കാൻസർ ഇൻഫർമേഷൻ സെൻററുമായി ആരോഗ്യ മന്ത്രാലയം
text_fieldsദോഹ: ഖത്തറിൽനിന്നും മറ്റു ജി.സി.സി രാജ്യങ്ങളിൽനിന്നുമുള്ള അക്കാദമീഷ്യരെയും സ്പെഷലിസ്റ്റുകളെയും ഉൾപ്പെടുത്തി ഖത്തർ കാൻസർ ഇൻഫർമേഷൻ സെൻററുമായി പൊതുജനാരോഗ്യ മന്ത്രാലയം രംഗത്ത്.
സമഗ്രമായതും ഗുണനിലവാരത്തോടെയുമുള്ള വിവരങ്ങൾ നൽകുന്നതിലൂടെ ക്ലിനിക്കൽ ഗവേഷണം മെച്ചപ്പെടുത്തുന്നതോടൊപ്പം വിവരാധിഷ്ഠിത തെളിവുകൾ അടിസ്ഥാനമാക്കിയുള്ള അർബുദ ആസൂത്രണവും നയരൂപവത്കരണവും സാധ്യമാക്കുന്നതിന് രാജ്യത്തെ ദേശീയ അർബുദ വിവരങ്ങളുടെ റഫറൻസായി ഖത്തർ കാൻസർ ഇൻഫർമേഷൻ സെൻററിനെ (ക്യു.സി.ഐ.സി) പരിഗണിക്കും.
പൊതു സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച് കാൻസർ ചികിത്സാരംഗത്ത് തന്ത്രപ്രധാന പദ്ധതികൾ വികസിപ്പിച്ചതായി മന്ത്രാലയത്തിലെ ആരോഗ്യകാര്യ സഹമന്ത്രി ഡോ. സാലിഹ് അലി അൽ മർറി പറഞ്ഞു. രാജ്യത്ത് കാൻസർ
ചികിത്സാ സേവനങ്ങൾ വികസിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും സമൂഹത്തിൽ അതിന്റെ സ്വാധീനവും അദ്ദേഹം വ്യക്തമാക്കി. ദേശീയ കാൻസർ സ്ട്രാറ്റജി 2011-2016, നാഷനൽ കാൻസർ ചട്ടക്കൂട് 2017-2022 എന്നിവയിലൂടെ കൈവരിച്ച നേട്ടമാണ് ഖത്തർ കാൻസർ ഇൻഫർമേഷൻ സെൻററെന്നും ഡോ. അൽ മർരി ചൂണ്ടിക്കാട്ടി.
അർബുദ രോഗികൾക്ക് നൽകുന്ന ചികിത്സയുടെയും ആരോഗ്യ സേവനങ്ങളുടെയും പുരോഗതി ഉറപ്പാക്കുന്നതിനും രോഗം സംബന്ധിച്ച് ബോധവത്കരണം ശക്തമാക്കുന്നതിനും ആരോഗ്യ പ്രവർത്തകരും ഗവേഷകരും തമ്മിൽ ബന്ധപ്പെടുത്തുന്നതിന് ഇൻഫർമേഷൻ സെൻറർ പ്രവർത്തിക്കുമെന്നും ഡോ. അൽ മർറി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.