'ഹെൽത്തി ലോകകപ്പ്' വെബ്സൈറ്റുമായി ആരോഗ്യ മന്ത്രാലയം
text_fieldsദോഹ: ഖത്തർ ലോകകപ്പിന്റെ ആരോഗ്യ വിശേഷങ്ങൾ ജനങ്ങളിലേക്കെത്തിക്കുകയെന്ന ലക്ഷ്യം മുൻനിർത്തി പൊതുജനാരോഗ്യ മന്ത്രാലയം പുതിയ വെബ്സൈറ്റ് പുറത്തിറക്കി. ലോകാരോഗ്യ സംഘടന, ഫിഫ, പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി എന്നിവരുമായി സഹകരിച്ച് 'ഹെൽത്തി ഫിഫ വേൾഡ് കപ്പ് ഖത്തർ 2022-ക്രിയേറ്റിങ് എ ലെഗസി ഫോർ സ്പോർട്ട് ആൻഡ് ഹെൽത്ത്'എന്ന പേരിലാണ് പുതിയ വെബ്സൈറ്റ് പുറത്തിറക്കിയിരിക്കുന്നത്.
ആരോഗ്യകരമായ ലോകകപ്പ് ഉറപ്പാക്കുന്നതിന് ലോകാരോഗ്യ സംഘടന, ഫിഫ, സുപ്രീം കമ്മിറ്റി എന്നിവരുമായി ചേർന്ന് ആരോഗ്യ മന്ത്രാലയം ഒപ്പുവെച്ച മൂന്നു വർഷത്തെ പങ്കാളിത്ത കരാറിന്റെ ഭാഗമാണ് പുതിയ വെബ്സൈറ്റ്. മാനസിക, ശാരീരിക ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുക, ഭാവിയിലെ വലിയ കായിക ചാമ്പ്യൻഷിപ്പുകൾ ആരോഗ്യകരവും സുരക്ഷിതവുമാക്കുന്നതിനുള്ള മാതൃകയായി മാറുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് 2021 ഒക്ടോബറിൽ ഫിഫ, ലോകാരോഗ്യ സംഘടന, സുപ്രീം കമ്മിറ്റി എന്നിവരുമായി മന്ത്രാലയം പങ്കാളിത്ത കരാർ ആരംഭിച്ചത്.
ലോകാരോഗ്യ സംഘടന, ഫിഫ, സുപ്രീം കമ്മിറ്റി എന്നിവരുമായുള്ള പങ്കാളിത്തം അഭിമാനകരമായ നേട്ടമാണെന്നും ഖത്തറിൽനിന്നുള്ളവരുൾപ്പെടെയുള്ള ഫുട്ബാൾ ആരാധകരിൽ ലോകകപ്പിനെ ഉപയോഗപ്പെടുത്തി ആരോഗ്യകരമായ ജീവിതശൈലിയെ പ്രോത്സാഹിപ്പിക്കുകയും സുരക്ഷിതവും ആരോഗ്യകരവുമായ ലോകകപ്പ് അനുഭവം നൽകുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും സുപ്രീം ഹെൽത്ത് കെയർ കമ്യൂണിക്കേഷൻ സമിതി ചെയർമാൻ അലി അബ്ദുല്ല അൽ ഖാതിർ പറഞ്ഞു.
സ്റ്റേഡിയത്തിനകത്തും ഫാൻ സോണുകളിലും ആരോഗ്യകരമായ ഭക്ഷ്യവിഭവങ്ങൾ ലഭ്യമാക്കുക, സ്റ്റേഡിയത്തിലും ഫാൻസോണുകളിലും മറ്റിടങ്ങളിലും പുകയില ഉൽപന്നങ്ങൾ ഉപയോഗിക്കുന്നത് തടയുന്നത് കാര്യക്ഷമമാക്കുക, ഇതുമായി ബന്ധപ്പെട്ട് രാജ്യങ്ങളുമായി കൂടുതൽ സഹകരണ കരാറുകളിൽ ഏർപ്പെടുക, അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുമായുള്ള സഹകരണം തുടങ്ങിയവയാണ് പ്രധാനമായും മുന്നോട്ടുവെക്കുന്ന പ്രധാന കാര്യങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.