ഭിന്നശേഷി സൗഹൃദ സ്കൂളുകളുമായി മന്ത്രാലയം
text_fieldsദോഹ: ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് ഔപചാരിക വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന്റെ ഭാഗമായി 82 സ്കൂളുകളിൽ പ്രത്യേകം ക്ലാസ് മുറികൾ ഒരുക്കി ഖത്തർ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം. വിവിധ ശാരീരിക അവശതകൾ നേരിടുന്ന വിദ്യാർഥികളെ മുഖ്യധാരാ വിദ്യാഭ്യാസത്തിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് രാജ്യത്തെ വിവിധ സ്കൂളുകളിലെ ക്ലാസ് മുറികൾ ഭിന്നശേഷി സൗഹൃദമാക്കി മാറ്റുന്നത്. ഈ മേഖലയിൽ വലിയ നേട്ടങ്ങളാണ് മന്ത്രാലയം കൈവരിച്ചിരിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിലെ പ്രത്യേക വിദ്യാഭ്യാസ വകുപ്പിലെ മനാ അൽ ഹബാബി പറഞ്ഞു. ഭിന്നശേഷിയുള്ള വിദ്യാർഥികൾക്കായി രാജ്യത്തുടനീളം പ്രവർത്തിക്കുന്ന 70 സ്പെഷലൈസ്ഡ് റെഗുലർ സ്കൂളുകളിൽ ക്ലാസുകൾ തയാറാക്കിയതായും വ്യക്തമാക്കി. കാഴ്ചവൈകല്യമുള്ള വിദ്യാർഥികളുടെ പഠനത്തിനായി നാല് സ്കൂളുകളിലേക്കും കേൾവിക്കുറവുള്ളവർക്കായി രണ്ട് സ്കൂളുകളിലേക്കും ഈ സംരംഭങ്ങൾ വ്യാപിപ്പിച്ചതായി ഖത്തർ ടി.വിക്ക് നൽകിയ അഭിമുഖത്തിൽ അൽ ഹബാബി കൂട്ടിച്ചേർത്തു.
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി അൽ ഹിദായ സ്കൂൾ ഫോർ സ്പെഷൽ നീഡ്സ് എന്ന പേരിൽ രണ്ട് കിന്റർഗാർട്ടനുൾപ്പെടെ ആറ് സ്കൂളുകൾ സ്ഥാപിച്ചിട്ടുണ്ട്. ഭിന്നശേഷി സൗഹൃദമായ ഇത്തരം സ്കൂളുകൾ അവർക്കാവശ്യമായ പിന്തുണ ഉറപ്പാക്കുന്നതിന് വിവിധ പരിപാടികളാണ് വാഗ്ദാനം ചെയ്യുന്നത്. നേരത്തെയുള്ള ഇടപെടൽ മുതൽ തൊഴിലധിഷ്ഠിത, വ്യക്തിഗത വിദ്യാഭ്യാസം, കുടുംബ പിന്തുണ, സെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്ക് അവരുടെ കഴിവുകൾക്കും താൽപര്യങ്ങൾക്കും അനുയോജ്യമായ സാങ്കേതിക മാർഗങ്ങൾ വരെ ഇവിടെ ഉറപ്പുനൽകുന്നുവെന്നും മനാ അൽ ഹബാബി വിശദീകരിച്ചു.
മതിയായ യോഗ്യതയുള്ള ഭിന്നശേഷിക്കാരായ അധ്യാപകർ ഈ സ്കൂളുകളിൽ പ്രവർത്തിക്കുന്നുണ്ട്. സെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്ക് സാങ്കേതികവും, തൊഴിൽപരവുമായ മേഖലകളിലെ വിദ്യാഭ്യാസവും ഇവിടെ നൽകുന്നു. പ്രാദേശിക സർവകലാശാലകളുമായി സഹകരിച്ച് പ്രഫഷനൽ ഡിപ്ലോമ കോഴ്സുകളിലൂടെ കൂടുതൽ പ്രഫഷനൽ വളർച്ചക്കുള്ള അവസരമാണ് ഇതിലൂടെ മന്ത്രാലയം നൽകുന്നത്. അൽ ഹിദായ പോലുള്ള പൊതു സ്കൂളുകൾ ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് അനുയോജ്യമായ ശ്രദ്ധയും പരിചരണവും നൽകുന്നതോടൊപ്പം അവരുടെ പുനരധിവാസവും മുഖ്യധാരാ ജീവിതത്തിലേക്കുള്ള അവരുടെ പ്രവേശനവും ഉറപ്പുനൽകുന്നു -അൽ ഹബാബി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.