കായിക ദിനത്തിൽ ആരോഗ്യമന്ത്രാലയവും
text_fieldsദോഹ: ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ ഹമദ് മെഡിക്കൽ കോർപറേഷൻ, പി.എച്ച്.സി.സി, നൗഫർ സെൻറർ എന്നിവയുടെ നേതൃത്വത്തിൽ കായിക ദിനാഘോഷത്തിൽ പങ്കാളികളായി. മന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരിയുടെ നേതൃത്വത്തിൽ പ്രഭാതനടത്തത്തിലൂടെയാണ് കായികദിന പരിപാടികൾക്ക് തുടക്കം കുറിച്ചത്. ഹമദ് ബിൻ ഖലീഫ മെഡിക്കൽ സിറ്റി ഉദ്യോഗസ്ഥർ, ജീവനക്കാർ എന്നിവരും പങ്കുചേർന്നു.
സമൂഹത്തിലെ വിവിധ വിഭാഗങ്ങളിൽനിന്നുള്ളവരെ പങ്കെടുപ്പിച്ച് വ്യായാമത്തിെൻറയും ചിട്ടയായ ജീവിതത്തിലൂടെ ആരോഗ്യം സംരക്ഷിക്കേണ്ടതിെൻറയും പ്രാധാന്യം ബോധ്യപ്പെടുത്തുന്നതാണ് കായികദിനത്തിെൻറ ലക്ഷ്യമെന്ന് മന്ത്രാലയം പറഞ്ഞു. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും പതിവായി വ്യായാമവും കായിക ക്ഷമതയും നിലനിർത്താനും, ഇതുസംബന്ധിച്ച് ബോധവത്കരണം നൽകാനും സുപ്രധാന പദ്ധതികൾ മന്ത്രാലയം സ്വീകരിക്കുന്നതായി ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരി പറഞ്ഞു.
രാജ്യത്തെ എല്ലാ മുനിസിപ്പാലിറ്റികളും ലോകാരോഗ്യ സംഘടയുടെ ‘ഹെൽത്തി സിറ്റി’ പദവി നേടിയ പശ്ചാത്തലത്തിലാണ് ഇത്തവണത്തെ കായികദിനമെന്നും, എല്ലാ നഗരസഭകൾക്കും ഈ പദവി ലഭിക്കുന്ന ആദ്യ രാജ്യമാണ് ഖത്തറെന്നും അവർ പറഞ്ഞു.
വ്യായാമങ്ങൾ ശീലമാക്കുക, അതിനുള്ള അടിസ്ഥാന സൗകര്യങ്ങളോടെ പാർക്കുകൾ സജ്ജമാക്കുക, കളി സ്ഥലങ്ങളും പരിശീലന വേദികളും ഒരുക്കുക, ജോഗിങ് ട്രാക്ക്, സൈക്കിൾ ട്രാക്ക് തുടങ്ങിയ നിർമിക്കുക വഴി ആരോഗ്യകരമായ ജീവിതത്തിന് എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും അവർ വിശദീകരിച്ചു. ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ ജീവനക്കാരും, കുടുംബാംഗങ്ങൾക്കുമായി വിവിധ കായിക, ബോധവത്കരണ പരിപാടികളാണ് ചൊവ്വാഴ്ച നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.