റിയൽ എസ്റ്റേറ്റ് മേഖലക്ക് ഉത്തേജനമാവാൻ ‘അഖാറാത്തുമായി’ മന്ത്രാലയം
text_fieldsദോഹ: രാജ്യത്തെ റിയൽ എസ്റ്റേറ്റ് മേഖലയുടെ വളർച്ച ലക്ഷ്യമിട്ട് പുതിയ നയവുമായി മുനിസിപ്പാലിറ്റി മന്ത്രാലയം. മൂന്നാം ദേശീയ വികസന നയത്തിനനുസൃതമായി റിയൽ എസ്റ്റേറ്റ് മേഖലയെ നിയന്ത്രിക്കാനും ഉത്തേജിപ്പിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായി റിയൽ എസ്റ്റേറ്റ് അതോറിറ്റി-അഖാറാത്ത് നയം മുനിസിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിൻ ഹമദ് ബിൻ അബ്ദുല്ല അൽ അതിയ്യ പുറത്തിറക്കി.
നീതിന്യായ മന്ത്രി ഇബ്രാഹിം ബിൻ അലി അൽ മുഹന്നദി പങ്കെടുത്തു. റിയൽ എസ്റ്റേറ്റ് മേഖലയിലേക്ക് കൂടുതൽ നിക്ഷേപം ആകർഷിക്കുകയും, ഉത്തേജനം നൽകുകയുമാണ് ‘അഖാറാത്ത്’ വഴി ലക്ഷ്യമിടുന്നത്. വരുമാന വൈവിധ്യവത്കരണം, സുസ്ഥിര വികസനം, നിക്ഷേപ സൗഹൃദ അന്തരീക്ഷം എന്നിവ കൈവരിക്കാൻ ലക്ഷ്യമിട്ടാണ് പുതിയ തന്ത്രമെന്ന് അഖാറാത്ത് പ്രസിഡന്റ് എൻജി. ഖാലിദ് ബിൻ അഹ്മദ് അൽ ഉബൈദലി പറഞ്ഞു. ഗതാഗതം, വാർത്തവിനിമയം, ലോജിസ്റ്റിക്സ് എന്നീ മേഖലകളിലുടനീളമുള്ള രാജ്യത്തിന്റെ നൂതന അടിസ്ഥാന സൗകര്യങ്ങളെ പ്രയോജനപ്പെടുത്തി, ഒരു ദേശീയ റിയൽ എസ്റ്റേറ്റ് പദ്ധതി വികസിപ്പിക്കുന്നത് ഉൾപ്പെടെയുള്ള സ്തംഭങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ മൾട്ടി ഇനിഷ്യേറ്റിവ് സ്ട്രാറ്റജി.
‘അഖാറാത്ത്’ സുസ്ഥിര വികസനം വർധിപ്പിക്കുകയും പ്രാദേശിക അന്തർദേശീയ തലങ്ങളിൽ റിയൽ എസ്റ്റേറ്റ് വിപണിയുടെ ഉദ്ദേശ്യങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കുകയും പ്രത്യേക സമിതി മുഖേന നിയമനിർമാണവും നിർവഹണവും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. സുതാര്യത ഉറപ്പാക്കുന്നതിന് റിയൽ എസ്റ്റേറ്റ് ഡെവലപ്മെന്റ് രജിസ്ട്രി സൃഷ്ടിക്കുക, എക്സ്ക്രോ അക്കൗണ്ടിങ് സംരംഭത്തിന് മേൽനോട്ടം വഹിക്കുക, തർക്കപരിഹാര സമിതിയെ സജീവമാക്കുക എന്നിവയും അഖാറാത്തിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.