കണ്ടൽ സംരക്ഷണത്തിനായി പരിസ്ഥിതി മന്ത്രാലയം
text_fieldsഖത്തർ പരിസ്ഥിതി മന്ത്രാലയവും എക്സോൺ മൊബീലും കണ്ടൽപദ്ധതി കരാറിൽ ഒപ്പുവെക്കുന്നു.
ദോഹ: കണ്ടൽക്കാടുകളെക്കുറിച്ച് പഠിക്കുന്നതിനും അവ പുനരുജ്ജീവിപ്പിക്കുന്നതിനുമായി പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന മന്ത്രാലയവും എക്സോൺ മൊബീൽ റിസർച് ഖത്തറും തമ്മിൽ സഹകരണ കരാറിൽ ഒപ്പുവെച്ചു. പരിസ്ഥിതി,കാലാവസ്ഥ വ്യതിയാന മന്ത്രി ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ സുബൈഇയുടെയും എക്സോൺ മൊബീൽ ഖത്തർ പ്രസിഡന്റും ജനറൽ മാനേജറുമായ താഹിർ ഹമീദിന്റെയും സാന്നിധ്യത്തിലാണ് കരാർ ഒപ്പുവെച്ചത്.
ഖത്തർ വിഷൻ 2030, മൂന്നാമത് ദേശീയ വികസന നയം എന്നിവയുടെ ഭാഗമായ പരിസ്ഥിതി സംരക്ഷണലക്ഷ്യം ഉൾക്കൊണ്ടാണ് കണ്ടൽ പഠനവും പരിസ്ഥിതി, ജൈവവൈവിധ്യം, തീരദേശ ആവാസവ്യവസ്ഥ സംരക്ഷണത്തിനും കൈകോർക്കുന്നത്. മന്ത്രാലയത്തിനുവേണ്ടി പ്രകൃതി സംരക്ഷണ വിഭാഗം അസി.അണ്ടർ സെക്രട്ടറി ഡോ. ഇബ്റാഹിം അബ്ദുല്ലത്തീഫ് അൽ മസ്ലമാനി, എക്സോൺ മൊബീൽ റിസർച് ഖത്തറിനു വേണ്ടി ഡയറക്ടർ ഡോ. ഇസ്സ അൽ മുസ്ലഹ് എന്നിവർ കരാറിൽ ഒപ്പുവെച്ചു.
രാജ്യത്തെ കണ്ടൽകാടുകളുടെ പുനരുദ്ധാരണത്തിനായി സമഗ്ര ഭൂപടം തയാറാക്കൽ, കണ്ടൽകാടുകൾക്ക് അനുയോജ്യമായ പാരിസ്ഥിതിക സാഹചര്യങ്ങൾ പഠിക്കൽ, ചുറ്റുമുള്ള ജൈവവൈവിധ്യത്തിന്റെ ആഘാതം വിശകലനം ചെയ്യൽ, പവിഴപ്പുറ്റുകളുടെയും കടൽപുല്ലുകളുടെയും ശാസ്ത്രീയ മോഡലിങ് നടത്തൽ എന്നിവയും ഈ പദ്ധതിയിലുൾപ്പെടുന്നു.
ദേശീയ പാരിസ്ഥിതിക ശ്രമങ്ങളെ പിന്തുണക്കുന്നതിനുള്ള എക്സോൺ മൊബീൽ ഖത്തറിന്റെ ശ്രമങ്ങളുടെ ഭാഗമാണ് പരിസ്ഥിതി മന്ത്രാലയവുമായുള്ള സഹകരണമെന്ന് താഹിർ ഹമീദ് പറഞ്ഞു. അഞ്ചു വർഷത്തേക്കാണ് സഹകരണ കരാർ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.