തൊഴിൽമന്ത്രാലയത്തിലെത്തിയത് 32,438 റിക്രൂട്ട്മെന്റ് അപേക്ഷകൾ
text_fieldsദോഹ: പുതിയ റിക്രൂട്ട്മെന്റുകൾക്കായി തൊഴിൽമന്ത്രാലയത്തിൽ കഴിഞ്ഞമാസം ലഭിച്ചത് 32,438 അപേക്ഷകൾ. ആകെ അപേക്ഷകളിൽ 31,483 എണ്ണത്തിന് അംഗീകാരം നൽകിയപ്പോൾ 955 അപേക്ഷകൾ തള്ളിയതായും മന്ത്രാലയം അറിയിച്ചു. 2023 മേയിലെ പ്രതിമാസ സ്ഥിതിവിവരക്കണക്ക് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. തൊഴിൽമേഖലയിലെ പ്രധാന സ്ഥിതിവിവരക്കണക്കുകളും തൊഴിൽ നിയമവ്യവസ്ഥക്ക് വിധേയമായുള്ള പരിശോധനകളും റിപ്പോർട്ടിലുൾപ്പെടും.
തൊഴിൽപരിഷ്കരണത്തിനായി മന്ത്രാലയത്തിന് മുമ്പാകെ 4175 അപേക്ഷകൾ എത്തിയതായും ഇതിൽ 38 അപേക്ഷകൾക്കൊഴികെ ബാക്കിയുള്ളവക്ക് അംഗീകാരം നൽകിയതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
തൊഴിൽ പെർമിറ്റ് പുതുക്കാൻ 1084 അപേക്ഷകളും പുതിയ പെർമിറ്റിനായി 86 അപേക്ഷകളും, റദ്ദാക്കുന്നതിനായി 320 അപേക്ഷകളും ഉൾപ്പെടെ വർക് പെർമിറ്റ് വിഭാഗത്തിൽ മന്ത്രാലയത്തിന് മേയിൽ 1490 അപേക്ഷകളാണ് ലഭിച്ചത്. തൊഴിൽ റിക്രൂട്ട്മെന്റ് ഓഫിസുകളുമായി ബന്ധപ്പെട്ട്, മേയിൽ 159 ഓഫിസുകൾ പരിശോധിച്ചു. അതിൽ അഞ്ച് ഓഫിസുകൾ നിയമലംഘനം നടത്തിയതായും നിർദേശങ്ങൾ പാലിക്കാത്തതിനാൽ ഒരു ഓഫിസിനെ ശാസിച്ചതായും റിപ്പോർട്ടിൽ വ്യക്തമാക്കി.തൊഴിൽവിപണിയുമായി ബന്ധപ്പെട്ട നിയമ വ്യവസ്ഥകൾ സ്ഥാപനങ്ങൾ പാലിക്കുന്നത് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി 3857 പരിശോധനകളാണ് നടത്തിയത്.
വിവിധ നിയമലംഘനങ്ങളിൽ 613 കമ്പനികൾക്ക് മുന്നറിയിപ്പ് നൽകുകയും 63 കമ്പനികൾ കടുത്ത നിയമലംഘനം നടത്തിയതായും മന്ത്രാലയം അറിയിച്ചു. തൊഴിലുടമക്കെതിരെ തൊഴിലാളികളിൽനിന്ന് കഴിഞ്ഞ മാസം മന്ത്രാലയത്തിലെ തൊഴിൽതർക്ക പരിഹാസ സമിതിക്ക് മുമ്പാകെ എത്തിയത് 2566 പരാതികളാണ്. ഇതിൽ 578 പരാതികൾ തീർപ്പാക്കിയപ്പോൾ 13 പരാതികൾ മേൽസമിതികളിലേക്ക് റഫർ ചെയ്യുകയും 1976 പരാതികളിലെ നടപടികൾ തുടരുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി.
അതേസമയം, തൊഴിലുടമക്കെതിരെ ഗാർഹിക തൊഴിലാളികൾ 64 പരാതികൾ നൽകിയതായി റിപ്പോർട്ടിൽ പറയുന്നു. ഇതിൽ 22 എണ്ണം തീർപ്പാക്കിയപ്പോൾ 41 പരാതികളിൽ നടപടികൾ തുടരുന്നുവെന്നും ഒരു പരാതി തർക്ക പരിഹാര സമിതിക്ക് മുമ്പാകെ സമർപ്പിച്ചതായും മന്ത്രാലയം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.