഓരോ സീസണിലും 70 മുതല്‍ 95 മുട്ടകള്‍ വരെയാണ് ഓരോ കൂട്ടിലും ഇടുന്നത്. 52 മുതല്‍ 62 ദിവസത്തിനുള്ളില്‍ കുഞ്ഞുങ്ങള്‍ വിരിഞ്ഞിറങ്ങുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.