മാസ്ക് ഇനി എവിടെയും വേണ്ട
text_fieldsദോഹ: കോവിഡ് കാലത്തിന്റെ ശേഷിപ്പായി ചില ഇടങ്ങളിൽ ഏർപ്പെടുത്തിയ നിർദേശങ്ങൾ കൂടി പിൻവലിച്ചതോടെ മാസ്കിൽനിന്ന് സമ്പൂർണ മോചനമായി. ബുധനാഴ്ച ചേർന്ന മന്ത്രിസഭ യോഗത്തിലെ തീരുമാനപ്രകാരം ആരോഗ്യമന്ത്രാലയം കഴിഞ്ഞ ദിവസമാണ് അവശേഷിച്ച ഇടങ്ങളിൽനിന്ന് കൂടി മാസ്ക് നിബന്ധന പിൻവലിച്ചത്.
വ്യാപാര സ്ഥാപനങ്ങളിൽ ഉപഭോക്താക്കളുമായി ഇടപെടുന്ന ജീവനക്കാർക്കും, ആശുപത്രി-ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പ്രവേശിക്കുന്നവർക്കും ഇനി മാസ്ക് നിർബന്ധമില്ല.
2020 മാർച്ച് മാസത്തോടെ കോവിഡ് വ്യാപനം സജീവമായ കാലത്തായിരുന്നു മാസ്ക് ഉപയോഗം പതിവ് ശീലമായി മാറിയത്. ഏറെക്കാലം മാസ്ക് നിത്യജീവിതത്തിന്റെ ഭാഗമായി മാറി. കോവിഡ് വ്യാപന ഭീതി കുറഞ്ഞതോടെ നിയന്ത്രണങ്ങൾ നീക്കി മാസ്കിന്റെ ഉപയോഗം ലഘൂകരിച്ചു. പൊതു ഇടങ്ങളും സ്വകാര്യ ഇടങ്ങളിലുമെല്ലാം മാസ്ക് പടിക്കു പുറത്തായെങ്കിലും ആശുപത്രിയിൽ പ്രവേശിക്കുമ്പോൾ മാസ്ക് അണിയണമെന്ന നിർദേശം നിലനിന്നിരുന്നു. കോവിഡ് ഭീതി പൂർണമായി മാറിയ സാഹചര്യത്തിലും മുൻകരുതൽ എന്നനിലയിൽ ആശുപത്രിയിൽ മാസ്ക് ഉപയോഗം തുടർന്നു. ഏറ്റവും ഒടുവിലാണിപ്പോൾ മന്ത്രിസഭ അവലോകന യോഗത്തിന്റെ നിർദേശപ്രകാരം അതും ഒഴിവാക്കിയത്.
അതേസമയം, പനി, ചുമ, ജലദോഷം ഉൾപ്പെടെ ശാരീരിക ബുദ്ധിമുട്ടുകളുള്ളവർ രോഗികളെ സന്ദർശിക്കാനായി ആശുപത്രികളിലെത്തരുതെന്ന് ആരോഗ്യ മന്ത്രാലയം ജാഗ്രതാ നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.