കൂടുതൽ പാർക്കുകൾ തുറക്കാൻ മുനിസിപ്പാലിറ്റി മന്ത്രാലയം
text_fieldsഅടുത്തിടെ ഉദ്ഘാടനം കഴിഞ്ഞ റൗദത്തുൽ ഹമാമ പാർക്ക്
ദോഹ: രാജ്യത്തെ വിവിധ മുനിസിപ്പാലിറ്റികളിൽ കൂടുതൽ പൊതുപാർക്കുകൾ തുറക്കാനുള്ള പദ്ധതിയുമായി മുനിസിപ്പാലിറ്റി മന്ത്രാലയം. മന്ത്രാലയത്തിലെ പബ്ലിക് പാർക്സ് വകുപ്പ് മേധാവി മുഹമ്മദ് ഇബ്റാഹിം അൽ സാദയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പുതിയ പാർക്കുകൾ വരുന്നതോടെ രാജ്യത്തെ പൊതു പാർക്കുകളുടെ എണ്ണം 160 ആയി ഉയരും. 26 ലക്ഷം ചതുരശ്രമീറ്റർ ആകെ വിസ്തീർണ്ണത്തിൽ നിലവിൽ 122 പൊതു പാർക്കുകളാണ് രാജ്യത്തുള്ളത്. പാർക്കുകൾ, ചത്വരങ്ങൾ, കോർണിഷുകൾ എന്നിവയുൾപ്പെടെ 31.9 ലക്ഷം ചതുരശ്രമീറ്റർ വിസ്തീർണ്ണത്തിൽ 151 പൊതു ഇടങ്ങൾ നിലവിലുണ്ട്.
പൊതുപാർക്കുകൾ സ്വദേശികളും താമസക്കാരും ഉൾപ്പെടെ പൊതുജനങ്ങളുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറുന്ന സാഹചര്യത്തിലാണ് കൂടുതൽ പാർക്കുകൾ തുറക്കാൻ അധികൃതർ ഒരുങ്ങുന്നത്.
റമദാനിലും പൊതു പാർക്കുകളിലെ വലിയ പങ്കാളിത്തം ശ്രദ്ധേയമാണെന്ന് അൽ സാദ പറഞ്ഞു. ഇരിപ്പിടങ്ങൾ, പ്രാർഥനാ മുറികൾ, വിശ്രമമുറികൾ, വിനോദ സൗകര്യങ്ങൾ തുടങ്ങി നിരവധി സൗകര്യങ്ങളും സംവിധാനങ്ങളും പാർക്കുകളിൽ സന്ദർശകർക്കായി സജ്ജമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാർക്കുകളിൽ സന്ദർശകർക്ക് സുരക്ഷിതവും സുഖകരവുമായ അന്തരീക്ഷം ഉറപ്പാക്കുന്നതിന് പിന്നിൽ പ്രവർത്തിക്കുന്നവർക്ക് നന്ദി അറിയിക്കുന്നതായും, പാർക്കുകളിലേക്കുള്ള സന്ദർശകരുടെ എണ്ണത്തിൽ അഭൂതപൂർവമായ വർധനവ് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വലിയ പരാതികളൊന്നും ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലാത്തതിനാൽ നൽകുന്ന സേവനങ്ങളിൽ പൊതുജന സംതൃപ്തി വളരെ ഉയർന്ന തലത്തിലാണെന്നും ഏത് പരാതികളും സ്വീകരിക്കാനും പരിഹരിക്കാനും അധികൃതർ സജ്ജമാണെന്നും പൊതുപാർക്ക് വകുപ്പ് മേധാവി അഭിപ്രായപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.